സൂപ്പർ താരം ഇനി ‘അൺ ക്യാപ്ഡ്’, ചെന്നൈ നാലു കോടി നൽകിയാൽ മതി; ധോണിക്കായി നിയമം മാറ്റി?
Mail This Article
ന്യൂഡൽഹി ∙ സൂപ്പർ താരം എം.എസ്.ധോണി ഇത്തവണ ഐപിഎലിൽ മത്സരിക്കുക അൺ ക്യാപ്ഡ് പ്ലെയറായി.കഴിഞ്ഞ 5 വർഷമായി രാജ്യാന്തര മത്സരങ്ങൾ കളിക്കാതിരിക്കുകയോ ബിസിസിഐയുടെ സെൻട്രൽ കരാറിൽ 5 വർഷമായി ഇല്ലാതിരിക്കുകയോ ചെയ്യുന്ന താരങ്ങളെ അൺ ക്യാപ്ഡ് പ്ലെയറായി ഉൾപ്പെടുത്താമെന്ന് ഐപിഎൽ ഗവേണിങ് കമ്മിറ്റി അറിയിച്ചു. ഇന്ത്യൻ ആഭ്യന്തര താരങ്ങൾ ഉൾപ്പെടുന്ന വിഭാഗമാണിത്.
ഇതോടെ ചെന്നൈ സൂപ്പർ കിങ്സിന് ഔദ്യോഗികമായി 4 കോടി രൂപ മാത്രം നൽകി ധോണിയെ ടീമിൽ നിലനിർത്താം. ധോണിയുടെ ഒഴിവിലേക്ക് രാജ്യാന്തര ക്രിക്കറ്റിൽ സജീവമായ ഒരു കളിക്കാരനെ ടീമിലെടുക്കുകയും ചെയ്യാം. 2019ലാണ് നാൽപത്തിമൂന്നുകാരനായ ധോണി രാജ്യാന്തര കരിയർ അവസാനിപ്പിച്ചത്. ധോണിക്കു വേണ്ടിയാണ് അൺ ക്യാപ്ഡ് പ്ലെയർ നിയമത്തിൽ മാറ്റം വരുത്തിയതെന്നും ആക്ഷേപമുണ്ട്.
നിലനിർത്താൻ 75 കോടി
മെഗാ ലേലത്തിനു മുൻപ് ടീമുകൾക്ക് നിലനിർത്താവുന്ന താരങ്ങളുടെ എണ്ണം 6 ആയി ഉയർത്തി ഐപിഎൽ ഗവേണിങ് കമ്മിറ്റി. ഇവരെ നേരിട്ടോ റൈറ്റ് ടു മാച്ച് (ആർടിഎം) വഴി ലേലത്തിൽ എടുക്കുകയോ ചെയ്യാം. 2022ൽ നടന്ന മെഗാ ലേലത്തിൽ ഇത് നാലായിരുന്നു. 5 താരങ്ങൾക്കുമായി 75 കോടി രൂപ നീക്കിവയ്ക്കണം. ആകെയുള്ള 120 കോടിയിൽ നിന്ന് 75 കോടി ഇത്തരത്തിൽ പോകുമ്പോൾ, ബാക്കി 45 കോടി രൂപയാണ് മെഗാ ലേലത്തിൽ ടീമുകൾക്ക് പരമാവധി ചെലവഴിക്കാൻ സാധിക്കുക. നിലനിർത്തുന്ന താരങ്ങൾ ഇന്ത്യക്കാരാകണമെന്ന് നിർബന്ധമില്ല. എന്നാൽ പരമാവധി 5 ക്യാപ്ഡ് താരങ്ങളെയും (5 വർഷത്തിനുള്ളിൽ രാജ്യാന്തര മത്സരം കളിച്ചവർ) 2 അൺ ക്യാപ്ഡ് (ഇന്ത്യൻ ആഭ്യന്തര താരങ്ങളും വിരമിച്ചവരും) താരങ്ങളെയും മാത്രമേ ടീമുകൾക്ക് നിലനിർത്താൻ കഴിയൂ. കുറഞ്ഞത് 18 താരങ്ങളും പരമാവധി 25 താരങ്ങളും ഓരോ ടീമിലും നിർബന്ധമായി വേണം.
മുങ്ങിയാൽ വിലക്ക്
ലേലത്തിൽ പങ്കെടുത്ത ശേഷം കുറഞ്ഞ തുകയാണ് ലഭിക്കുന്നതെങ്കിൽ സീസണിൽ നിന്നു വിട്ടുനിൽക്കുന്നത് പതിവാക്കിയ വിദേശ താരങ്ങളെ പൂട്ടാൻ ഐപിഎൽ. കൃത്യമായ കാരണം കൂടാതെ സീസൺ ഉപേക്ഷിക്കുന്ന വിദേശ താരങ്ങളെ 2 വർഷത്തേക്ക് വിലക്കും. ലേലത്തിൽ റജിസ്റ്റർ ചെയ്യാതിരുന്നാൽ അടുത്ത വർഷത്തെ ലേലത്തിൽ പങ്കെടുക്കാൻ സാധിക്കില്ല.
മാച്ച് ഫീ 7.50 ലക്ഷം
ഇത്തവണ ഐപിഎൽ ടീമുകളുടെ ഭാഗമാകുന്ന താരങ്ങൾക്ക് ഓരോ മത്സരത്തിലും മാച്ച് ഫീ ഇനത്തിൽ 7.50 ലക്ഷം രൂപ ലഭിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. ഇതോടെ സീസണിൽ ശമ്പളത്തിനു പുറമേ, എല്ലാ മത്സരങ്ങളും കളിക്കുന്ന ഒരു താരത്തിന് 1.05 കോടി രൂപ ആകെ മാച്ച് ഫീയായി കിട്ടും.
ഒന്നാമന് 18 കോടി
നിലനിർത്തുന്ന താരങ്ങളിൽ ആദ്യത്തെയാൾക്ക് 18 കോടി രൂപ ലഭിക്കും. രണ്ടാമന് 14 കോടി, മൂന്നാമന് 11 കോടി എന്നിങ്ങനെയാണ് ശമ്പളമായി നൽകുക. ഇനി 5 താരങ്ങളെ നിലനിർത്താൻ തീരുമാനിച്ചാൽ 4,5 താരങ്ങൾക്ക് യഥാക്രമം 18, 14 കോടി രൂപ വീതം നൽകേണ്ടിവരും. ആറാമത്തെ താരം അൺ ക്യാപ്ഡ് ആയതിനാൽ 4 കോടി രൂപ നൽകിയാൽ മതിയാകും.
ഇംപാക്ട് പ്ലെയർ തുടരും
ഏറെ വിമർശനങ്ങൾ കേട്ട ഇംപാക്ട് പ്ലെയർ നിയമം ഇത്തവണയും തുടരും. 2023ലാണ്, മത്സരത്തിനിടെ ഇരു ടീമുകൾക്കും ഒരു താരത്തെ പിൻവലിച്ച് മറ്റൊരു താരത്തെ കളിപ്പിക്കാൻ അവസരം നൽകുന്ന ഇംപാക്ട് പ്ലെയർ നിയമം ഐപിഎലിൽ ഉൾപ്പെടുത്തിയത്. ഇതിനെതിരെ ചില താരങ്ങൾ പരാതി ഉന്നയിച്ചതോടെ ഇത്തവണത്തെ ഐപിഎലിൽ ഇംപാക്ട് പ്ലെയറെ ഒഴിവാക്കുമെന്നു സൂചനയുണ്ടായിരുന്നു. എന്നാൽ മത്സരങ്ങൾ കൂടുതൽ ആവേശകരമാക്കാൻ ഇംപാക്ട് പ്ലെയർ നിയമം വഴി സാധിക്കുമെന്നാണ് കമ്മിറ്റിയുടെ നിരീക്ഷണം.