ക്രിസ് ഗെയ്‍ൽ വീണ്ടും ഇന്ത്യയിൽ; ഇത്തവണ ജമൈക്കൻ പ്രധാനമന്ത്രിയുടെ സംഘത്തിൽ അംഗം, മോദിയെ കണ്ടു– വിഡിയോ
Mail This Article
ന്യൂഡൽഹി∙ ഒരുകാലത്ത് ഇന്ത്യൻ പ്രിമിയർ ലീഗിലെ (ഐപിഎൽ) ഏറ്റവും വിനാശകാരിയായ ബാറ്ററായിരുന്ന വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്‍ൽ വീണ്ടും ഇന്ത്യയിൽ. ഇത്തവണ ഇന്ത്യ സന്ദർശിക്കുന്ന ജമൈക്കൻ പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനെസ്സിന്റെ ഔദ്യോഗിക സംഘത്തിൽ അംഗമായാണ് ക്രിസ് ഗെയ്‌ലിന്റെ വരവ്. ജമൈക്കൻ പ്രധാനമന്ത്രിക്കൊപ്പം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കുന്ന ഗെയ്‍ലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമ്പോൾ ഗെയ്‍ൽ കൈകൂപ്പി ‘നമസ്തേ’ പറയുന്നത് വിഡിയോ ദൃശ്യങ്ങളിൽ കാണാം. ഗെയ്‍ലിനെ തിരിച്ചറിഞ്ഞ പ്രധാനമന്ത്രി പുറത്തു സ്നേഹപൂർവം തട്ടിയാണ് സ്നേഹം പ്രകടിപ്പിക്കുന്നത്. ഈ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
മോദിയുമായുള്ള കൂടിക്കാഴ്ച ഉൾപ്പെടെ തന്റെ ഇന്ത്യാ സന്ദർശനത്തിന്റെ ദൃശ്യങ്ങൾ ഗെയ്‍ലും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ‘ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനായത് ഒരു ബഹുമതിയായി കണക്കാക്കുന്നു. ജമൈക്ക ഇന്ത്യയിലേക്ക്.’ – വൺലവ് എന്ന ഹാഷ്ടാഗ് സഹിതം ഗെയ്‍ൽ കുറിച്ചു.
നാൽപ്പത്തഞ്ചുകാരനായ ക്രിസ് ഗെയ്‍ൽ സജീവ ക്രിക്കറ്റ് വിട്ടിട്ട് അധികം നാളായിട്ടില്ല. ഇന്ത്യൻ പ്രിമിയർ ലീഗിൽ ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് താരമെന്ന നിലയിലാണ് ഗെയ്‍ൽ കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ളത്. 2011 മുതൽ 2017 വരെ ആർസിബിയുടെ പ്രധാന ബാറ്റർമാരിൽ ഒരാളായിരുന്നു ഗെയ്‍ൽ. 2013ൽ പുണെ വാരിയേഴ്സിനെതിരെ പുറത്താകാതെ 175 റൺസടിച്ച ഗെയ്‍ലിന്റെ പേരിലാണ് ഐപിഎലിലെ ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോർഡ്.
ആർസിബിക്കു പുറമേ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിങ്സ് തുടങ്ങിയ ടീമുകൾക്കായും കളിച്ച ഗെയ്‍ൽ, ആകെ 4965 റൺസും നേടി. ഐപിഎലിൽ എട്ടാമത്തെ ഉയർന്ന റൺവേട്ടക്കാരനാണ് താരം.