ADVERTISEMENT

ലക്നൗ∙ ഇറാനി കപ്പിൽ മുംബൈ – റെസ്റ്റ് ഓഫ് ഇന്ത്യ പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. ഒന്നാം ഇന്നിങ്സിൽ 121 റൺസിന്റെ മികച്ച ലീഡ് സ്വന്തമാക്കിയ മുംബൈ, നാലാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ 40 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 153 റൺസ് എന്ന നിലയിലാണ്. നാലു വിക്കറ്റ് കയ്യിലിരിക്കെ ആകെ ലീഡ് 274 റൺസ്. ഒരു ദിവസത്തെ കളി ബാക്കിനിൽക്കെ, സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ എത്രയും വേഗം മികച്ച ലീഡ് സ്വന്തമാക്കി റെസ്റ്റ് ഓഫ് ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കാനാകും മുംബൈയുടെ ശ്രമം. ഒന്നാം ഇന്നിങ്സിൽ ഇരട്ടസെഞ്ചറി നേടിയ സർഫറാസ് ഖാൻ 9 റൺസോടെയും തനുഷ് കൊട്ടിയൻ 20 റൺസോടെയും ക്രീസിൽ. പിരിയാത്ത ഏഴാം വിക്കറ്റിൽ ഇരുവരും 28 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.

എല്ലാവരും കൂട്ടത്തോടെ പരാജയപ്പെട്ട രണ്ടാം ഇന്നിങ്സിൽ, തകർത്തടിച്ച് അർധസെഞ്ചറി നേടിയ ഓപ്പണർ പൃഥ്വി ഷായുടെ പ്രകടനമാണ് മുംബൈയ്ക്ക് കരുത്തായത്. 105 പന്തുകൾ നേരിട്ട ഷാ, എട്ടു ഫോറും ഒരു സിക്സും സഹിതം 76 റൺസെടുത്ത് പുറത്തായി. 37 പന്തിൽ 50 കടന്ന പൃഥ്വി ഷാ, മറുവശത്ത് വിക്കറ്റുകൾ കൊഴിഞ്ഞതോടെ ആക്രമണശൈലിയിൽനിന്ന് പിൻവലിയുകയായിരുന്നു. ഓപ്പണർ ആയുഷ് മാത്രെ (18 പന്തിൽ 14), ഹാർദിക് താമോർ (26 പന്തിൽ 7), ക്യാപ്റ്റൻ അജിൻക്യ രഹാനെ (27 പന്തിൽ 9), ശ്രേയസ് അയ്യർ (12 പന്തിൽ 8), ഷംസ് മുളാനി (0) എന്നിവരെല്ലാം നിരാശപ്പെടുത്തി. നാലു വിക്കറ്റ് വീഴ്ത്തിയ സാരാൻഷ് ജെയിൻ, രണ്ടു വിക്കറ്റെടുത്ത മാനവ് സുതർ എന്നിവരാണ് മുംബൈയെ തകർത്തത്.

∙ ഈശ്വരന് ഇരട്ടസെഞ്ചറി നഷ്ടം, ജുറേലിന് സെഞ്ചറി നഷ്ടം

നേരത്തെ, അഭിമന്യു ഈശ്വരന്റെ ഇരട്ടസെഞ്ചറി നഷ്ടവും ധ്രുവ് ജുറേലിന്റെ സെഞ്ചറി നഷ്ടവും ആകെത്തുകയിൽ റെസ്റ്റ് ഓഫ് ഇന്ത്യയുടെ നഷ്ടം തന്നെയായി മാറിയതോടെയാണ് അവർ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയത്. സെഞ്ചറി കൂട്ടുകെട്ടുമായി റെസ്റ്റ് ഓഫ്‍ ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചുകൊണ്ടിരിക്കെ ഇരുവരും പുറത്തായതോടെ കൂട്ടത്തകർച്ച നേരിട്ട റെസ്റ്റ് ഓഫ് ഇന്ത്യ, മുംബൈയ്‌ക്കെതിരായ മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ 416 റൺസിന് ഓൾഔട്ടാവുകയായിരുന്നു. 110 ഓവർ ബാറ്റു ചെയ്താണ് റെസ്റ്റ് ഓഫ് ഇന്ത്യ 416 റൺസെടുത്തത്. ഇതോടെ മുംബൈയ്‌ക്ക് ഒന്നാം ഇന്നിങ്സിൽ 121 റൺസിന്റെ നിർണായക ലീഡും ലഭിച്ചു.

ഒരു ഘട്ടത്തിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 393 റൺസ് എന്ന നിലയിലായിരുന്ന റെസ്റ്റ് ഓഫ് ഇന്ത്യയ്‌ക്ക്,  23 റൺസിനിടെയാണ് അവസാന ആറു വിക്കറ്റുകൾ നഷ്ടമായത്. ഇതോടെ, ഒന്നാം ഇന്നിങ്സ് ലീഡ് നേടാനുള്ള സുവർണാവസരവും ടീം കളഞ്ഞുകുളിച്ചു. അഭിമന്യു ഈശ്വരൻ (191), ധ്രുവ് ജുറേൽ (93), മാനവ് സുതർ (21 പന്തിൽ ആറ്), യഷ് ദയാൽ (അഞ്ച് പന്തിൽ ആറ്), പ്രസിദ്ധ് കൃഷ്ണ (0), മുകേഷ് കുമാർ (0) എന്നിവരാണ് 23 റൺസിനിടെ പുറത്തായ റെസ്റ്റ് ഓഫ് ഇന്ത്യ താരങ്ങൾ. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ഷംസ് മുളാനി, തനുഷ് കൊട്ടിയൻ എന്നിവരാണ് റെസ്റ്റ് ഓഫ് ഇന്ത്യയെ തകർത്തത്.

ഇരട്ടസെഞ്ചറി ഉറപ്പിച്ച് മുന്നേറിയ അഭിമന്യു ഈശ്വരനെയും സെഞ്ചറി ഉറപ്പിച്ച് മുന്നേറിയ ധ്രുവ് ജുറേലിനെയും ഷംസ് മുളാനിയാണ് പുറത്താക്കിയത്. 292 പന്തിൽ 16 ഫോറും ഒരു സിക്സും സഹിതമാണ് അഭിമന്യു 191 റൺസെടുത്തത്. ജുറേലാകട്ടെ, 121 പന്തിൽ 13 ഫോറും ഒരു സിക്സും സഹിതം 93 റൺസുമെടുത്തു. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് റെസ്റ്റ് ഓഫ് ഇന്ത്യയുടെ സ്കോർ ബോർഡിൽ എത്തിച്ചത് 165 റൺസ്! ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ് (27 പന്തിൽ 9), സായ് സുദർശൻ (79 പന്തിൽ 32), ദേവ്ദത്ത് പടിക്കൽ (31 പന്തിൽ 16), ഇഷാൻ കിഷൻ (60 പന്തിൽ 38) എന്നിവരാണ് റെസ്റ്റ് ഓഫ് ഇന്ത്യ നിരയിൽ പുറത്തായ മറ്റുള്ളവർ.

റെസ്റ്റ് ഓഫ് ഇന്ത്യയുടെ അവസാന മൂന്നു വിക്കറ്റുകൾ ഒറ്റ ഓവറിൽ വീഴ്ത്തിയ തനുഷ് കൊട്ടിയനാണ് അവരെ ചുരുട്ടിക്കെട്ടിയത്. തനുഷ് 27 ഓവറിൽ 101 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. സെഞ്ചറി കൂട്ടുകെട്ടുമായി റെസ്റ്റ് ഓഫ് ഇന്ത്യയെ താങ്ങിനിർത്തിയ അഭിമന്യു ഈശ്വരൻ, ധ്രുവ് ജുറേൽ എന്നിവരെ പുറത്താക്കി ഷംസ് മുളാനിയാണ് അവരെ കൂട്ടത്തകർച്ചയിലേക്ക് തള്ളിവിട്ടത്. പിന്നീട് മാനവ് സുതറിനെയും പുറത്താക്കിയത് മുളാനി തന്നെ. താരം 40 ഓവറിൽ 122 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. മോഹിത് അവാസ്തിക്ക് രണ്ടും ജുനേദ് ഖാന് ഒരു വിക്കറ്റും ലഭിച്ചു.

English Summary:

Mumbai vs Rest of India, Irani Cup 2024, Day 4 - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT