ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് പൊലീസിൽ ചേർന്നു, ഡിഎസ്പിയായി ചാർജെടുത്തു
Mail This Article
ഹൈദരാബാദ്∙ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ് ഇനി തെലങ്കാന പൊലീസിൽ ഡിഎസ്പി (ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്). കഴിഞ്ഞ ദിവസം തെലങ്കാന ഡിജിപി ഓഫിസിൽ എത്തിയാണ് സിറാജ് ഡിഎസ്പിയായി ചാർജ് എടുത്തത്. ഡിജിപി ജിതേന്ദറും ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥരും ഇന്ത്യൻ ക്രിക്കറ്റ് താരത്തെ സ്വീകരിച്ചു.
സിറാജിന് വീട് നിർമിക്കാന്‍ സ്ഥലവും സർക്കാർ ജോലിയും നൽകുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി കഴിഞ്ഞ ജൂലൈയിൽ പ്രഖ്യാപിച്ചിരുന്നു. ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിൽ അംഗമായിരുന്നു മുഹമ്മദ് സിറാജ്. നിയമസഭാ സമ്മേളനത്തിനിടെ സിറാജിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ തെലങ്കാന മുഖ്യമന്ത്രി, താരത്തിന് ഗ്രൂപ്പ് 1 ല്‍ ഉൾപ്പെടുന്ന ജോലി തന്നെ നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണു താരത്തിന് പൊലീസിലെ ഉയർന്ന റാങ്ക് തന്നെ ലഭിച്ചത്.
ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകൾ ഇല്ലായിരുന്നെങ്കിലും കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തെലങ്കാന സർക്കാര്‍ ഇളവു നൽകുകയായിരുന്നു. പ്ലസ് ടുവരെയാണ് സിറാജ് പഠിച്ചത്. ഗ്രൂപ്പ് 1 ജോലിക്ക് ആവശ്യമായ കുറഞ്ഞ യോഗ്യത ബിരുദമാണ്. ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് സിറാജ് ഇന്ത്യയ്ക്കായി ഒടുവിൽ കളിച്ചത്. പരമ്പരയിലെ രണ്ടു മത്സരങ്ങളും ഇന്ത്യ വിജയിച്ചപ്പോൾ സിറാജ് നാലു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.
2017ൽ ന്യൂസീലൻഡിനെതിരെ ട്വന്റി20 പരമ്പരയിലാണ് സിറാജ് ദേശീയ ടീമിൽ അരങ്ങേറ്റ മത്സരം കളിച്ചത്. ഇന്ത്യയ്ക്കായി 89 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം ഇതുവരെ 163 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ താരമാണ്. ബോക്സിങ് ചാംപ്യൻ നിഖാത് സരീനെ തെലങ്കാന സർക്കാർ ഡിസിപിയായി നിയമിച്ചിരുന്നു.