102 ഡിഗ്രി പനിയും വച്ച് ഷാർദുൽ ബാറ്റിങ്ങിന്, 36 റണ്സും ഫിഫ്റ്റി കൂട്ടുകെട്ടും; ഔട്ട്, പിന്നാലെ ആശുപത്രിയിൽ അഡ്മിറ്റ്!
Mail This Article
ലക്നൗ∙ ഇറാനി കപ്പിൽ ഷാർദുൽ ഠാക്കൂർ ഒന്നാം ഇന്നിങ്സിൽ ബാറ്റു ചെയ്തത് കടുത്ത പനിയും ക്ഷീണവും അവഗണിച്ച്. മത്സരത്തിന്റെ രണ്ടാം ദിനം മുംബൈയ്‌ക്കായി ബാറ്റിങ്ങിനെത്തിയ ഠാക്കൂർ, പുറത്തായതിനു തൊട്ടുപിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 102 ഡിഗ്രി പനിയുമായാണ് ഠാക്കൂർ ബാറ്റിങ്ങിന് ഇറങ്ങിയതെന്നാണ് വിവരം. മത്സരത്തിൽ മുംബൈ കൂറ്റൻ സ്കോർ നേടുന്നതിൽ ഠാക്കൂറിന്റെ സംഭാവനയും നിർണായകമായിരുന്നു.
പത്താമനായി ക്രീസിലെത്തിയ ഠാക്കൂർ, 59 പന്തിൽ 36 റൺസെടുത്താണ് പുറത്തായത്. നാലു ഫോറും ഒരു സിക്സും ഉൾപ്പെടെയായിരുന്നു ഇത്. മാത്രമല്ല, 9–ാം വിക്കറ്റിൽ സർഫറാസ് ഖാനൊപ്പം അർധസെഞ്ചറി കൂട്ടുകെട്ടും തീർത്തു. 89 പന്തുകൾ നേരിട്ട ഇവരുടെ സഖ്യം 73 റൺസാണ് സ്കോർ ബോർഡിൽ എത്തിച്ചത്. ഇതിൽ 36 റൺസ് ഠാക്കൂറിന്റെ സംഭാവനയായിരുന്നു. സർഫറാസിന്റെ സമ്പാദ്യം 35 റൺസും.
രണ്ടാം ദിനം അവസാന സെഷനിൽ സാരാൻഷ് ജെയിനിന്റെ പന്തിൽ ക്ലീൻ ബൗൾഡായാണ് ഠാക്കൂർ പുറത്തായത്. കടുത്ത ക്ഷീണത്തെ തുടർന്ന് ബാറ്റിങ്ങിനിടെ ഠാക്കൂർ രണ്ടു തവണയാണ് ഇടവേളയെടുത്തത്. രണ്ടു തവണയും ടീം ഡോക്ടർ ഗ്രൗണ്ടിലെത്തി ഠാക്കൂറിനെ പരിശോധിക്കുകയും ചെയ്തു.
ഠാക്കൂർ പുറത്തായതിനു പിന്നാലെ ടീം മാനേജ്മെന്റാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ തീരുമാനിച്ചത്. കടുത്ത ക്ഷീണമുള്ള സാഹചര്യത്തിലായിരുന്നു ഇത്. രാത്രി മുഴുവൻ താരത്തെ ആശുപത്രിയിൽ നിരീക്ഷണത്തിൽ വയ്ക്കുകയും ചെയ്തു. മത്സരത്തിന്റെ മൂന്നാം ദിനമായ ഇന്ന് ആശുപത്രിയിൽനിന്ന് ഡിസ്‌ചാർജ് ചെയ്തെങ്കിലും ഠാക്കൂർ ബോൾ ചെയ്യാനെത്തിയില്ല. ഫലത്തിൽ നാലു ബോളർമാരാണ് മൂന്നാം ദിനം മുംബൈയ്‌ക്കായി 74 ഓവറും എറിഞ്ഞത്.