ADVERTISEMENT

ലക്നൗ∙ ഇറാനി കപ്പിൽ ഡബിള്‍ സെഞ്ചറി നേടി മുംബൈ താരം സര്‍ഫറാസ് ഖാൻ. 253 പന്തുകളില്‍നിന്നാണ് സര്‍ഫറാസ് ഡബിൾ സെഞ്ചറിയിലെത്തിയത്. 149 പന്തുകളിൽ 100 പിന്നിട്ട സർഫറാസ്, തകർപ്പൻ ബാറ്റിങ്ങിലൂടെ സ്കോർ 200 കടത്തുകയായിരുന്നു. മത്സരം 131 ഓവറുകള്‍ പിന്നിടുമ്പോൾ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കെതിരെ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 510 റൺസെന്ന നിലയിലാണ് മുംബൈ. സർഫറാസും (264 പന്തിൽ 211), ഷാർദൂൽ ഠാക്കൂറുമാണ് (33 പന്തിൽ 21) ക്രീസിൽ. ഇറാനി കപ്പിൽ ഡബിൾ സെഞ്ചറി തികയ്ക്കുന്ന ആദ്യ മുംബൈ താരമാണ് സർഫറാസ്.

തകർപ്പൻ ഫോമിലായിരുന്ന ക്യാപ്റ്റന്‍ അജിൻക്യ രഹാനെയ്ക്ക് നേരിയ വ്യത്യാസത്തിൽ സെഞ്ചറി നഷ്ടമായത് മുംബൈയ്ക്ക് നിരാശയായി. 234 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 97 റൺസെടുത്ത രഹാനെയെ യഷ് ദയാലാണ് പുറത്താക്കിയത്. ഇന്ത്യൻ ക്രിക്കറ്റിൽ തന്റെ കാലം അവസാനിച്ചെന്ന് വിധിയെഴുതാൻ വരട്ടെ എന്ന മുന്നറിയിപ്പോടെയാണ് രഹാനെയുടെ തകർപ്പൻ പ്രകടനം. ഉറച്ച സെഞ്ചറി നേരിയ വ്യത്യാസത്തിൽ നഷ്ടമായെങ്കിലും, ഇന്ത്യൻ ക്രിക്കറ്റിൽ തന്റെ പ്രസക്തിയും പ്രാധാന്യവും ഊന്നിപ്പറഞ്ഞ് രഹാനെയുടെ തകർപ്പൻ പ്രകടനം.

ഒരു ഘട്ടത്തിൽ മൂന്നിന് 37 റൺസ് എന്ന നിലയിൽ തകർന്ന മുംബൈയെ, നാലാം വിക്കറ്റിൽ ശ്രേയസ് അയ്യർക്കൊപ്പവും അഞ്ചാം വിക്കറ്റിൽ സർഫറാസ് ഖാനൊപ്പവും സെഞ്ചറി കൂട്ടുകെട്ടു തീർത്ത് ശക്തമായ നിലയിലെത്തിച്ച ശേഷമാണ് രഹാനെയുടെ മടക്കം. നാലാം വിക്കറ്റിൽ രഹാനെ – അയ്യർ സഖ്യം 170 പന്തിൽ 102 റൺസും, അഞ്ചാം വിക്കറ്റിൽ രഹാനെ – സർഫറാസ് സഖ്യം 240 പന്തിൽ 131 റൺസും കൂട്ടിച്ചേർത്തു.  അയ്യർ 84 പന്തിൽ ആറു ഫോറും രണ്ടു സിക്സും സഹിതം 57 റൺസെടുത്ത് പുറത്തായി.

റെസ്റ്റ് ഓഫ് ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ, ഒന്നാം ദിനം കളി നിർത്തുമ്പോൾ 68 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 237 റൺസ് എന്ന നിലയിലായിരുന്നു. നിലവിലെ രഞ്ജി ട്രോഫി ചാംപ്യൻമാരായ മുംബൈയുടെ തുടക്കം പരിതാപകരമായിരുന്നു. സ്കോർ ബോർഡിൽ 37 റൺസ് എത്തുമ്പോഴേക്കും ഓപ്പണർ പൃഥ്വി ഷാ ഉൾപ്പെടെയുള്ളവർ ഡ്രസിങ് റൂമിൽ മടങ്ങിയെത്തി. സ്കോർ ബോർഡിൽ ആറു റൺസുള്ളപ്പോൾ ഒരേ ഓവറിൽ പൃഥ്വി ഷാ, ഹാർദിക് ടാമോർ എന്നിവരെ മുകേഷ് കുമാറാണ് പുറത്താക്കിയത്. ഏഴു പന്തിൽ ഒരു ഫോർ സഹിതം നാലു റൺസെടുത്ത ഷായെ ദേവ്ദത്ത് പടിക്കലും, മൂന്നു പന്തു നേരിട്ട് അക്കൗണ്ട് തുറക്കാനാകാതെ പോയ ഹാർദിക്കിനെ ധ്രുവ് ജുറേലും പിടികൂടി.

ഒരറ്റത്ത് പിടിച്ചുനിൽക്കാൻ ശ്രമിച്ച ഓപ്പണർ ആയുഷ് മാത്രയും പിന്നാലെ മടങ്ങി. 35 പന്തിൽ മൂന്നു ഫോറുകൾ സഹിതം 19 റൺസെടുത്ത ആയുഷിനെയും മുകേഷ് കുമാറിന്റെ പന്തിൽ ജുറേൽ ക്യാച്ചെടുത്ത് പുറത്താക്കി. ഇതിനു ശേഷമായിരുന്നു മുംബൈ ഇന്നിങ്സിന്റെ നട്ടെല്ലായ രഹാനെ – അയ്യർ കൂട്ടുകെട്ട്. നാലാം വിക്കറ്റിൽ സെഞ്ചറി കൂട്ടുകെട്ട് തീർത്താണ് ഇരുവരും ടീമിനെ കരകയറ്റിയത്. തനുഷ് കൊട്ടിയൻ (124 പന്തിൽ 64), ഷംസ് മുലാനി (14 പന്തിൽ അഞ്ച്), മോഹിത് അവസ്തി (പൂജ്യം) എന്നിവരാണ് ബുധനാഴ്ച പുറത്തായ മറ്റു ബാറ്റർമാർ. റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കു വേണ്ടി മുകേഷ് കുമാർ നാലു വിക്കറ്റുകൾ വീഴ്ത്തി.

English Summary:

Mumbai vs Rest of India, Irani Cup 2024, Day 2 - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com