സഞ്ജു സാംസൺ രഞ്ജി ട്രോഫി കേരള ടീമിൽ ഇല്ല, സച്ചിൻ ബേബി വീണ്ടും ക്യാപ്റ്റനാകും
Mail This Article
തിരുവനന്തപുരം∙ സച്ചിൻ ബേബി വീണ്ടും കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനത്തേക്ക്. 2 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സച്ചിൻ വീണ്ടും ക്യാപ്റ്റനാകുന്നത്. ടീമിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസം ഉണ്ടാകും. കഴിഞ്ഞ 2 സീസണുകളിൽ കേരളത്തെ നയിച്ച സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ ഇടം നേടിയതിനാൽ ഇത്തവണ ടീമിലുണ്ടാകില്ല.
2009 മുതൽ രഞ്ജി ട്രോഫി ടീമിൽ കളിക്കുന്ന ഇടുക്കി സ്വദേശി സച്ചിൻ 2013 മുതൽ 2021 വരെ തുടർച്ചയായി കേരള ടീമിന്റെ ക്യാപ്റ്റനായിരുന്നു. കേരള ടീം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയിലും വിജയ് ഹസാരെ ഏകദിന ടൂർണമെന്റിലും സെമിഫൈനലിലെത്തിയതും സച്ചിന്റെ നേതൃത്വത്തിലാണ്. കഴിഞ്ഞ രണ്ട് രഞ്ജി സീസണിലും കേരളത്തിന്റെ ടോപ് സ്കോറർ സച്ചിനായിരുന്നു.
കഴിഞ്ഞ സീസണിൽ ലീഗ് റൗണ്ടിൽ തന്നെ കേരളം പുറത്തായിട്ടും ചാംപ്യൻഷിപ്പിലെ ഏറ്റവും മികച്ച രണ്ടാമത്തെ റൺ വേട്ടക്കാരനുമായി. ഇത്തവണ കരുത്തരായ ടീമുകളുടെ ഗ്രൂപ്പിലാണ് ടീം കളിക്കുന്നത്. ഈ സാഹചര്യത്തിലാണ് പരിചയ സമ്പന്നനായ സച്ചിനെ വീണ്ടും നായകസ്ഥാനത്തേക്ക് മടക്കിക്കൊണ്ടുവരുന്നത്. മുൻ ഇന്ത്യൻ താരം അമയ് ഖുറേഷിയ പരിശീലകനായ ടീമിന്റെ ക്യാംപ് തിരുവനന്തപുരത്ത് ആരംഭിച്ചു. 11 മുതലാണ് ആദ്യ മത്സരം.