ബോളിങ്ങിനിടെ ‘സിംബു, സിംബു’ എന്നു വിളിച്ച് അഫ്രീദി, ബാബറിനെ അപമാനിച്ചതായി ആരോപണം- വിഡിയോ
Mail This Article
മുൾട്ടാൻ∙ ഇംഗ്ലണ്ട്– പാക്കിസ്ഥാൻ ഒന്നാം ടെസ്റ്റിനിടെ പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ ബാബർ അസമിനെ പേസർ ഷഹീൻ ഷാ അഫ്രീദി അപമാനിച്ചതായി ആരോപണം. ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടെ ഷഹീൻ പല തവണ ‘സിംബു സിംബു’ എന്നു വിളിച്ചു പറഞ്ഞതാണു വിവാദത്തിനു വഴി തുറന്നത്. ചെറിയ ടീമുകൾക്കെതിരെ സ്ഥിരമായി സ്കോർ ചെയ്യുകയും വമ്പൻ ടീമുകളെത്തുമ്പോള്‍ ബാറ്റിങ്ങിൽ പരാജയപ്പെടുകയും ചെയ്യുന്ന ബാബർ അസമിനെ ‘സിംബാബർ, സിംബു’ എന്നൊക്കെ വിമർശകർ പരിഹസിക്കാറുണ്ട്.
എന്നാൽ സ്വന്തം ടീമിലെ ഒരു താരം തന്നെ ബാബറിനെതിരെ ഈ വാക്കുകൾ ഉപയോഗിച്ചത് ഞെട്ടിച്ചെന്ന് ആരാധകരിൽ ചിലർ പ്രതികരിച്ചു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 2022ലാണ് ബാബർ അസം ടെസ്റ്റിൽ അവസാനമായി സെഞ്ചറി തികച്ചത്. ന്യൂസീലൻഡിനെതിരെ കറാച്ചിയില്‍ നടന്ന ടെസ്റ്റിൽ താരം 161 റൺസ് അടിച്ചെടുത്തിരുന്നു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ബാബർ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്. ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്സുകളിലും 30,5 എന്നിങ്ങനെ സ്കോറുകളാണ് ബാബർ അസം സ്വന്തമാക്കിയത്. ബോളർമാർക്ക് യാതൊരു സാധ്യതയും നൽകാത്ത മുൾട്ടാനിലെ പിച്ചിലും ബാബർ അസം ബാറ്റിങ്ങിൽ പരാജയപ്പെടുകയായിരുന്നു. അതേസമയം ബാബറിനെ സഹതാരങ്ങൾ ഡ്രസിങ് റൂമിൽവച്ച് ‘സിംബു’ എന്നു വിളിക്കാറുണ്ടെന്ന് ഒരു രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്തു.
ഒന്നാം ഇന്നിങ്സിൽ മൂന്നു ബാറ്റർമാരുടെ സെഞ്ചറികൾ സഹിതം 556 റൺസെടുത്ത ടെസ്റ്റ് മത്സരത്തിൽ പാക്കിസ്ഥാന്‍ അവിശ്വസനീയമായ തോൽവിയാണു വഴങ്ങിയത്. ഇന്നിങ്സിനും 47 റൺസിനുമാണ് ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ വിജയം. ഒന്നാം ഇന്നിങ്സിൽ 267 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് ആരംഭിച്ച പാക്കിസ്ഥാൻ, അഞ്ചാം ദിനം ആദ്യ സെഷൻ പോലും പൂർത്തിയാക്കാനാകാതെ 54.5 ഓവറിൽ 220 റൺസിന് എല്ലാവരും പുറത്തായി.
അസുഖബാധിതനായ അബ്രാർ അഹമ്മദ് രണ്ടാം ഇന്നിങ്സിൽ ബാറ്റു ചെയ്തില്ല. ഇതോടെ മൂന്നു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇംഗ്ലണ്ട് 1–0ന് മുന്നിലെത്തി. ടെസ്റ്റിൽ പാക്കിസ്ഥാന്റെ തുടർച്ചയായ ആറാം തോൽവിയും സ്വന്തം നാട്ടിൽ അവസാനം കളിച്ച ഒൻപതു ടെസ്റ്റുകളിൽ ഏഴാം തോൽവിയുമാണിത്. സ്കോർ: പാക്കിസ്ഥാൻ – 556 & 220, ഇംഗ്ലണ്ട് – 823/7 ഡിക്ലയേർഡ്.