ശ്രീലങ്കയ്ക്കെതിരെ 2 മത്സരം, രണ്ടു തവണയും 0, എന്നിട്ടും കൈവിടാതെ ഗംഭീർ; ബംഗ്ലദേശ് പരമ്പര സഞ്ജുവിന് സുവർണാവസരം
Mail This Article
ഗ്വാളിയോർ∙ പുതിയ പരിശീലകൻ ഗൗതം ഗംഭീറിനു കീഴിൽ രണ്ടാമത്തെ ട്വന്റി20 പരമ്പര കളിക്കാനൊരുങ്ങുന്ന മലയാളി താരം സഞ്ജു സാംസണിനു മുന്നിലുള്ളത് ടീമിൽ ഇടം ഉറപ്പിക്കാനുള്ള സുവർണാവസരം. ഇന്ത്യൻ ദേശീയ ടീമിൽ അരങ്ങേറിയിട്ട് ഒരു പതിറ്റാണ്ടായെങ്കിലും ഇന്നും ‘വന്നും പോയു’മിരിക്കുന്ന താരമാണ് സഞ്ജു. ഒരു ഘട്ടത്തിലും ടീമിൽ ഇടം ഉറപ്പിക്കാനാകാതെ പോയ താരം. കിട്ടിയ അവസരങ്ങളിൽ മികച്ച ചില ഇന്നിങ്സുകളുമായി കരുത്തുകാട്ടിയെങ്കിലും, സ്ഥിരതയില്ലാത്തത് പലപ്പോഴും തിരിച്ചടിയിയായി.
ഏറ്റവും ഒടുവിൽ ട്വന്റി20 ലോകകപ്പ് വിജയത്തിനു പിന്നാലെ ഇന്ത്യൻ ടീം ശ്രീലങ്കയിൽ പര്യടനം നടത്തിയപ്പോൾ സഞ്ജുവിന് അവസരം ലഭിച്ചിരുന്നു. മുഖ്യ പരിശീലകനെന്ന നിലയിൽ ഗൗതം ഗംഭീറിന് കീഴിൽ ലഭിച്ച ആദ്യ അവസരം. പരമ്പരയിലെ രണ്ടും മൂന്നും ട്വന്റി20 മത്സരങ്ങളിൽ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയെങ്കിലും, രണ്ടു മത്സരങ്ങളിലും പൂജ്യത്തിനു പുറത്തായ സഞ്ജു നിരാശപ്പെടുത്തി. ഒരു മത്സരത്തിൽ താരം ഗോൾഡൻ ഡക്കായി.
ഗംഭീറിനൊപ്പമുള്ള തുടക്കം തീർത്തും മോശമാക്കിയെങ്കിലും, തൊട്ടുപിന്നാലെയാണ് സഞ്ജുവിന് ഒരിക്കൽക്കൂടി ഇന്ത്യൻ ട്വന്റി20 ടീമിൽ ഇടം ലഭിച്ചിരിക്കുന്നത്. ഇത്തവണ സഞ്ജുവിനെ വെറുതെ ടീമിൽ ഉൾപ്പെടുത്തുക മാത്രമല്ല, ഒന്നാം നമ്പർ വിക്കറ്റ് കീപ്പറെന്ന നിലയിൽ പ്ലേയിങ് ഇലവനിൽ സ്ഥാനം ഉറപ്പ്. ശുഭ്മൻ ഗിൽ, യശസ്വി ജയ്സ്വാൾ എന്നിവരുടെ അസാന്നിധ്യത്തിൽ അഭിഷേക് ശർമയ്‌ക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യാനും സഞ്ജുവിന് അവസരം ലഭിക്കുമെന്ന് തീർച്ചയാണ്.
മത്സരങ്ങൾ നടക്കുന്ന ഗ്വാളിയോറും ഡൽഹിയും ഹൈദരാബാദും ബാറ്റിങ്ങിന് സഹായിക്കുന്ന പ്രതലങ്ങളാണെന്നതും സഞ്ജുവിന് അനുകൂല ഘടകമാണ്. ഓപ്പണറായി ഇറങ്ങിയ നിർഭയനായ അഭിഷേക് ശർമയ്ക്കൊപ്പം മികച്ച ഇന്നിങ്സുകൾ കളിക്കാനായാൽ ട്വന്റി20 ടീമിൽ ഇടം ഉറപ്പിക്കാനുള്ള അവസരമാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്.
2015ൽ സിംബാബ്‍വെയ്‌ക്കെതിരെ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ സഞ്ജു ഇതുവരെ 30 ട്വന്റി20 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. 131.36 സ്ട്രൈക്ക് റേറ്റിൽ അടിച്ചെടുത്തത് 444 റൺസ്. കരിയറിലെ ഉയർന്ന സ്കോർ 77 റൺസ്. ഈ പ്രകടനം ഉൾപ്പെടെ സഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തുവന്നത് ഓപ്പണറെന്ന നിലയിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ബംഗ്ലദേശിനെതിരെ ഓപ്പണറായി ഇറങ്ങാൻ അവസരം ലഭിക്കുമ്പോൾ, സഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.