ADVERTISEMENT

മുംബൈ∙ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മാൻ‌ ഓഫ്‍ ദ് സീരീസ് പുരസ്കാരങ്ങൾ സ്വന്തമാക്കിയ താരങ്ങളിൽ ഇന്ത്യയുടെ രവിചന്ദ്രൻ അശ്വിൻ, ശ്രീലങ്കയുടെ ഇതിഹാസ താരം മുത്തയ്യ മുരളീധരനൊപ്പം എത്തിയത് വാർത്തകളിൽ ഇടംപിടിച്ചത് കഴിഞ്ഞ ദിവസമാണ്. ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ ഓൾറൗണ്ട് പ്രകടനവുമായി 11–ാം തവണ മാൻ ഓഫ് ദ് സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇക്കാര്യത്തിൽ അശ്വിൻ മുരളിക്കൊപ്പമെത്തിയത്.

എന്നാൽ, അശ്വിനു ലഭിക്കേണ്ടിയിരുന്ന 12–ാം മാൻ ഓഫ് ദ് സീരീസ് പുരസ്കാരമാണ് ഇതെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം വെസ്റ്റിൻഡീസ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിൽ അശ്വിന് ലഭിക്കേണ്ടിയിരുന്ന മാൻ ഓഫ് ദ് സീരീസ് പുരസ്കാരം, വിൻഡീസ് അധികൃതരുടെ അനാസ്ഥയെ തുടർന്ന് നൽകാൻ മറന്നുപോയതാണെന്നാണ് റിപ്പോർട്ട്. അന്ന് പുരസ്കാരം നൽകിയിരുന്നെങ്കിൽ, ബംഗ്ലദേശിനെതിരായ പരമ്പരയിലെ പുരസ്കാരനേട്ടത്തോടെ അശ്വിൻ മുരളീധരനെ പിന്തള്ളുമായിരുന്നു!

കഴിഞ്ഞ വർഷം വെസ്റ്റിൻഡീസ് പര്യടനത്തിനു പോയ ഇന്ത്യൻ ടീം രണ്ടു മത്സരങ്ങൾ ഉൾപ്പെടുന്ന ടെസ്റ്റ് പരമ്പരയാണ് കളിച്ചത്. പരമ്പര ഇന്ത്യ 1–0ന് സ്വന്തമാക്കുകയും ചെയ്തു. ടൂർണമെന്റിലാകെ 15 വിക്കറ്റ് വീഴ്ത്തിയ അശ്വിനായിരുന്നു വിക്കറ്റ് വേട്ടക്കാരിൽ മുന്നിൽ. ടൂർണമെന്റിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ച ഏക ഇന്നിങ്സിൽ അർധസെഞ്ചറിയും (56) നേടി. പരമ്പര നേടിയ ടീമിലെ അംഗമെന്ന നിലയിലും വ്യക്തിഗത പ്രകടനം കൊണ്ടും തീർച്ചയായും മാൻ ഓഫ് ദ് സീരീസ് പുരസ്കാരം അർഹിക്കുന്ന പ്രകടനം.

എന്നാൽ, പോർട്ട് ഓഫ് സ്പെയിനിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു ശേഷമുള്ള പുരസ്കാര വിതരണത്തിന്റെ സമയത്ത് മാൻ ഓഫ് ദ് സീരീസ് പുരസ്കാരം ആർക്കും നൽകിയില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു ദേശീയ മാധ്യമം വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡിനെ സമീപിച്ചെങ്കിലും, സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്തത് ഒരു ഇന്ത്യൻ ഏജൻസിയാണെന്നായിരുന്നു അവരുടെ പ്രതികരണം. ഈ ഏജൻസിയെ ബന്ധപ്പെട്ടപ്പോഴാകട്ടെ, അവർ ടൂർണമെന്റിന്റെ വ്യാവസായിക ഭാഗം മാത്രമാണ് കൈകാര്യം ചെയ്തതെന്നും, ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിൻഡീസ് ബോർഡാണ് നോക്കിയതെന്നും വിശദീകരിച്ചു.

രണ്ടോ അതിലധികമോ ടെസ്റ്റുകളുള്ള എല്ലാ പരമ്പരയിലും മാൻ ഓഫ് ദ് സീരീസ് പുരസ്കാരങ്ങൾ നൽകുന്നതാണ് പരമ്പരാഗത രീതി. ഈ പരമ്പരയിൽ മാത്രം മേൽപ്പറഞ്ഞ പുരസ്കാരം നൽകാതിരുന്നതിന്റെ കാരണം വ്യക്തമല്ല. പുരസ്കാര വിതരണത്തിന്റെ സമയത്ത് മറന്നുപോയതാണെങ്കിൽക്കൂടി, പിന്നീട് പുരസ്കാരം ഇന്ത്യൻ ടീമിന് കൈമാറേണ്ടതായിരുന്നു. എന്നാൽ, അത്തരം നടപടികളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് വിവരം.

English Summary:

Ravichandran Ashwin Denied World Record For Most Player-of-the-Series Awards Due to Admin Blunder: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com