വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന്റെ തോൽവിയിലും തിളക്കം മങ്ങാതെ ആദിത്യ ബൈജു; 7 വിക്കറ്റ്, 18 റൺസ്!
Mail This Article
തിരുവനന്തപുരം∙ അണ്ടർ 19 വിനൂ മങ്കാദ് ട്രോഫിയിൽ തകര്‍പ്പൻ പ്രകടനവുമായി കേരള താരം ആദിത്യ ബൈജു. ഉത്തരാഖണ്ഡിനെതിരായ മത്സരത്തിൽ ഏഴ് വിക്കറ്റ് വീഴ്ത്തിയാണ് ആദിത്യ ശ്രദ്ധേയനായത്. 10 ഓവറിൽ 67 റൺസ് വഴങ്ങിയായിരുന്നു ആദിത്യയുടെ വിക്കറ്റ് വേട്ട. വിനൂ മങ്കാദ് ട്രോഫിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബോളിങ് പ്രകടനങ്ങളിലൊന്നാണ് ആദിത്യയുടേത്. അതേസമയം, ആദിത്യയുടെ മികച്ച പ്രകടനത്തിനും ടീമിനെ രക്ഷിക്കാനായില്ല. മത്സരത്തിൽ കേരളം 131 റൺസിന്റെ തോൽവി വഴങ്ങി. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഉത്തരാഖണ്ഡ് നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 297 റൺസ്. കേരളം 40.1 ഓവറിൽ 166 റൺസിന് എല്ലാവരും പുറത്തായി.
ആദ്യ ഓവറിൽത്തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തിയാണ് ആദിത്യ തന്‍റെ ഉജ്വല ബോളിങ് സ്പെല്ലിന് തുടക്കമിട്ടത്. ഉത്തരാഖണ്ഡ് ക്യാപ്റ്റൻ ആരവ് മഹാജനെയും തുടർന്നെത്തിയ ആയുഷ് ദേസ്വാളിനെയും ആദിത്യ ക്ലീൻ ബൗൾഡാക്കി. പിന്നീട് മികച്ച കൂട്ടുകെട്ടുകളുമായി കൂറ്റൻ സ്കോറിലേക്കു നീങ്ങിയ ഉത്തരാഖണ്ഡിനെ 297 റൺസിൽ പിടിച്ചു കെട്ടിയതും ആദിത്യ തന്നെ. 45, 47 ഓവറുകളിൽ താരം രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മത്സരത്തിലാകെ 10 ഓവറിൽ 67 റൺസ് വഴങ്ങി ഏഴ് വിക്കറ്റാണ് ആദിത്യ സ്വന്തമാക്കിയത്. പിന്നീട് ബാറ്റിങ്ങിൽ എട്ടു പന്തിൽ മൂന്നു ഫോറുകളോടെ 16 റൺസെടുത്ത് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
കോട്ടയം കുമരകം സ്വദേശിയായ ആദിത്യ കളിച്ചുവളര്‍ന്നത് ദുബായിലാണ്. അച്ഛന്‍റെ ക്രിക്കറ്റ് ആവേശം പിന്തുടർന്നാണ് ആദിത്യയും ക്രിക്കറ്റിലേക്ക് ചുവടു വയ്ക്കുന്നത്. ആദിത്യയുടെ പിതാവ് ബൈജു ജില്ലാ, സോൺ തലങ്ങളിൽ വരെയുള്ള ടീമുകളിൽ കളിച്ചിട്ടുണ്ട്. സ്മിതയാണ് അമ്മ.
കേരളത്തിൽനിന്ന് എംആർഎഫ് പേസ് ഫൗണ്ടേഷനിൽ പരിശീലനത്തിനു സിലക്ഷൻ ലഭിച്ച ആദിത്യ കേരളത്തിന്റെ ഭാവി പേസ് ബോളിങ് പ്രതീക്ഷയായാണ് വിലയിരുത്തപ്പെടുന്നത്. അടുത്തിടെയാണ് ആദിത്യയ്ക്ക് ഫൗണ്ടേഷനിൽ പരിശീലനത്തിനായി സിലക്ഷൻ ലഭിച്ചത്. മികച്ച വേഗവും ലൈനും ലെങ്തുമാണ് ആദിത്യയുടെ കരുത്ത്. നിർണായക ഘട്ടങ്ങളിൽ വിക്കറ്റെടുക്കാനും കഴിവുണ്ട്.
കഴിഞ്ഞ വർഷവും കേരളത്തിന്‍റെ അണ്ടർ 19 ടീമിൽ അംഗമായിരുന്നു ആദിത്യ. ഇതിനു പുറമേ കെസിഎയുടെ എലൈറ്റ് ടൂർണമെന്‍റുകളായ കോറമാൻഡൽ ട്രോഫിയിലും സെലസ്ഷ്യൽ ട്രോഫിയിലും മികച്ച പ്രകടനം കാഴ്ചവച്ചു. കോറമാൻഡൽ ട്രോഫിയിൽ മികച്ച ബോളറായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, സെലസ്റ്റ്യൽ കപ്പിൽ പ്രോമിസിങ് പ്ലേയറായി.