സഞ്ജു സെഞ്ചറി, സൂര്യയുടെ ‘കട്ട സപ്പോർട്ട്’, മറുപടിയില്ലാതെ ബംഗ്ലദേശ്; ഇന്ത്യയ്ക്ക് 133 റൺസ് വിജയം
Mail This Article
ഹൈദരാബാദ്∙ സഞ്ജു സാംസണും സൂര്യകുമാർ യാദവും ബാറ്റിങ് വിരുന്നൊരുക്കിയ ഹൈദരാബാദിൽ ഇന്ത്യയ്ക്ക് 133 റൺസ് വിജയം. ഇന്ത്യ ഉയർത്തിയ 298 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ബംഗ്ലദേശിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. ട്വന്റി20യിലെ ആദ്യ സെഞ്ചറി തികച്ച സഞ്ജു സാംസണാണു കളിയിലെ താരം. ഇന്ത്യ മൂന്നാം വിജയം നേടിയതോടെ ടെസ്റ്റ് പരമ്പരയിലെയും ട്വന്റി20യിലേയും എല്ലാ കളികളും തോറ്റാണ് ബംഗ്ലദേശ് മടങ്ങുന്നത്.
42 പന്തിൽ 63 റണ്‍സെടുത്ത തൗഹിദ് ഹൃദോയിയാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിൽ സ്കോർ ബോർഡിൽ ആദ്യ റൺ ചേർക്കുന്നതിനു മുൻപേ ബംഗ്ലദേശ് ഓപ്പണര്‍ പർവേസ് ഹുസെയ്നെ മയങ്ക് യാദവ് പുറത്താക്കി. ഇന്ത്യ ഉയർത്തിയ വമ്പൻ വിജയലക്ഷ്യത്തിന് അടുത്തെങ്കിലുമെത്താൻ, തുടർച്ചയായ ബൗണ്ടറികൾ ബംഗ്ലദേശിന് വേണമായിരുന്നു. അതിനു ശ്രമിച്ചപ്പോൾ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. മധ്യനിരയിൽ ലിറ്റൻ ദാസും തൗഹിദ് ഹൃദോയും കൈകോർത്തതോടെ ബംഗ്ലദേശ് 100 കടന്നു. 42 റൺസെടുത്ത ലിറ്റൻ ദാസിനെ സ്പിന്നർ രവി ബിഷ്ണോയി തിലക് വർമയുടെ കൈകളിലെത്തിച്ചു.
പിന്നാലെയെത്തിയ മധ്യനിര താരങ്ങള്‍ തിളങ്ങാൻ സാധിക്കാതെ മടങ്ങിയതോടെ ബംഗ്ലദേശ് പ്രതിരോധത്തിലായി. തൗഹിദ് ഹൃദോയ് 35 പന്തുകളിൽനിന്ന് അർധ സെഞ്ചറി തികച്ചു. അവസാന 12 പന്തുകളിൽ 148 റൺസായിരുന്നു ബംഗ്ലദേശിന് ജയിക്കാൻ വേണ്ടിയിരുന്നത്. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്ത് ബംഗ്ലദേശ് ബാറ്റിങ് അവസാനിപ്പിച്ചു.
സഞ്ജു ഷോ, കാഴ്ചക്കാരായി ബംഗ്ലദേശ്
ട്വന്റി20 ക്രിക്കറ്റിൽ സഞ്ജു സാംസന്റെ കന്നി സെഞ്ചറിക്കരുത്തിലായിരുന്നു ഇന്ത്യയുടെ ബാറ്റിങ് ഷോ. 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ നേടിയത് 297 റൺസ്. ടെസ്റ്റ് പദവിയുള്ള ടീമുകളിലെ ഏറ്റവും ഉയർന്ന ട്വന്റി20 സ്കോറാണിത്. ഓപ്പണറായി ഇറങ്ങിയ സഞ്ജു 47 പന്തിൽ 111 റൺസെടുത്തു പുറത്തായി. 40 പന്തുകളിൽനിന്നാണ് സഞ്ജു ട്വന്റി20 രാജ്യാന്തര കരിയറിലെ ആദ്യ സെഞ്ചറിയിലെത്തിയത്. എട്ട് സിക്സുകളും 11 ഫോറുകളും സഞ്ജു ഹൈദരാബാദിൽ അടിച്ചുകൂട്ടി.
ട്വന്റി20യില്‍ ഇന്ത്യൻ താരത്തിന്റെ രണ്ടാമത്തെ വേഗമേറിയ സെഞ്ചറിയാണിത്. 2017ൽ ശ്രീലങ്കയ്ക്കെതിരെ 35 പന്തിൽ സെഞ്ചറി തികച്ച രോഹിത് ശർമയാണ് ഒന്നാമത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് അർധ സെഞ്ചറി നേടി പുറത്തായി. 35 പന്തുകൾ നേരിട്ട സൂര്യ 75 റൺസെടുത്തു. റിയാൻ പരാഗ് (13 പന്തിൽ 34), ഹാർദിക് പാണ്ഡ്യ (18 പന്തിൽ 47) എന്നിവരും തിളങ്ങി. നാലു പന്തിൽ നാലു റണ്‍സെടുത്ത ഓപ്പണർ അഭിഷേക് ശർമയാണ് ഇന്ത്യൻ നിരയിൽ ആദ്യം പുറത്തായത്. സ്കോർ 23ൽ നിൽക്കെ തൻസിം ഹസൻ സാക്കിബിന്റെ പന്തിൽ മെഹ്ദി ഹസൻ മിറാസ് ക്യാച്ചെടുത്ത് അഭിഷേകിനെ പുറത്താക്കുകയായിരുന്നു. സൂര്യയും സഞ്ജുവും കൈകോർത്തതോടെ ആദ്യ 26 പന്തിൽ 50 ഉം 7.1 ഓവറിൽ (45 പന്തുകൾ) 100 ഉം കടക്കാൻ ഇന്ത്യയ്ക്കു സാധിച്ചു.
സ്കോർ 196ല്‍ നിൽക്കെ തൻസിം ഹസൻ സാക്കിബിന്റെ പന്തിൽ സഞ്ജു പുറത്തായി. തൊട്ടുപിന്നാലെ സൂര്യയും മടങ്ങി. പക്ഷേ ഫിനിഷർ റോളിൽ അടിച്ചുപറത്താനിറങ്ങിയ റിയാൻ പരാഗും ഹാർദിക് പാണ്ഡ്യയും ക്ലിക്കായി. ഇതോടെ ഇന്ത്യൻ സ്കോർ 250 പിന്നിട്ട് കുതിച്ചു. പരാഗ്– പാണ്ഡ്യ കാമിയോയ്ക്കു ശേഷമെത്തിയ നിതീഷ് കുമാർ റെഡ്ഡി പൂജ്യത്തിനു പുറത്തായി. നാലു പന്തുകൾ നേരിട്ട റിങ്കു സിങ് എട്ടു റൺസെടുത്തു പുറത്താകാതെനിന്നു. ബംഗ്ലദേശിനായി തൻസിം ഹസൻ സാക്കിബ് മൂന്നു വിക്കറ്റുകൾ വീഴ്ത്തി.