‘ആർസിബിയോടു തോറ്റു, ഡ്രസിങ് റൂമിലേക്കു മടങ്ങുംവഴി എം.എസ്. ധോണി സ്ക്രീനിൽ ഇടിച്ചു’
Mail This Article
മുംബൈ∙ കഴിഞ്ഞ ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനോടു തോറ്റശേഷം ഡ്രസിങ് റൂമിലേക്കു മടങ്ങുന്നതിനിടെ എം.എസ്. ധോണി ഒരു സ്ക്രീനില്‍ ഇടിച്ച് രോഷം തീർക്കാൻ ശ്രമിച്ചതായി മുൻ ഇന്ത്യന്‍ താരം ഹര്‍ഭജൻ സിങ്. കഴിഞ്ഞ സീസണിൽ ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ജയിച്ചതിന്റെ ആഹ്ലാദത്തിൽ ആർസിബി താരങ്ങൾ ചെന്നൈ താരങ്ങൾക്കു ഷെയ്ക് ഹാൻഡ് നൽകാൻ വൈകിയതു വൻ വിവാദമായിരുന്നു.
ബെംഗളൂരു താരങ്ങൾക്കായി കാത്തുനിൽക്കാതെ ധോണി വേഗത്തിൽ ഡ്രസിങ് റൂമിലേക്കു പോയതും ചർച്ചയായി. അതിനിടെയാണ് ചെന്നൈ ഡ്രസിങ് റൂമിനു പുറത്തുള്ള സ്ക്രീനിൽ ധോണി ആഞ്ഞടിച്ചതെന്ന് ഹർഭജൻ സിങ് ഒരു ചർച്ചയിൽ വെളിപ്പെടുത്തി. ‘‘മത്സരത്തിനു ശേഷം ഡ്രസിങ് റൂമിലേക്കു മടങ്ങിയ ധോണി ഒരു സ്ക്രീനിൽ ആഞ്ഞടിച്ചു. ആർസിബി താരങ്ങള്‍ ആ സമയത്ത് ആഘോഷിക്കുകയായിരുന്നു. അവർക്ക് അതിനുള്ള അവകാശമുണ്ട്. ഞാൻ മുകളിൽനിന്ന് ബെംഗളൂരു താരങ്ങളുടെ ആഘോഷ പ്രകടനം കാണുകയായിരുന്നു. അപ്പോഴേക്കും ചെന്നൈ താരങ്ങൾ നിരയായിനിന്ന് ഷെയ്ക് ഹാൻഡിനു തയാറായി.’’
‘‘ആര്‍സിബിയുടെ ആഘോഷം അവസാനിക്കാൻ കുറച്ചു സമയം എടുത്തതോടെ ധോണി ഡ്രസിങ് റൂമിലേക്കു മടങ്ങി. പോകുംവഴി ഒരു സ്ക്രീനിൽ ധോണി അടിക്കുന്നുണ്ടായിരുന്നു. സ്പോർട്സിൽ ഇതൊക്കെ സാധാരണമാണ്. ആർസിബി കുറച്ചു സമയം കൂടി ആഘോഷിച്ചാലും അത് അവരുടെ അവകാശമാണ്. ആ മത്സരം ജയിച്ച് ഐപിഎൽ കിരീടവും നേടി കരിയർ അവസാനിപ്പിക്കാൻ ധോണി ആഗ്രഹിച്ചിട്ടുണ്ടാകും. അതു തകർന്നതിലുള്ള നിരാശയായിരിക്കാം അദ്ദേഹത്തിന്റേത്.’’– ഹർഭജൻ സിങ് വ്യക്തമാക്കി. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിലും എം.എസ്. ധോണി ചെന്നൈ സൂപ്പർ കിങ്സിൽ കളിക്കും.