വനിതാ ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിന് രണ്ടാം ജയം; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജയം 7 വിക്കറ്റിന്
Mail This Article
ഷാർജ ∙ ബാറ്റിങ്ങിലും ബോളിങ്ങിലും സമഗ്രാധിപത്യം പുലർത്തിയ ഇംഗ്ലണ്ടിന് വനിതാ ട്വന്റി20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയം. ഇന്നലെ നടന്ന മത്സരത്തിൽ 7 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയെ തോൽപിച്ചത്. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 124 റൺസിലൊതുങ്ങി. മറുപടി ബാറ്റിങ്ങിൽ 19.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് ലക്ഷ്യം കണ്ടു. സ്കോർ: ദക്ഷിണാഫ്രിക്ക– 20 ഓവറിൽ 6ന് 124. ഇംഗ്ലണ്ട്– 19.2 ഓവറിൽ 3ന് 125.
ഇടംകൈ സ്പിന്നർ സോഫി എക്ലസ്റ്റനും (2–15) ലെഗ് സ്പിന്നർ സാറ ഗ്ലെനുമാണ് (1–18) ഇംഗ്ലണ്ട് ബോളിങ്ങിൽ തിളങ്ങിയത്. എക്ലസ്റ്റനാണ് പ്ലെയർ ഓഫ് ദ് മാച്ച്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് ഒരു ഘട്ടത്തിലും മികച്ച റൺറേറ്റിൽ മുന്നോട്ടു പോകാനായില്ല. ക്യാപ്റ്റൻ ലോറ വോൾവാർട്ടാണ് (39 പന്തിൽ 42) ടോപ് സ്കോറർ. റൺറേറ്റുയർത്താൻ ശ്രമിച്ച മരിസെയ്ൻ കാപ്പിനെ (17 പന്തിൽ 26) സോഫി ബോൾഡ് ആക്കിയതോടെ ദക്ഷിണാഫ്രിക്ക വീണ്ടും പതറി.
2 ഫോറും ഒരു സിക്സുമായി അവസാന ഓവറുകളിൽ അടിച്ചു കളിച്ച അനെറി ഡെർക്സ്നാണ് (11 പന്തിൽ 20*) സ്കോർ 120 കടത്തിയത്. മറുപടി ബാറ്റിങ്ങിൽ ഡാനി വ്യാട്ട് (43 പന്തിൽ 43), നാറ്റ് സിവർ ബ്രന്റ് (36 പന്തിൽ 48*) എന്നിവരുടെ ഇന്നിങ്സുകളാണ് ഇംഗ്ലണ്ടിന്റെ ജയം അനായാസമാക്കിയത്.