ഒന്നാം ഇന്നിങ്സിൽ ഫിഫ്റ്റി, രണ്ടാം ഇന്നിങ്സിൽ സെഞ്ചറി; താരമായി തനുഷ്, 27 വർഷത്തിനു ശേഷം മുംബൈയ്ക്ക് ഇറാനി കപ്പ്
Mail This Article
ലക്നൗ ∙ ഇറാനി കപ്പ് ക്രിക്കറ്റിൽ റെസ്റ്റ് ഓഫ് ഇന്ത്യയുടെ ശേഷിച്ച പ്രതീക്ഷകളും തല്ലിക്കെടുത്തി സെഞ്ചറിയുമായി തനുഷ് കൊട്ടിയനും അർധസെഞ്ചറിയുമായി മോഹിത് അവാസ്തിയും. പിരിയാത്ത ഒൻപതാം വിക്കറ്റിൽ സെഞ്ചറി കൂട്ടുകെട്ടുമായി മിന്നിയ ഇവരുടെ മികവിൽ മത്സരം സമനിലയിൽ എത്തിച്ച് മുംബൈ കിരീടം ചൂടി. ഒന്നാം ഇന്നിങ്സിൽ 121 റൺസ് ലീഡ് നേടിയതിന്റെ മികവിലാണ് മുംബൈ കിരീടം ചൂടിയത്. മുംബൈയുടെ 15–ാം ഇറാനി കപ്പ് വിജയമാണിത്. നീണ്ട 27 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഈ കിരീടനേട്ടമെന്ന പ്രത്യേകതയുമുണ്ട്. ഒന്നാം ഇന്നിങ്സിൽ ഇരട്ടസെഞ്ചറി നേടിയ സർഫറാസ് ഖാനാണ് കളിയിലെ കേമൻ. സ്കോർ: മുംബൈ – 537 & 329/8, റെസ്റ്റ് ഓഫ് ഇന്ത്യ – 416.
ഒന്നാം ഇന്നിങ്സിൽ അർധസെഞ്ചറി നേടിയ തനുഷ് കൊട്ടിയൻ, രണ്ടാം ഇന്നിങ്സിൽ സെഞ്ചറിയും നേടി തളിങ്ങി. 150 പന്തുകൾ നേരിട്ട താരം 10 ഫോറും ഒരു സിക്സും സഹിതം 114 റൺസുമായി പുറത്താകാതെ നിന്നു. ഒൻപതാമനായി ക്രീസിലെത്തിയ മോഹിത് അവാസ്തിയും അർധസെഞ്ചറി നേടി. 93 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതമാണ് മോഹിതിന്റെ ഫിഫ്റ്റി. പിരിയാത്ത ഒൻപതാം വിക്കറ്റിൽ ഇരുവരും 158 റൺസ് കൂട്ടിച്ചേർത്തു.
സർഫറാസ് ഖാൻ (36 പന്തിൽ 17), ഷംസ് മുലാനി (0), ഷാർദുൽ ഠാക്കൂർ (അഞ്ച് പന്തിൽ രണ്ട്) എന്നിവരാണ് മുംബൈ നിരയിൽ ഇന്ന് പുറത്തായത്. റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കായി സാരാൻഷ് ജെയിൻ 28 ഓവറിൽ 121 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തി. മാനവ് സുതർ 28 ഓവറിൽ 78 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കി.
നേരത്തെ, ഒന്നാം ഇന്നിങ്സിൽ കൂറ്റൻ സ്കോറുയർത്തിയ മുംബൈയെ രണ്ടാം ഇന്നിങ്സിൽ റെസ്റ്റ് ഓഫ് ഇന്ത്യ വിറപ്പിച്ചെങ്കിലും തനുഷ് കൊട്ടിയന്റെ പ്രതിരോധം എല്ലാം തകർത്തു. 121 റൺസിന്റെ ഇന്നിങ്സ് ലീഡുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ മുംബൈ നാലാംദിനം അവസാനിക്കുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 153 എന്ന നിലയിലായിരുന്നു. ഓപ്പണർ പൃഥ്വി ഷാ (76) ഒഴികെ മറ്റാർക്കും തിളങ്ങാനായില്ല.
4 വിക്കറ്റ് നഷ്ടത്തിൽ 289 റൺസുമായി ഇന്നലെ ബാറ്റിങ് പുനരാരംഭിച്ച റെസ്റ്റ് ഓഫ് ഇന്ത്യയെ മുന്നോട്ടുനയിച്ചത് അഭിമന്യു ഈശ്വരനും (191) ധ്രുവ് ജുറേലും (93) ചേർന്നാണ്. അഞ്ചാം വിക്കറ്റിൽ 163 റൺസ് നേടിയ ഈ കൂട്ടുകെട്ട് ഷംസ് മുലാനി പൊളിച്ചതോടെ ലീഡിനായുള്ള റെസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രതീക്ഷ പൊലിഞ്ഞു. 23 റൺസ് എടുക്കുന്നതിനിടെയാണ് അവസാന 6 വിക്കറ്റുകൾ നഷ്ടമായത്.