ജാംനഗർ രാജസിംഹാസനത്തിന് പുതിയ അനന്തരാവകാശി; അജയ് ജഡേജ ‘ജാം സാഹെബ്’ ആകും
Mail This Article
അഹമ്മദാബാദ്∙ ഗുജറാത്തിലെ ജാംനഗറിന്റെ അടുത്ത രാജാവാകാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അജയ് ജഡേജ. ഗുജറാത്തിലെ നാട്ടുരാജ്യമായിരുന്ന നവനഗറാണ് പിന്നീട് ജാംനഗറായി മാറിയത്. പരമ്പരാഗതമായി അധികാരത്തിലുള്ള നവാനഗറിലെ മഹാരാജ ജാം സാഹെബാണ് ജഡേജയെ അടുത്ത ജാം സാഹെബായി പ്രഖ്യാപിച്ചത്. ശത്രുസല്യാസിൻഹ്ജിയാണ് നിലവിലെ ജാം സാഹെബ്. ജഡേജയുടെ പിതാവിന്റെ സഹോദരനാണ് ശത്രുസല്യാസിൻഹ്ജി.
‘‘ദസറ ദിനത്തിൽ അജയ് ജഡേജയെ എന്റെ പിൻഗാമിയായി കണ്ടെത്തിയിരിക്കുന്നു. അതിൽ എനിക്ക് സന്തോഷമുണ്ട്. ജാംനഗറിലെ ജനങ്ങളെ സേവിക്കേണ്ട ചുമതല അജയ് ജഡേജ ഏറ്റെടുത്തത് ഇവിടെയുള്ളവർക്കു ലഭിച്ച അനുഗ്രഹമായി കാണുന്നു. ജഡേജയ്ക്ക് എന്റെ നന്ദി അറിയിക്കുന്നു.’’– മഹാരാജ ജാംസാഹെബ് ശത്രുസല്യസിൻഹ്ജി പ്രതികരിച്ചു.
വാതുവയ്പ് വിവാദത്തിൽപെട്ട് വിലക്കു നേരിട്ടതോടെയാണ് അജയ് ജഡേജ ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കുന്നത്. 1992 ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ ജഡേജ, 2000ലാണ് ഇന്ത്യൻ ജഴ്സിയിൽ ഒടുവിൽ കളിച്ചത്. ഏകദിന ക്രിക്കറ്റിൽ 196 മത്സരങ്ങളിൽനിന്ന് 5359 റൺസ് നേടിയിട്ടുണ്ട്. ആറ് സെഞ്ചറികളും താരം സ്വന്തമാക്കി. ടെസ്റ്റിൽ 15 മത്സരങ്ങളിലും താരം ഇന്ത്യയ്ക്കു വേണ്ടി കളിച്ചു.
ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹി, ഹരിയാന, ജമ്മു കശ്മീർ ടീമുകൾക്കു വേണ്ടി കളിക്കാനിറങ്ങിയിട്ടുണ്ട്. 1971 ൽ ജാംനഗറിലാണ് ജഡേജ ജനിച്ചത്. പരേതയായ ആലപ്പുഴ മുഹമ്മ സ്വദേശിനി ഷാൻ ആണ് താരത്തിന്റെ മാതാവ്. പിതാവ് ദൗലത് സിങ് ഗുജറാത്തിലെ ജാംനഗറിൽനിന്നുള്ള കോൺഗ്രസിന്റെ ലോക്‌സഭാംഗമായിരുന്നു.