ADVERTISEMENT

അബുദാബി∙ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്‍ക്കെതിരെ ചരിത്രത്തിലെ രണ്ടാമത്തെ മാത്രം വിജയം കുറിച്ച് അയർലൻഡ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ 69 റൺസിനാണ് അയർലൻഡിന്റെ വിജയം. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അയർലൻഡ് നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 284 റൺസ്. ദക്ഷിണാഫ്രിക്കയുടെ മറുപടി 46.1 ഓവറിൽ 215 റൺസിൽ അവസാനിച്ചു. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ച ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കിയിരുന്നു.

അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ പോൾ സ്റ്റിർലിങ് (88), ഹാരി ടെക്ടർ (60) എന്നിവരാണ് അയർലൻഡിന് മികച്ച സ്കോർ സമ്മാനിച്ചത്. സ്റ്റിർലിങ് 92 പന്തിൽ എട്ടു ഫോറും മൂന്നു സിക്സും സഹിതമാണ് 88 റൺസെടുത്തത്. ടെക്ടർ 48 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 60 റൺസെടുത്തു. 73 പന്തിൽ 45 റൺസെടുത്ത ഓപ്പണർ ആൻഡി ബാൽബിർണി, 36 പന്തിൽ 34 റൺസെടുത്ത കർട്ടിസ് കാംഫർ, 28 പന്തിൽ 26 റൺസെടുത്ത ലോർകൻ ടക്കർ എന്നിവരുടെ പ്രകടനവും ശ്രദ്ധേയമായി.

ഓപ്പണിങ് വിക്കറ്റിൽ സെഞ്ചറി കൂട്ടുകെട്ടു തീർത്ത ബാർബിർണി – സ്റ്റിർലിങ് സഖ്യമാണ് അയർലൻഡിന് മികച്ച സ്കോർ ഉറപ്പാക്കിയത്. രണ്ടാം വിക്കറ്റിൽ കാംഫറിനൊപ്പം അർധസെഞ്ചറി കൂട്ടുകെട്ടും തീർക്കാൻ സ്റ്റിർലിങ്ങിനായി. 55 പന്തിൽ ഇരുവരും കൂട്ടിച്ചേർത്തത് 58 റൺസ്. പിന്നീട് നാലാം വിക്കറ്റിൽ ടെക്ടർ – ടക്കർ സഖ്യം 49 പന്തിൽ 54 റൺസ് കൂട്ടിച്ചേർത്ത് അയർലൻഡിനെ സുരക്ഷിതമായ നിലയിലെത്തിച്ചു. ദക്ഷിണാഫ്രിക്കയ്‍ക്കായി ലിസാഡ് വില്യംസ് നാലും ഓട‌്നീൽ ബാർട്മാൻ, ആൻഡിൽ പെഹ്‌ലൂക്‌വായോ എന്നിവർ രണ്ടു വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിൽ ഒരു ഘട്ടത്തിൽ മൂന്നിന് 10 റൺസ് എന്ന നിലയിൽ തകർന്ന ദക്ഷിണാഫ്രിക്കയ്‌ക്ക്, ജേസൺ സ്മിത്തിന്റെ അർധസെഞ്ചറി പ്രകടനമാണ് രക്ഷയായത്. സ്മിത്ത് 93 പന്തിൽ ഒൻപതു ഫോറും നാലു സിക്സും സഹിതം 91 റൺസെടുത്ത് പുറത്തായി. കൈൽ വെരെയ്ൻ (36 പന്തിൽ 38), ട്രിസ്റ്റൻ സ്റ്റബ്സ് (45 പന്തിൽ 20), പെഹ്‌ലൂക്‌വായോ (28 പന്തിൽ 23) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അയലൻഡ‍ിനായി ഗ്രഹാം ഹ്യൂം, ക്രെയ്ഗ് യങ് എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

English Summary:

Stirling and Tector fifties, Hume and Young three-fors help Ireland beat South Africa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com