ADVERTISEMENT

നാല് ഓവറിൽ 31 റൺസ് വഴങ്ങി 3 വിക്കറ്റ്; കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ– ബംഗ്ലദേശ് ട്വന്റി20 മത്സരത്തിലെ ഈ ബോളിങ് സ്പെല്ലിന് രാജ്യാന്തര ക്രിക്കറ്റിൽ എന്തു പ്രസക്തിയെന്നു തോന്നാം. പക്ഷേ, വരുൺ ചക്രവർത്തിയെന്ന മുപ്പത്തിമൂന്നുകാരന് അതൊരു ലൈഫ് ലൈൻ പ്രകടനമായിരുന്നു. പലവട്ടം വഴിതെറ്റിപ്പോയ തന്റെ കരിയർ ഒരിക്കൽ കൂടി ട്രാക്കിലേക്കു തിരിച്ചെത്തിക്കാനുള്ള ലൈഫ് ലൈൻ.

വിടർത്തിപ്പിടിച്ച കണ്ണും അലസതയിൽ പൊതിഞ്ഞ മുഖവും നിഗൂഢതകൾ തുന്നിച്ചേർത്ത പന്തുകളുമായി 3 വർഷത്തിനുശേഷം രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമ്പോൾ, വരുണിനു പറയാനുള്ളത് ക്രിക്കറ്റിനെക്കാൾ വലിയ ട്വിസ്റ്റുകൾ നിറഞ്ഞൊരു ജീവിതകഥയാണ്...

∙ കാരംബോൾ കരിയർ

ബാറ്റർ പ്രതീക്ഷിക്കുന്നതിന്റെ വിപരീത ദിശയിൽ തിരിയുന്ന ഒരു കാരംബോൾ പോലെയാണ് അന്നും ഇന്നും വരുണിന്റെ ജീവിതം. ഒരു ശരാശരി ചെന്നൈ പയ്യനെപ്പോലെ ക്രിക്കറ്റും സിനിമയുമായിരുന്നു ചെറുപ്പത്തിൽ വരുണിന്റെ ഇഷ്ടങ്ങൾ. ടെന്നിസ് ബോൾ ക്രിക്കറ്റിൽ പേസ് ബോളറായി തുടങ്ങിയ വരുൺ, 8–ാം ക്ലാസിൽ പഠിക്കുമ്പോൾ വിക്കറ്റ് കീപ്പറാകാൻ തീരുമാനിച്ചു.

സ്കൂൾ ടീമിൽ പേസ് ബോളർമാരുടെ ധാരാളിത്തം കാരണം ഇടം നഷ്ടപ്പെട്ടതാണ് വിക്കറ്റ് കീപ്പറാകാൻ കാരണം. പക്ഷേ, എന്നിട്ടും സ്കൂൾ ടീമിൽനിന്ന് വരു‍ൺ തഴയപ്പെട്ടു. അതോടെ ഇനി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി വരുണിന്റെ തീരുമാനം.

∙ തല‘വര’ വഴിയേ

വരയ്ക്കാൻ കഴിവുള്ളതിനാൽ പ്ലസ് ടു കഴിഞ്ഞയുടൻ ആർക്കിടെക്ചർ കോഴ്സിൽ ബിരുദം ചെയ്യാ‍ൻ വരുൺ തീരുമാനിച്ചു. പഠനശേഷം ജോലിക്കു കയറിയെങ്കിലും സ്വന്തമായി ബിസിനസ് തുടങ്ങാൻ ജോലി ഉപേക്ഷിച്ച് നാട്ടിലേക്കു തിരിച്ചെത്തി. സ്വന്തമായി ഒരു ആർക്കിടെക്ചർ കമ്പനി നടത്തിവരുന്നതിനിടെയാണ് ചെന്നൈയിലുണ്ടായ പ്രളയം തിരിച്ചടിയായത്. 

ക്രിക്കറ്റും ബിസിനസും തന്നെ കൈവിട്ടതോടെ സിനിമയിൽ ഭാഗ്യം പരീക്ഷിക്കാനായിരുന്നു വരുണിന്റെ അടുത്ത തീരുമാനം. ക്രിക്കറ്റ് പ്രമേയമാക്കി പുറത്തിറങ്ങിയ ജീവ എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചെങ്കിലും അവസരങ്ങൾ കുറഞ്ഞതോടെ വരുൺ വീണ്ടും ക്രിക്കറ്റിലേക്ക് തിരിഞ്ഞു.

∙ രണ്ടാം ഇന്നിങ്സ്

പേസ് ബോളറായും വിക്കറ്റ് കീപ്പറായുമുള്ള പരിശ്രമങ്ങൾ പരാജയപ്പെട്ടതോടെ സ്പിൻ ബോളറായി രണ്ടാം ഇന്നിങ്സ് തുടങ്ങാനായിരുന്നു വരുണിന്റെ തീരുമാനം. തമിഴ്നാട് ഡി ഡിവിഷൻ ക്ലബ്ബുകളിൽ സ്പിൻ ബോളറായി കളിച്ച വരുൺ തന്റെ ബോളിങ്ങിലെ വ്യത്യസ്ത കൊണ്ട് വളരെപ്പെട്ടെന്ന് ക്ലബ് ക്രിക്കറ്റിൽ ശ്രദ്ധേയനായി.

2018ൽ തമിഴ്നാട് ലീഗ് മത്സരങ്ങൾ കാണാനിടയായ മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക് വഴി ഐപിഎൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നെറ്റ് ബോളറാകാൻ വരുണിന് അവസരം ലഭിച്ചു. കൊൽക്കത്തയിൽ നിന്നു തിരിച്ചെത്തിയ അടുത്ത വർഷം തന്നെ തമിഴ്നാട് പ്രിമിയർ ലീഗിലും (ടിഎൻപിഎൽ) വരുൺ ഭാഗമായി. അവിടെ മികവുകാട്ടിയതോടെ, ഐപിഎൽ താരലേലത്തിൽ 4 കോടി രൂപയ്ക്ക് വരുൺ കൊൽക്കത്ത ടീമിലെത്തി.

തൊട്ടടുത്ത വർഷം ഇന്ത്യൻ ടീമിൽ അരങ്ങേറുകയും ട്വന്റി20 ലോകകപ്പ് സ്ക്വാഡിൽ ഇടംപിടിക്കുകയും ചെയ്തെങ്കിലും പ്രതീക്ഷിച്ച പോലെ തിളങ്ങാനായില്ല. ദേശീയ ടീമിൽ നിന്നു തഴയപ്പെട്ടെങ്കിലും ഐപിഎലിൽ മിന്നും ഫോം തുടർന്ന വരുണിനെ 12 കോടി രൂപയ്ക്കാണ് കൊൽക്കത്ത ടീമിൽ നിലനിർത്തിയത്.

∙ ഓൾ ഇൻ വൺ

ഒരു ലെഗ് സ്പിന്നർക്കു വേണ്ട എല്ലാ ബോളിങ് വേരിയേഷനുകളുമുള്ള ബോളറാണ് വരുൺ. സാധാരണ സ്പിന്നർമാരെക്കാൾ അൽപം അധികം റണ്ണപ്പ് എടുത്ത്, ഒരു മീഡിയം പേസറുടെ വേഗത്തിൽ ലെഗ് സ്പിൻ, ഫ്ലിപ്പർ, ഗൂഗ്ലി, കാരംബോൾ തുടങ്ങിയ പന്തുകൾ കൃത്യമായ നിയന്ത്രണത്തോടെ എറിയാൻ വരുണിനു സാധിക്കും.

ഇതിനു പുറമേ, വരുൺ തന്നെ വികസിപ്പിച്ചെടുത്ത പുൾ ബാക്ക് ഡെലിവറിയുമുണ്ട്. ടെന്നിസ് ബോൾ ക്രിക്കറ്റിൽ കണ്ടുശീലിച്ച, അവസാന നിമിഷം പന്തിന് റിവേഴ്സ് ടേൺ നൽകുന്ന ബോളാണ് പുൾ ബാക്ക് ഡെലിവറി.

English Summary:

Varun Chakaravarthy returns to international career

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com