ADVERTISEMENT

മുൾട്ടാൻ∙ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇംഗ്ലിഷ് താരമെന്ന റെക്കോർഡിലേക്ക് സെഞ്ചറിത്തിളക്കത്തോടെ ബാറ്റുവീശിയ ജോ റൂട്ട് ഒരുവശത്ത്, ടെസ്റ്റ് കരിയറിലെ ആറാം സെഞ്ചറിയുമായി ഹാരി ബ്രൂക് മറുഭാഗത്ത്. സ്വന്തം നാട്ടിൽ പാക്കിസ്ഥാൻ ബോളർമാരെ വിജയകരമായി പ്രതിരോധിച്ച് ക്രീസിൽ തുടരുന്ന ഇരുവരുടെയും മികവിൽ, ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് ശക്തമായ നിലയിൽ. മൂന്നാം ദിനം കളി നിർത്തുമ്പോൾ 101 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 492 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. റൂട്ട് 176 റൺസോടെയും ബ്രൂക്ക് 141 റൺസോടെയും ക്രീസിൽ. പിരിയാത്ത നാലാം വിക്കറ്റിൽ ഇരുവരും ഇതുവരെ 143 റൺസ് കൂട്ടിച്ചേർത്തു. ഏഴു വിക്കറ്റ് കയ്യിലിരിക്കെ പാക്കിസ്ഥാന്റെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 64 റൺസ് മാത്രം പിന്നിലാണ് ഇംഗ്ലണ്ട്.

118 പന്തിൽ എട്ടു ഫോറും ഒരു സിക്സും സഹിതമാമ് ഹാരി ബ്രൂക് എട്ടാം ടെസ്റ്റ് സെഞ്ചറിയിലേക്ക് എത്തിയത്. 173 പന്തിൽ 12 ഫോറും ഒരു സിക്സും സഹിതമാണ് 141 റൺസെടുത്തത്. ഇതുവരെ 277 പന്തുകൾ നേരിട്ട ജോ റൂട്ട്, 12 ഫോറുകളോടെ 176 റൺസുമെടുത്തു. ഇംഗ്ലണ്ടിനായി ഓപ്പണർ സാക് ക്രൗളി (78), ബെൻ ഡക്കറ്റ് (84) എന്നിവരും അർധസെഞ്ചറി നേടി. 85 പന്തിൽ 13 ഫോറുകളോടെയാണ് ക്രൗളി 78 റൺസെടുത്തത്. 75 പന്തിൽ 11 ഫോറുകൾ സഹിതമാണ് ഡക്കറ്റ് 84ൽ എത്തിയത്. ഇംഗ്ലണ്ട് നിരയിൽ ഇതുവരെ നിരാശപ്പെടുത്തിയത് ക്യാപ്റ്റൻ ഒലി പോപ്പ് മാത്രം. രണ്ടു പന്തു നേരിട്ട ഒലി പോപ്പ്, അക്കൗണ്ട് തുറക്കാനാകാതെ പുറത്തായി.

പാക്കിസ്ഥാനായി ഷഹീൻ അഫ്രീദി, നസീം ഷാ, ആമിർ ജമാൽ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. മുപ്പത്തിമൂന്നുകാരനായ റൂട്ട്, 12472 റൺസെടുത്ത അലിസ്റ്റയർ കുക്കിന്റെ റെക്കോർഡാണ് മുൾട്ടാനിലെ ഇന്നിങ്സിനിടെ മറികടന്നത്. ആമിർ ജമാലിനെതിരെ ബൗണ്ടറിയിലൂടെ 71 റൺസിൽ എത്തിയപ്പോഴാണ് റൂട്ട്, കുക്കിനെ മറികടന്നത്. രാജ്യാന്തര ക്രിക്കറ്റിൽ ടെസ്റ്റ് ക്രിക്കറ്റിൽ കൂടുതൽ റൺസ് നേടിയ താരങ്ങളിൽ അഞ്ചാമതെത്താനും റൂട്ടിനായി.

ടെസ്റ്റിൽ അടുത്തിടെ ശ്രീലങ്കയ്‍ക്കെതിരെ 34–ാം സെഞ്ചറിയുമായി സെഞ്ചറി നേട്ടത്തിൽ കുക്കിനെ മറികടന്ന റൂട്ട് പാക്കിസ്ഥാനെതിരെ 35–ാം സെഞ്ചറിയും കുറിച്ചു. ഇതിനു പുറമേ, ഒരു കലണ്ടർ വർഷത്തിൽ 1000 ടെസ്റ്റ് റൺസുകളെന്ന നേട്ടാം അഞ്ചാം തവണയും പിന്നിട്ടു. ബ്രയാൻ ലാറ, റിക്കി പോണ്ടിങ്, മാത്യു ഹെയ്ഡൻ, ജാക്വസ് കാലിസ്, കുമാർ സംഗക്കാര, അലിസ്റ്റർ കുക്ക് എന്നിവർ മാത്രമാണ് മുൻപ് ഈ നേട്ടം കൈവരിച്ചവർ.

ടെസ്റ്റിൽ കൂടുതൽ റൺസ്

∙ സച്ചിൻ തെൻഡ‍ുൽക്കർ (ഇന്ത്യ) – 15,921
∙ റിക്കി പോണ്ടിങ് (ഓസ്ട്രേലിയ) – 13,378
∙ ജാക്വസ് കാലിസ് (ദക്ഷിണാഫ്രിക്ക – 13, 289
∙ രാഹുൽ ദ്രാവിഡ് – 13,288
∙ ജോ റൂട്ട് – 12,473 (ബാറ്റിങ് തുടരുന്നു)

English Summary:

Pakistan Vs England First test day3

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com