ADVERTISEMENT

കാൻപുർ∙ ആദ്യ ദിവസം കളി നടന്നത് വെറും 35 ഓവർ, രണ്ടും മൂന്നും ദിനങ്ങളിൽ ഒരു പന്തുപോലും എറിയാൻ സാധിക്കാതെ ഈ ദിവസങ്ങളിലെ കളി ഉപേക്ഷിച്ചു... സ്വാഭാവികമായും സമനിലയിൽ അവസാനിക്കേണ്ട ഒരു ടെസ്റ്റ് മത്സരത്തിനാണ്, ‘ട്വന്റി20 സ്റ്റൈൽ’ പ്രകടനത്തിലൂടെ ഇന്ത്യ റിസൾട്ട് ഉണ്ടാക്കിയത്. ടെസ്റ്റ് മത്സരങ്ങൾക്ക് സമീപകാലത്ത് ആദ്യത്തെ രണ്ടും മൂന്നും ദിവസം കൊണ്ട് റിസൾട്ട് ഉണ്ടാക്കുന്ന ഇന്ത്യൻ ശൈലി ചർച്ചയായിരിക്കെയാണ്, ഇത്തവണ അവസാന രണ്ടു ദിവസത്തെ ഐതിഹാസിക പ്രകടനത്തിലൂടെ ടീം ഇന്ത്യ വിജയം പിടിച്ചെടുത്തത്. ഗൗതം ഗംഭീർ എന്ന പരിശീലകനു കീഴിൽ ടീമിലെ 11 താരങ്ങളും ഒത്തൊരുമിച്ചു പൊരുതിയപ്പോൾ ഇന്ത്യ സ്വന്തമാക്കിയത് നിർണായക വിജയം. മോശം ഗ്രൗണ്ട് എന്ന പേരിൽ ഏറെ പഴികേട്ട കാൻപുർ ഗ്രീൻപാർക്ക് സ്റ്റേഡിയത്തിൽ ബംഗ്ലദേശിനെതിരെ ഏഴു വിക്കറ്റു വിജയമാണ് രോഹിത് ശർമയും സംഘവും സ്വന്തമാക്കിയത്.

അവസാന ദിവസം സമനിലയ്ക്കു വേണ്ടി പൊരുതിയ ബംഗ്ലദേശിനെ 146 ന് ചുരുട്ടിക്കെട്ടിയ ഇന്ത്യ, 95 റൺസ് വിജയലക്ഷ്യത്തിലേക്ക് 17.2 ഓവറിൽ മൂന്നു വിക്കറ്റു മാത്രം നഷ്ടത്തിൽ എത്തി. നാട്ടിൽ ഇന്ത്യയുടെ തുടർച്ചയായ 18–ാം ടെസ്റ്റ് പരമ്പര വിജയമാണിത്. ഇതോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ഇന്ത്യയ്ക്ക് 12 പോയിന്റ് കൂടിയായി. 11 മത്സരങ്ങൾ കഴിയുമ്പോൾ 74.24 ആണ് ഇന്ത്യയുടെ പോയിന്റ് ശതമാനം. തുടർച്ചയായ മൂന്നാം ഫൈനലിലേക്ക് ഇന്ത്യ കുറച്ചുകൂടി അടുത്തുവെന്ന് ചുരുക്കം.

∙ 312 പന്തു നേരിട്ട് നേടിയ വിജയം!

കാൻപുർ ടെസ്റ്റിൽ ഇന്ത്യയുടെ അസാമാന്യ പ്രകടനം ടീമിന് ഒട്ടേറെ റെക്കോർഡുകളും നേടിക്കൊടുത്തു. ഒരു ടെസ്റ്റ് മത്സരത്തിന്റെ രണ്ട് ഇന്നിങ്സുകളും ചേർത്താൽ ഏറ്റവും ഉയർന്ന റൺശരാശരിയെന്ന റെക്കോർഡ് ഈ മത്സരത്തിലൂടെ ഇന്ത്യ സ്വന്തമാക്കി. 7.36 ശരാശരിയിലാണ് ഇന്ത്യ ഈ ടെസ്റ്റിൽ ബാറ്റു ചെയ്തത്. പിന്നിലാക്കിയത് 2005ൽ സിംബാബ്‍വെയ്ക്കെതിരെ 6.80 ശരാശരിയിൽ ബാറ്റു ചെയ്ത് വിജയം നേടിയ ദക്ഷിണാഫ്രിക്കയെ. രണ്ടു ദിവസം പൂർണമായും നഷ്ടമായിട്ടും ടെസ്റ്റിൽ ഒരു ടീം വിജയം നേടുന്ന ചരിത്രത്തിലെ എട്ടാമത്തെ മത്സരം കൂടിയാണിത്. 2021ൽ ന്യൂസീലൻഡിനെതിരെ തോറ്റിട്ടുണ്ടെങ്കിലും, ഇന്ത്യ ഇത്തരത്തിൽ വിജയം നേടുന്നത് ഇതാദ്യം.

ഇന്ത്യൻ താരങ്ങൾ പരമ്പര വിജയികൾക്കുള്ള ട്രോഫിയുമായി. Photo: X@BCCI
ഇന്ത്യൻ താരങ്ങൾ പരമ്പര വിജയികൾക്കുള്ള ട്രോഫിയുമായി. Photo: X@BCCI

രണ്ട് ഇന്നിങ്സിലുമായി വെറും 312 പന്തുകൾ മാത്രം ബാറ്റു ചെയ്താണ് ഇന്ത്യ ഈ ടെസ്റ്റിൽ വിജയം പിടിച്ചെടുത്തത്. അതായത് 52 ഓവർ. ഏറ്റവും കുറവ് പന്തുകൾ ബാറ്റു ചെയ്ത് നേടിയ ടെസ്റ്റ് വിജയങ്ങളിൽ നാലാം സ്ഥാനത്താണ് ഇന്ത്യയുടെ ഈ വിജയം. 276 പന്തുകൾ മാത്രം ബാറ്റു ചെയ്ത് 1935ൽ വെസ്റ്റിൻഡീസിനെതിരെ ബ്രിജ്ടൗണിൽ വിജയം നേടിയ ഇംഗ്ലണ്ടാണ് ഒന്നാമത്. 281 പന്തിൽ ഈ വർഷം കേപ്ടൗണിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ നേടിയ വിജയം രണ്ടാമതുണ്ട്. 2005ൽ 300 പന്തുകൾ മാത്രം ബാറ്റു ചെയ്ത് സിംബാബ്‍വെയ്‌ക്കെതിരെ വിജയം നേടിയ ദക്ഷിണാഫ്രിക്ക മൂന്നാമതു നിൽക്കുന്നു.

∙ ആദ്യം എറിഞ്ഞൊതുക്കി

ടോസ് നേടി ബംഗ്ലദേശിനെ ബാറ്റിങ്ങിനു വിട്ട ഇന്ത്യയ്ക്ക് ആദ്യ ദിനം തന്നെ മഴ വെല്ലുവിളിയായി. ബംഗ്ലദേശിനെതിരെ 35 ഓവർ മാത്രം എറിഞ്ഞ് അവർക്കു മടങ്ങേണ്ടിവന്നു. രണ്ടാം ദിവസം മഴ തോരാതിരുന്നതോടെ കളി മുടങ്ങിയെങ്കില്‍, മൂന്നാം ദിനം ഗ്രൗണ്ടിലെ ഈർപ്പമായിരുന്നു വെല്ലുവിളി. ഒരു ദിവസം മുഴുവൻ മഴ പെയ്യാതിരുന്നിട്ടും ഉച്ച വരെ കാത്തിരുന്നിട്ടും കാൻപുരിലെ ഗ്രൗണ്ടിലെ നനവ് ഉണക്കാൻ സാധിച്ചില്ല. ഇതോടെ നാല് ഇന്നിങ്സ് മത്സരം പൂർത്തിയാക്കാൻ ഇന്ത്യയ്ക്കു ലഭിച്ചത് ആകെ രണ്ടു ദിവസം മാത്രം!.

ബംഗ്ലദേശിന്റെ ആദ്യ ഇന്നിങ്സിൽ സെഞ്ചറി നേടിയ മൊമീനുൽ ഹഖ് മാത്രമായിരുന്നു ഇന്ത്യൻ ബോളർമാർക്ക് കാര്യമായ വെല്ലുവിളിയായത്. 194 പന്തുകൾ ബാറ്റു ചെയ്ത മൊമീനുൽ ഹഖ് 107 റൺസെടുത്തു പുറത്താകാതെനിന്നു. മികച്ചൊരു കൂട്ട് മൊമീനുൽ ഹഖിന് ലഭിച്ചിരുന്നെങ്കിൽ ബംഗ്ലദേശിന്റെ ആദ്യ ഇന്നിങ്സ് സ്കോർ ഒരുപക്ഷേ 300 കടക്കുമായിരുന്നു. പന്തെറിഞ്ഞ ഇന്ത്യൻ ബോളർമാരെല്ലാം വിക്കറ്റ് വീതിച്ചെടുത്തതോടെ 74.2 ഓവറിൽ 233 റണ്‍സിന് ബംഗ്ലദേശ് പുറത്തായി. ജസ്പ്രീത് ബുമ്ര മൂന്നു വിക്കറ്റും സിറാജ്, ആർ. അശ്വിൻ, ആകാശ്ദീപ് എന്നിവർ രണ്ടു വിക്കറ്റുവീതവും വീഴ്ത്തി. ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി.

∙ നിർണായകം, അതിവേഗ ബാറ്റിങ്

റെക്കോർഡുകൾ തകർത്തെറിഞ്ഞ അതിവേഗ ബാറ്റിങ്ങിനായിരുന്നു പിന്നീട് കാൻപുര്‍ സ്റ്റേഡിയം സാക്ഷിയായത്. യുവതാരം യശസ്വി ജയ്സ്വാളും ക്യാപ്റ്റന്‍ രോഹിത് ശർമയും കത്തിക്കയറിയതോടെ സ്കോർ കുതിച്ചുയർന്നു. ആദ്യ ഓവറിൽ 3 ഫോർ അടക്കം 12 റൺസുമായി യശസ്വി ജയ്സ്വാൾ വെടിക്കെട്ടിന് തിരികൊളുത്തി. രണ്ടാം ഓവറിൽ നേരിട്ട ആദ്യ രണ്ടു പന്തും സിക്സറിനു പറത്തി രോഹിത്തും തുടങ്ങി. 3 ഓവറിൽ ഇന്ത്യൻ ടോട്ടൽ 50 കടന്നു. ടെസ്റ്റ് ചരിത്രത്തിൽ ഒരു ടീമിന്റെ ഏറ്റവും വേഗമേറിയ 50 (മറികടന്നത് വെസ്റ്റിൻഡീസിനെതിരെ ഈ വർഷം 4.2 ഓവറിൽ 50 നേടിയ ഇംഗ്ലണ്ടിന്റെ റെക്കോർഡ്).

രോഹിത് ശർമ, യശസ്വി ജയ്സ്വാൾ. Photo: X@Johns
രോഹിത് ശർമ, യശസ്വി ജയ്സ്വാൾ. Photo: X@Johns

11 പന്തിൽ 23 റൺസുമായി രോഹിത്തും 51 പന്തിൽ 72 റൺസുമായി ജയ്സ്വാളും നൽകിയ തുടക്കം പുറകേ വന്നവർ ഏറ്റുപിടിച്ചു. ശുഭ്മൻ ഗിൽ (36 പന്തിൽ 39), വിരാട് കോലി (35 പന്തിൽ 47), കെ.എൽ.രാഹുൽ (43 പന്തിൽ 68) എന്നിവർ അറ്റാക്കിങ് മോഡിലേക്ക് തിരിഞ്ഞതോടെ ഇന്ത്യൻ സ്കോറിങ് കുതിച്ചു. 4 വിക്കറ്റ് വീതം വീഴ്ത്തിയ മെഹദി ഹസൻ മിറാസും ഷാക്കിബ് അൽ ഹസനും തിളങ്ങിയതോടെ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 285 റൺസെടുത്ത് ഇന്ത്യ ഡിക്ലയർ ചെയ്തു.

∙ വീണ്ടും ബോളിങ് ഷോ

നാലാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ 11 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 26 റൺസെന്ന നിലയിലായിരുന്നു ബംഗ്ലദേശ്. അവസാന ദിവസം ബംഗ്ലദേശിനെ പുറത്താക്കാനുള്ള ചുമതല ആദ്യം ഏറ്റെടുത്തതു സ്പിന്നർമാരായിരുന്നു. ആർ. അശ്വിനും രവീന്ദ്ര ജഡേജയും ആറു വിക്കറ്റുകൾ തുല്യമായി പങ്കിട്ടെടുത്തു. അർധ സെഞ്ചറി നേടിയ ഷദ്മൻ ഇസ്‌‍ലാമായിരുന്നു രണ്ടാം ഇന്നിങ്സിലെ ബംഗ്ലദേശിന്റെ ടോപ് സ്കോറർ. 101 പന്തുകൾ നേരിട്ട താരം 50 റൺസെടുത്തു പുറത്തായി.

jadeja-india
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന രവീന്ദ്ര ജഡേജ. Photo: X@BCCI

മധ്യനിര പതറിയപ്പോഴും 37 റണ്‍സെടുത്ത മുഷ്ഫിഖർ പൊരുതിനിന്നു. ലഞ്ചിനു പിരിയുന്നതിനു തൊട്ടുമുൻപ് ബുമ്രയെ ബൗണ്ടറി കടത്താനുള്ള മുഷ്ഫിഖറിന്റെ ശ്രമം പിഴച്ചു. നിർണായക അവസരങ്ങളിലെല്ലാം ടീം ഇന്ത്യയുടെ രക്ഷകനായി അവതരിച്ചിട്ടുള്ള ബുമ്ര, മുഷ്ഫിഖറിന്റെ വിക്കറ്റ് തെറിപ്പിച്ചു. ബംഗ്ലദേശ് 146ന് ഓള്‍ ഔട്ടായതോടെ ഇന്ത്യയ്ക്ക് ജയിക്കാൻ 95 റണ്‍സ് മാത്രം. ലഞ്ചിനുപിന്നാലെ തകർത്തടിച്ച ഇന്ത്യ, ചായയ്ക്കു പിരിയും മുൻപേ കളിയും തീർത്തു, പരമ്പരയും സ്വന്തമാക്കി. യശസ്വി ജയ്സ്വാളാണ് കളിയിലെ താരം.

English Summary:

India thrashed Bangladesh in second test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com