മഴ മുടക്കിയ കളി തിരികെപ്പിടിച്ച് ഇന്ത്യ; രണ്ടാം ടെസ്റ്റിൽ ഏഴു വിക്കറ്റ് വിജയം, പരമ്പര
Mail This Article
കാന്‍പുർ∙ ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് അനായാസ വിജയം. 95 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 17.2 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് ജയം. യശസ്വി ജയ്സ്വാൾ രണ്ടാം ഇന്നിങ്സിലും അർധ സെഞ്ചറി നേടി പുറത്തായി. 45 പന്തുകൾ നേരിട്ട താരം 51 റൺസെടുത്തു. വിരാട് കോലിയും (37 പന്തിൽ 29), ഋഷഭ് പന്തും (അഞ്ച് പന്തിൽ നാല്) ചേർന്നാണ് ടീം ഇന്ത്യയ്ക്കായി വിജയ റൺസ് കുറിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമയും (എട്ട്), ശുഭ്മൻ ഗില്ലുമാണു (ആറ്) രണ്ടാം ഇന്നിങ്സിൽ പുറത്തായ മറ്റ് ഇന്ത്യൻ ബാറ്റർമാർ. സ്കോർ, ബംഗ്ലദേശ്– 233, 146, ഇന്ത്യ– 285/9 ഡിക്ലയർ, 98/3
ചെന്നൈയിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ 280 റൺസ് വിജയം നേടിയിരുന്നു. രണ്ടാം വിജയത്തോടെ പരമ്പര 2–0ന് ഇന്ത്യ സ്വന്തമാക്കി. മഴ കാരണം രണ്ടു ദിവസം ഒരു പന്തു പോലും എറിയാൻ സാധിക്കാതിരുന്ന കളിയാണ് വീരോചിതമായ പ്രകടനത്തിലൂടെ ഇന്ത്യ തിരിച്ചുപിടിച്ചത്. വിജയം ലക്ഷ്യമാക്കി കളിച്ച ഇന്ത്യ നാലാം ദിവസം 285 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്തത് മത്സരത്തിൽ നിർണായകമായി.
ബോളർമാർ തിളങ്ങി, ബംഗ്ലദേശ് 146ന് പുറത്ത്
രണ്ടാം ഇന്നിങ്സിൽ 47 ഓവറുകൾ ബാറ്റു ചെയ്ത ബംഗ്ലദേശ് 146 റണ്‍സെടുത്തു പുറത്തായി. അർധ സെഞ്ചറി നേടിയ ഷദ്മൻ ഇസ്‌ലാമാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ. 101 പന്തുകൾ നേരിട്ട താരം 50 റൺസെടുത്തു പുറത്തായി. മുഷ്ഫിഖർ റഹീം 60 പന്തിൽ 37 റൺസ് നേടി. ഷദ്മൻ ഇസ്‍ലാം (101 പന്തിൽ 50), നജ്മുൽ ഹുസെയ്ൻ ഷന്റോ (37 പന്തിൽ 19), മൊമീനുൽ ഹഖ് (രണ്ട്), ലിറ്റൻ ദാസ് (ഒന്ന്), ഷാക്കിബ് അൽ ഹസൻ (പൂജ്യം), മെഹ്ദി ഹസൻ മിറാസ് (ഒൻപത്), തൈജുൽ ഇസ്‍ലാം (പൂജ്യം) എന്നിവരാണ് ചൊവ്വാഴ്ച പുറത്തായ മറ്റ് ബംഗ്ലദേശ് ബാറ്റർമാർ. അവസാന ദിവസം സ്പിന്നര്‍മാരാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. രവീന്ദ്ര ജഡേജയും ആർ. അശ്വിനും മൂന്നു വിക്കറ്റു വീതം സ്വന്തമാക്കി. പേസർ ജസ്പ്രീത് ബുമ്രയും മൂന്നു വിക്കറ്റുകൾ നേടി.
അവസാന ദിനം മൊമിനുൽ ഹഖിനെ പുറത്താക്കി അശ്വിനാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ട തുടങ്ങിയത്. തകർച്ചയ്ക്കിടെയും ഷദ്മൻ ഇസ്‍ലാം ബംഗ്ലദേശിനായി അർധ സെഞ്ചറി തികച്ചു. നജ്മുൽ ഹുസെയ്ൻ ഷന്റോ, ലിറ്റൻ ദാസ്, ഷാക്കിബ് അൽ ഹസൻ എന്നീ മധ്യനിര താരങ്ങളെ രവീന്ദ്ര ജഡേജ വീഴ്ത്തിയതോടെ കളി ഇന്ത്യയുടെ നിയന്ത്രണത്തിലായി. മുഷ്ഫിഖർ റഹീം മാത്രമാണ് മധ്യനിരയിൽ കുറച്ചെങ്കിലും പിടിച്ചുനിന്നത്. 47–ാം ഓവറിലെ അവസാന പന്തിൽ മുഷ്ഫിഖറിനെ ജസ്പ്രീത് ബുമ്ര ബോൾഡാക്കി.
റെക്കോർഡിട്ട ബാറ്റിങ്, ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് 52 റൺസ് ലീഡ്
ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 52 റൺസ് ലീഡ് സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശിനെ 233 ന് പുറത്താക്കിയ ഇന്ത്യ, മറുപടി ബാറ്റിങ്ങിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 285 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്തു. യശസ്വി ജയ്സ്വാളും (51 പന്തിൽ 72), കെ.എൽ. രാഹുലും (43 പന്തിൽ 68) ആദ്യ ഇന്നിങ്സിൽ അർധ സെഞ്ചറി തികച്ചു. ആദ്യ ഇന്നിങ്സിൽ ബാറ്റു ചെയ്യാനിറങ്ങിയ ഇന്ത്യ ട്വന്റി20 ക്രിക്കറ്റിനു സമാനമായ ബാറ്റിങ്ങാണു പുറത്തെടുത്തത് 10.1 ഓവറില്‍ സ്കോർ 100 പിന്നിട്ടു.
ടെസ്റ്റ് ചരിത്രത്തിൽ അതിവേഗം 50,100,150,200,250 സ്കോറുകൾ പിന്നിടുന്ന ടീമെന്ന റെക്കോർഡ് ഇതോടെ ഇന്ത്യയുടെ പേരിലായി. ഇന്ത്യൻ ഇന്നിങ്സിലെ ആദ്യ മൂന്ന് ഓവറിൽ 51 റണ്‍സാണ് ഓപ്പണർമാരായ യശസ്വി ജയ്സ്വാളും രോഹിത് ശർമയും ചേർന്ന് അടിച്ചുകൂട്ടിയത്. നാലാം ദിവസം ബംഗ്ലദേശ് 233 റൺസിന് ഓൾഔട്ടായിരുന്നു. സെഞ്ചറിയുമായി മൊമീനുൽ ഹഖ് പുറത്താകാതെനിന്നു. 194 പന്തുകൾ നേരിട്ട മൊമിനുൽ ഹഖ് 107 റൺസെടുത്തു. മത്സരത്തിന്റെ രണ്ടും മൂന്നും ദിനങ്ങളിൽ മഴ കാരണം ഒരു പന്തുപോലും എറിയാൻ സാധിച്ചിരുന്നില്ല.