ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ അമ്മ ഫ്ലാറ്റിൽ മരിച്ച നിലയിൽ; കഴുത്തു മുറിച്ച് ജീവനൊടുക്കിയെന്ന് സംശയം, അന്വേഷണം
Mail This Article
പുണെ∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സലിൽ അങ്കോളയുടെ മാതാവ് പുണെയിലെ ഫ്ലാറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. എഴുപത്തേഴുകാരിയായ മാല അശോക് അങ്കോളയെയാണ് പുണെയിലെ പ്രഭാത് റോഡിൽ റീജ് പാത്തിലുള്ള ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ മുറിവുകളുള്ള സാഹചര്യത്തിൽ ആത്മഹത്യയാകാമെന്ന അനുമാനത്തിലാണ് പൊലീസ്. കൊലപാതക സാധ്യതയും പൊലീസ് തള്ളുന്നില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
മകളുടെ പേരിലുള്ള ഫ്ലാറ്റിലാണ് മാല താമസിച്ചിരുന്നത്. മകളും അടുത്തുതന്നെയാണ് താമസിച്ചിരുന്നത്. ഇവർ ഇടയ്ക്കിടെ അമ്മയെ സന്ദർശിക്കുകയും ചെയ്തിരുന്നു. ഇന്നലെ രാവിലെ വീട്ടുജോലിക്കാരി എത്തി ബെൽ അടിച്ചെങ്കിലും വാതിൽ തുറന്നില്ല. ഇതോടെ ഇവർ മകളെ വിവരം അറിയിക്കുകയായിരുന്നു.
മകൾ ഫ്ലാറ്റിന്റെ താക്കോലുമായി മറ്റൊരാളെ ഇവിടേക്ക് അയച്ചു. ഇയാൾ വന്ന് വാതിൽ തുറന്നതിനു പിന്നാലെ വീട്ടുജോലിക്കാരി അകത്തു കയറിയപ്പോഴാണ് മാലയെ ബെഡ്റൂമിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഇവരെ ഉടൻതന്നെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി.
കഴുത്തിലെ മുറിവുകൾ വച്ചു നോക്കുമ്പോൾ മാല ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ഉറപ്പിക്കുന്നതിനായി വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. ഇവിടെ സിസിടിവി ഉണ്ടായിരുന്നെങ്കിലും അത് പ്രവർത്തിക്കുന്നില്ലെന്ന് പൊലീസ് കണ്ടെത്തി.
ഇന്ത്യയ്ക്കായി ഒരു ടെസ്റ്റും 20 ഏകദിനങ്ങളും കളിച്ചിട്ടുള്ള താരമാണ് സലിൽ അങ്കോള. മഹാരാഷ്ട്രയ്ക്കായി 54 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 75 ലിസ്റ്റ് എ മത്സരങ്ങളും കളിച്ചു. ടെസ്റ്റിൽ ആറു റൺസും ഏകദിനത്തിൽ 34 റൺസുമാണ് സമ്പാദ്യം. ടെസ്റ്റിൽ രണ്ടു വിക്കറ്റും ഏകദിനത്തിൽ 13 വിക്കറ്റുമുണ്ട്. കരിയറിലെ ഏക ടെസ്റ്റ് 1989 നവംബർ 15 മുതൽ 20 വരെ കറാച്ചിയിൽ കളിച്ചു. 1989ൽ ഗുജ്രാൻവാലയിൽ പാക്കിസ്ഥാനെതിരെയായിരുന്നു ഏകദിന അരങ്ങേറ്റം. 1997 ഫെബ്രുവരി 13ന് ഡർബനിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ഏകദിനം കളിച്ചു. വിരമിച്ചതിനു ശേഷം ചലച്ചിത്ര മേഖലയിലേക്കു ചുവടുമാറ്റി.