‘സോറി, നോർത്തിൽ നിന്നുള്ള താരങ്ങളെ ഞാൻ അത്ര ശ്രദ്ധിക്കാറില്ല’: വിവാദമായി മഞ്ജരേക്കറിന്റെ കമന്റ്– വിഡിയോ
Mail This Article
മുംബൈ∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ വീണ്ടും വിവാദക്കുരുക്കിൽ. വനിതാ ട്വന്റി20 ലോകകപ്പിൽ കമന്റേറ്ററായി യുഎഇയിൽ എത്തിയിട്ടുള്ള മഞ്ജരേക്കർ, ഇന്ത്യ – ന്യൂസീലൻഡ് മത്സരത്തിനിടെ കമന്ററി ബോക്സിൽ നടത്തിയൊരു പരാമർശമാണ് വിവാദമായിരിക്കുന്നത്. വടക്കേ ഇന്ത്യയിൽ നിന്നുള്ള താരങ്ങളെ താൻ അത്ര ശ്രദ്ധിക്കാറില്ല എന്ന തരത്തിലായിരുന്നു പരാമർശം. ഇതോടെ, മഞ്ജരേക്കറിനെ കമന്ററി ടീമിൽനിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി ഒട്ടേറെപ്പേർ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി.
മുംബൈ ലോബിയുടെ ഭാഗമായതുകൊണ്ടാണ് മഞ്ജരേക്കർ ഇത്തരം നിരുത്തരവാദപരമായ പരാമർശങ്ങൾ നടത്തുന്നതെന്നും ആരാധകർ വിമർശിച്ചു. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലക സംഘത്തിലുള്ള അമോൽ മജുംദാർ, ആവിഷ്കർ സാൽവി എന്നിവരെക്കുറിച്ച് സംസാരിച്ച മഞ്ജരേക്കർ, പഞ്ചാബ് താരമായിരുന്ന മുഷി ബാലിയെ അറിയില്ലെന്ന് പറഞ്ഞതാണ് വിവാദത്തിന് ആധാരം. വംശീയതയുടെ മറ്റൊരു രൂപമാണ് മഞ്ജരേക്കറിന്റെ പരാമർശമെന്ന് ചില ആരാധകർ കമന്റ് ചെയ്തു.
∙ സംഭവം ഇങ്ങനെ
മത്സരത്തിൽ ന്യൂസീലൻഡ് ഉയർത്തിയ 161 റൺസ് വിജയലക്ഷ്യം ഇന്ത്യ പിന്തുടരുന്നു. ബാറ്റിങ്ങിൽ ഇന്ത്യ തകർച്ചയെ അഭിമുഖീകരിക്കുന്നതിനിടെ 11–ാം ഓവറിൽ ക്യാമറ ഇന്ത്യൻ പരിശീലകൻ അമോൽ മജുംദാറിനു നേരെ തിരിഞ്ഞു. ഇതോടെ കമന്ററി ബോക്സിൽ സഞ്ജയ് മഞ്ജരേക്കറിന്റെ വാക്കുകൾ
‘‘അമോൽ മജുംദാർ എന്തായാലും സന്തോഷവാനാണ്. ഇതൊരു നല്ല അടയാളമാണെന്നു കരുതാം. ടീമിന് പരിശീലകന്റെ പ്രതികരണം കണ്ട് ക്രിയാത്മകമായിത്തന്നെ കളിക്കാം. അദ്ദേഹത്തിന്റെ ഇടതു വശത്തുള്ളത് ആവിഷ്കർ സാൽവി.’’
ഇതോടെ മഞ്ജരേക്കറിന്റെ സഹ കമന്റേറ്റർ മൈക്കെടുത്തു. ‘‘അദ്ദേഹത്തിന്റെ വലതു ഭാഗത്തുള്ളത് മുനിഷ് ബാലി. പഞ്ചാബിന്റെ മുൻ താരവും ഇന്ത്യൻ വനിതാ ടീമിന്റെ ഫീൽഡിങ് പരിശീലകനുമാണ്.’
സഹ കമന്റേറ്ററിന്റെ ഈ കമന്റിനോട് പ്രതികരിക്കുമ്പോഴാണ് മഞ്ജരേക്കർ വിവാദ പരാമർശം നടത്തിയത്:
‘‘സോറി, അദ്ദേഹത്തെ എനിക്ക് മനസ്സിലായില്ല. വടക്കേ ഇന്ത്യയിൽ നിന്നുള്ള താരങ്ങളെ ഞാൻ അത്ര ശ്രദ്ധിക്കാറില്ല.’