‘വലിച്ചടി’ ശീലിച്ച സഞ്ജു ഭാഷ്യം, വിമർശകർക്ക് ഇനി വിശ്രമിക്കാം; ഹൈദരാബാദിൽ സാംസൺ ഷോ
Mail This Article
സമ്പൂർണ ആധിപത്യം, ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ട്വന്റി20യില്‍ സഞ്ജു സാംസണിന്റെയും ടീം ഇന്ത്യയുടെയും ബാറ്റിങ് പ്രകടനത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. തുടക്കത്തില്‍ അഭിഷേക് ശർമയെ നാലു റൺസിനു പുറത്താക്കി ബംഗ്ലദേശ് നന്നായി തുടങ്ങിയെന്നു കരുതിയതാണ്. പക്ഷേ ബാറ്റിങ്ങിലെ സകല തന്ത്രങ്ങളും ഒന്നിനു പിറകേ ഒന്നായി സഞ്ജു സാംസൺ കെട്ടഴിച്ചുവിട്ടപ്പോൾ കാഴ്ചക്കാരായി നിൽക്കാനായിരുന്നു ബംഗ്ലദേശ് ബോളർമാരുടെ നിയോഗം.
സ്പിന്നർ റിഷാദ് ഹുസെയ്ൻ എറിഞ്ഞ പത്താം ഓവറിലെ പന്തുകൾ ഗാലറിയിലേക്ക് മൂളിപ്പറന്നത് തുടര്‍ച്ചയായി അഞ്ചു തവണയാണ്. മോശം പന്തുകൾ മാത്രം തിരഞ്ഞുപിടിച്ച് അടിക്കുകയെന്നതല്ല, എല്ലാ പന്തുകളും ‘വലിച്ചടിക്കുകയെന്ന’ സഞ്ജു ഭാഷ്യമാണ് ഹൈദരാബാദിലെ ഗാലറിയിലെത്തിയ ആരാധകർക്കു വിരുന്നൊരുക്കിയത്. പവർപ്ലേയിൽ സഞ്ജു സാംസണും സൂര്യകുമാർ യാദവും ചേർന്ന് അടിച്ചുകൂട്ടിയത് 80 റൺസാണ്. ആദ്യ 22 പന്തിൽ അർധ സെഞ്ചറിയിലെത്തിയ സഞ്ജു, പിന്നീടുള്ള 18 പന്തിൽ 100 പിന്നിട്ടു. 47 പന്തുകൾ നേരിട്ട മലയാളി താരം അടിച്ചുകൂട്ടിയത് 111 റൺസ്. ബൗണ്ടറി കടന്നത് എട്ട് സിക്സറുകളും 11 ഫോറും.
പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ വമ്പൻ സ്കോർ കണ്ടെത്താൻ സഞ്ജുവിനു സാധിച്ചിരുന്നില്ല. ഗ്വാളിയോറിൽ 29 ഉം ഡൽഹിയിൽ പത്തുമായിരുന്നു സഞ്ജുവിന്റെ സ്കോറുകൾ. ഇതോടെ 29 വയസ്സുകാരൻ അവസരങ്ങൾ പാഴാക്കുകയാണെന്ന പതിവു വിമർശനങ്ങൾ ഒരിക്കൽ കൂടി കേട്ടു. മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര സഞ്ജു നഷ്ടമാക്കുന്ന അവസരങ്ങളെക്കുറിച്ചോർത്തു പിന്നീടു ഖേദിക്കുമെന്നുവരെ പ്രതികരിച്ചു. ശനിയാഴ്ച തിളങ്ങിയില്ലെങ്കിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽനിന്ന് ഒഴിവാക്കിയേക്കുമെന്നുവരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ സഞ്ജുവിന് പൂർണ പിന്തുണ നൽകാനായിരുന്നു മാനേജ്മെന്റിന്റെ തീരുമാനം. സഞ്ജു ടീം ആവശ്യപ്പെടുന്നപോലെയാണു കളിക്കുന്നതെന്ന് ഇന്ത്യൻ ടീമിന്റെ അസിസ്റ്റന്റ് പരിശീലകൻ വാർത്താ സമ്മേളനത്തിനിടെ തുറന്നുപറഞ്ഞു. ആദ്യ രണ്ടു മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കിയ ടീം ഇന്ത്യയ്ക്കായി ‘സ്വയം തെളിയിക്കുകയെന്ന’ കടമ മാത്രമായിരുന്നു സഞ്ജുവിന് ബാക്കിയുണ്ടായിരുന്നത്. ഹൈദരാബാദിലെ പ്രകടനത്തോടെ സഞ്ജു വിമർശകർക്ക് ഇനി കുറച്ചുനാൾ മിണ്ടാതിരിക്കാം.
റെക്കോർഡുകൾ തകർന്നുവീണ കളി
സഞ്ജു സാംസണൊപ്പം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് കൂടി തകർത്തടിച്ചതോടെയാണ് ബംഗ്ലദേശിനെതിരെ റെക്കോർഡ് സ്കോറിലേക്ക് ഇന്ത്യയെത്തിയത്. 35 പന്തുകൾ നേരിട്ട ഇന്ത്യൻ ക്യാപ്റ്റൻ 75 റൺസെടുത്തു. ഹാർദിക് പാണ്ഡ്യ (18 പന്തിൽ 47), റിയാൻ പരാഗ് (13 പന്തിൽ 34) എന്നിവരും തങ്ങളുടെ റോൾ ഗംഭീരമാക്കിയതോടെ 297 റൺസെന്ന വമ്പൻ സ്കോറിലേക്ക് ഇന്ത്യയെത്തി.
ട്വന്റി20യിൽ ഇന്ത്യയുടെ ഏറ്റവും മികച്ച സ്കോറാണ് ഹൈദരാബാദിൽ പിറന്നത്. ടെസ്റ്റ് പദവിയുള്ള ഒരു ടീമിന്റെ ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ കൂടിയാണിത്. ഒരു ഇന്നിങ്സിൽ ഇന്ത്യ കൂടുതൽ സിക്സറുകൾ പറത്തിയ മത്സരമെന്ന റെക്കോർഡും ഹൈദരാബാദിൽ തിരുത്തിയെഴുതപ്പെട്ടു. 22 സിക്സുകളാണ് ഇന്ത്യൻ ബാറ്റർമാർ അതിർത്തി കടത്തിയത്. ഇന്ത്യയുടെ വേഗമേറിയ 100 (7.2 ഓവറിൽ), വേഗമേറിയ 200 (13.6 ഓവറിൽ) റെക്കോർഡുകളും ഈ മത്സരത്തിന് സ്വന്തം.