അംപയർ തിരിഞ്ഞുനോക്കുമ്പോൾ പിന്നിൽ ഒരാൾ, പാന്റിൽ പിടിച്ച് വലിച്ച് ലബുഷെയ്ൻ; വൈറലായി ഫീൽഡ് സെറ്റിങ്– വിഡിയോ
Mail This Article
പെർത്ത്∙ ഓസ്ട്രേലിയയിലെ പെർത്തിൽ നടക്കുന്ന ആഭ്യന്തര റെഡ് ബോൾ ടൂർണമെന്റായ ഷെഫീൽഡ് ഷീൽഡിൽ, വെസ്റ്റേൺ ഓസ്ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ ക്വീൻസ്‌ലാൻഡ് ക്യാപ്റ്റൻ മാർനസ് ലബുഷെയ്ന്റെ ഫീൽഡിങ് ക്രമീകരണം വൈറൽ. മത്സരത്തിന്റെ ഒന്നാം ദിനം എതിരാളികളുടെ ഇരട്ടസെഞ്ചറി കൂട്ടുകെട്ട് പൊളിക്കാനായി സ്വയം ബോൾ ചെയ്യാനെത്തിയപ്പോഴാണ് ലബുഷെയ്ന്റെ ഫീൽഡിങ് ക്രമീകരണം ശ്രദ്ധ നേടിയത്. മിഡ് ഓണിൽ നിന്ന ഫീൽഡറെ വിളിച്ചുവരുത്തി നേരെ അംപയറുടെ പിന്നിൽ നിർത്തുകയായിരുന്നു. തിരിഞ്ഞുനോക്കിയ അംപയർ നേരെ പിന്നിൽ ഒരു ഫീൽഡറെ നിർത്തിയിരിക്കുന്നതു കണ്ട് കൗതുകത്തോടെ നോക്കുന്നത് വിഡിയോയിൽ കാണാം. ബോൾ ചെയ്യുന്നതിനു തൊട്ടുമുൻപ് ലബുഷെയ്ൻ ഈ ഫീൽഡറുടെ പാന്റിൽ പിടിച്ച് വലിച്ച് കുറച്ച് നീക്കിനിർത്തുന്നതും കാണാം.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റേൺ ഓസ്ട്രേലിയയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ക്വീൻസ്‍ലാൻഡ‍് താരം മൈക്കൽ നെസ്സർ അവരുടെ ടോപ് ഓർഡർ തകർത്തു തരിപ്പണമാക്കി. പ്രമുഖ താരങ്ങളായ കാമറോൺ ബാൻക്രോഫ്റ്റ് (0), ജയ്ഡൻ ഗുഡ്‌വിൻ (0), മിച്ചൽ മാർഷ് (12) എന്നിവരെ പുറത്താക്കിയാണ് നെസർ ടീമിന് മിന്നുന്ന തുടക്കം സമ്മാനിച്ചത്. നാലാം വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ടുമായി തിരിച്ചുവരവിന്റെ ലക്ഷണം കാട്ടിയ സമയത്ത്, ഹിൽട്ടൻ കാർട്ട്‌റൈറ്റിനെ (38) പുറത്താക്കി സ്പിന്നർ മിച്ചൽ സ്വെപ്സനും രക്ഷനായി.
എന്നാൽ, അഞ്ചാം വിക്കറ്റിൽ ക്യാപ്റ്റൻ സാം വൈറ്റ്‌മാനും വിക്കറ്റ് കീപ്പർ ബാറ്റർ ജോഷ് ഇൻഗ്ലിസും ഒന്നിച്ചതോടെ ക്വീൻസ്‍ലാൻഡ് പതറി. ഇരുവരും ചേർന്ന് ഇരട്ടസെഞ്ചറി കൂട്ടുകെട്ട് തീർത്ത് ടീമിനെ തകർച്ചയിൽനിന്ന് രക്ഷപ്പെടുത്തി. ഈ ഘട്ടത്തിലാണ് കൂട്ടുകെട്ട് പൊളിക്കാനായി ക്യാപ്റ്റൻ മാർനസ് ലബുഷെയ്ൻ തന്നെ ബോളിങ്ങിന് എത്തുന്നത്.
ഒന്നാം ദിനം 66–ാം ഓവറിലായിരുന്നു ഇത്. തന്റെ രണ്ടാം ഓവർ ചെയ്യുന്നതിനു മുൻപായി ഒരു ഫീൽഡറെ വിളിച്ച് ലബുഷെയ്ൻ അംപയറിന്റെ നേരെ പിന്നിലായി നിർത്തുകയായിരുന്നു. മിഡ് ഓണിലും മിഡ് ഓഫിലും ഫീൽഡർമാരെ നിർത്തുന്നത് പതിവാണെങ്കിലും, തന്റെ തൊട്ടുപിന്നിൽ ഫീൽഡറെ നിർത്തിയിരിക്കുന്നത് അംപയർ തന്നെ കൗതുകത്തോടെ വീക്ഷിക്കുന്നുണ്ടായിരുന്നു. ബോൾ ചെയ്യുന്നതിനു തൊട്ടുമുൻപ് ഈ ഫീൽഡറെ അംപയറുടെ നേരെ പിന്നിൽനിന്ന് അൽപം ഇടത്തേക്ക് പാന്റിൽ പിടിച്ച് വലിച്ച് നീക്കി നിർത്തുകയും ചെയ്തു.
83 റൺസുമായി ക്രീസിൽ നിൽക്കുകയായിരുന്ന ഇൻഗ്ലിസ് ഇതൊന്നും കണ്ട് കുലുങ്ങിയില്ല. പിന്നീട് ബോൾ ചെയ്യുമ്പോഴും ലബുഷെയ്ൻ ബാറ്റർമാരെ തുടർച്ചയായി ബൗണ്‍സറുകളിലൂടെ പരീക്ഷിച്ചു. മൂന്ന് ഓവർ നീണ്ട ലബുഷെയ്ന്റെ സ്പെൽ കാണികൾക്കും രസകരമായ അനുഭവമായി. തുടർച്ചയായി ബൗൺസറുകൾ എറിഞ്ഞ് കൂട്ടുകെട്ട് പൊളിക്കാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ലെന്നു മാത്രം. ഇതിൽ രണ്ട് ഓവറുകൾ മെയ്ഡനായി.
ഒടുവിൽ മറ്റൊരു പാർട്ട് ടൈം ബോളർ മാറ്റ് റെൻഷോയാണ് കൂട്ടുകെട്ട് പൊളിച്ചത്. 122 റൺസെടുത്ത ഇൻഗ്ലിസിനെ 80–ാം ഓവറിലാണ് റെൻഷോ പുറത്താക്കിയത്. 102 റൺസെടുത്ത സാം വൈറ്റ്‌മാനെ നെസറും പുറത്താക്കി. പിന്നീട് രണ്ടാം ദിനം എട്ടാം വിക്കറ്റിൽ കാമറൂൺ ഗാനോണും കൂപ്പർ കൊണോലിയും ചേർന്ന് അർധസെഞ്ചറി കൂട്ടുകെട്ട് തീർത്തപ്പോഴും ലബുഷെയ്ൻ ബോൾ ചെയ്യാനെത്തി. ഒടുവിൽ ഗാനോണിനെ പുറത്താക്കി 121 റൺസിന്റെ കൂട്ടുകെട്ട് പൊളിക്കുകയും ചെയ്തു. പിന്നീട് ഒരു വിക്കറ്റു കൂടി വീഴ്ത്തി അവരെ 465 റൺസിന് ചുരുട്ടിക്കെട്ടുകയും ചെയ്തു.