ടീം ഇന്ത്യ ഇംഗ്ലണ്ടിനെ കോപ്പിയടിച്ചു! ബാറ്റിങ് ശൈലി പകർത്തിയെന്ന് ആരോപണം
Mail This Article
ലണ്ടൻ∙ ഇംഗ്ലണ്ടിന്റെ ബാസ് ബോൾ ശൈലി ഇന്ത്യൻ ക്രിക്കറ്റ് ടീം കോപ്പി അടിച്ചെന്ന് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ മൈക്കൽ വോൺ. ഓസ്ട്രേലിയൻ ഇതിഹാസ താരം ആദം ഗിൽക്രിസ്റ്റിനൊപ്പം നടത്തിയ ചർച്ചയിലാണ് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റന്റെ ‘കണ്ടെത്തൽ’. ബംഗ്ലദേശിനെതിരായ ടെസ്റ്റിൽ അതിവേഗ ബാറ്റിങ് പുറത്തെടുത്ത ഇന്ത്യയെ വാനോളം പുകഴ്ത്തിയ ശേഷമായിരുന്നു ബാസ്ബോള്‍ ശൈലി കോപ്പിയിച്ചതാണെന്ന് മൈക്കൽ വോണ്‍ ആരോപിച്ചത്. ഇതോടെ സമൂഹമാധ്യമത്തിൽ താരത്തിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
‘‘ബംഗ്ലദേശിനെതിരെ ഇന്ത്യ കളിച്ച രീതി അതിമനോഹരമാണ്. ഇന്ത്യ ‘ബാസ്ബോളേഴ്സ്’ ആയതു കാണുന്നതു തന്നെയാണു വലിയ കാര്യം. 34.4 ഓവറിൽ 285 റൺസാണ് അവർ സ്കോർ ചെയ്തത്. അതുകൊണ്ട് ഇന്ത്യ ഇംഗ്ലണ്ടിനെ കോപ്പി അടിച്ചെന്നു പറയാം.’’– വോൺ വ്യക്തമാക്കി. ഇതിന്റെ നിയമവശങ്ങൾ പരിശോധിച്ചാൽ ഇംഗ്ലണ്ട് കേസ് കൊടുക്കുമോയെന്നും വോൺ തമാശരൂപേണ ചോദിച്ചു.
എന്നാൽ ഇന്ത്യയുടെ ശൈലി ‘ഗംബോൾ’ ആണെന്നായിരുന്നു ഗിൽക്രിസ്റ്റിന്റെ പ്രതികരണം. ഇന്ത്യൻ പരിശീലകനായി ഗൗതം ഗംഭീർ എത്തിയ ശേഷമാണ് ഈ മാറ്റമെന്നാണ് ഗിൽക്രിസ്റ്റിന്റെ നിലപാട്. ‘‘ഗൗതം ഗംഭീർ ‘ഗംബോൾ’ പേറ്റന്റ് ചെയ്തോയെന്നു നിങ്ങൾ പരിശോധിക്കണം.’’– ഗിൽക്രിസ്റ്റ് വ്യക്തമാക്കി. ഗംബോൾ ബാസ്ബോൾ പോലെ തന്നെയാണെന്നായിരുന്നു മൈക്കൽ വോണിന്റെ മറുപടി.
രണ്ടാം ടെസ്റ്റിൽ ഏഴു വിക്കറ്റ് വിജയമാണ് ഇന്ത്യ ബംഗ്ലദേശിനെതിരെ നേടിയത്. പരമ്പര 2–0ന് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. 95 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 17.2 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 52 റൺസ് ലീഡ് സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശിനെ 233 ന് പുറത്താക്കിയ ഇന്ത്യ, മറുപടി ബാറ്റിങ്ങിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 285 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്തു. യശസ്വി ജയ്സ്വാളും (51 പന്തിൽ 72), കെ.എൽ. രാഹുലും (43 പന്തിൽ 68) ആദ്യ ഇന്നിങ്സിൽ അർധ സെഞ്ചറി തികച്ചു.
ആദ്യ ഇന്നിങ്സിൽ ബാറ്റു ചെയ്യാനിറങ്ങിയ ഇന്ത്യ ട്വന്റി20 ക്രിക്കറ്റിനു സമാനമായ ബാറ്റിങ്ങാണു പുറത്തെടുത്തത് 10.1 ഓവറില്‍ സ്കോർ 100 പിന്നിട്ടു. ടെസ്റ്റ് ചരിത്രത്തിൽ അതിവേഗം 50,100,150,200,250 സ്കോറുകൾ പിന്നിടുന്ന ടീമെന്ന റെക്കോർഡ് ഇതോടെ ഇന്ത്യയുടെ പേരിലായി. ഇന്ത്യൻ ഇന്നിങ്സിലെ ആദ്യ മൂന്ന് ഓവറിൽ 51 റണ്‍സാണ് ഓപ്പണർമാരായ യശസ്വി ജയ്സ്വാളും രോഹിത് ശർമയും ചേർന്ന് അടിച്ചുകൂട്ടിയത്.