ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റിൽ ഇന്നും ഒട്ടേറെ ആരാധകരുള്ള സൂപ്പർതാരം വീരേന്ദർ സേവാഗും ‘രാഷ്ട്രീയ പിച്ചി’ലേക്ക്? ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ഉടൻ നടക്കാനിരിക്കെ, കോൺഗ്രസ് സ്ഥാനാർഥിക്കായി സേവാഗ് പരസ്യമായി വോട്ടു ചോദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഹരിയാനയിലെ തോശാം മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി അനിരുദ്ധ് ചൗധരിക്കായി സേവാഗ് വേദിയിൽ മൈക്കിലൂടെ വോട്ടു ചോദിക്കുന്ന വിഡിയോയാണ് വൈറലായത്. 

അനിരുദ്ധ് ചൗധരിയും അദ്ദേഹത്തിന്റെ പിതാവും ബിസിസിഐ മുൻ പ്രസിഡന്റുമായ രൺബീർ സിങ് മഹേന്ദ്രയുമായുമുള്ള ബന്ധം വിശദീകരിച്ചുകൊണ്ടാണ് സേവാഗ് കോൺഗ്രസിനായി വോട്ടു ചോദിച്ചത്. 

‘‘അദ്ദേഹത്തെ (കോൺഗ്രസ് സ്ഥാനാർഥി അനിരുദ്ധ് ചൗധരി) എന്റെ മൂത്ത സഹോദരനായാണ് ഞാൻ കാണുന്നത്. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) മുൻ പ്രസിഡന്റ് കൂടിയായ അദ്ദേഹത്തിന്റെ പിതാവ് രൺബീർ സിങ് മഹേന്ദ്ര എനിക്ക് വലിയ പിന്തുണ നൽകിയ ആളാണ്.

‘‘അദ്ദേഹത്തിന്റെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ദിവസങ്ങളാണ് ഇത്. ഈ ഘട്ടത്തിൽ അദ്ദേഹത്തെ സഹായിക്കേണ്ടത് എന്റെ കടമയാണെന്ന് കരുതുന്നു. അനിരുദ്ധ് ചൗധരിയെ വോട്ടു ചെയ്ത് വിജയിപ്പിക്കണമെന്നാണ് തോശാമിലെ ജനങ്ങളോട് എന്റെ അഭ്യർഥന’ – സേവാഗ് പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുമെന്ന് സ്ഥാനാർഥിയായ അനിരുദ്ധ് ചൗധരിയും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ‘‘കോൺഗ്രസ് ഇവിടെ ജയിച്ച് അധികാരത്തിലെത്തുമെന്ന് എനിക്കു നൂറു ശതമാനം ഉറപ്പാണ്. കാരണം, ബിജെപി സർക്കാർ കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിൽ പരാജയപ്പെട്ടു’ – ചൗധരി പറഞ്ഞു.

കുടുംബ ബന്ധങ്ങളും രാഷ്ട്രീയ വൈരവും ഇഴപിരിഞ്ഞു കിടക്കുന്ന മണ്ഡലമാണ് തോശാം. നാലു തവണ ഹരിയാന മുഖ്യമന്ത്രിയായിരുന്ന ബൻസി ലാലിന്റെ ചെറുമകൻ കൂടിയാണ് നാൽപ്പത്തെട്ടുകാരനായ അനിരുദ്ധ് ചൗധരി. ഇദ്ദേഹത്തിന്റെ ബന്ധു കൂടിയായ ശ്രുതി ചൗധരിയാണ് ഇവിടെ ബിജെപി സ്ഥാനാർഥി. ബൻസിലാലിന്റെ ഇളയ മകൻ സുരേന്ദർ സിങ്ങിന്റെ മകളാണ് ശ്രുതി.

English Summary:

Virender Sehwag endorses Congress candidate in Haryana Assembly elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com