അവസാന കളി ഓസ്ട്രേലിയയ്ക്കെതിരെ, ഇന്ത്യയ്ക്ക് നെഞ്ചിടിപ്പ്; സെമിയിലെത്താൻ ജയിച്ചാൽ മാത്രം പോര!
Mail This Article
ദുബായ് ∙ ട്വന്റി20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ നാളെ ഓസ്ട്രേലിയയെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ടീമിന്റെ പരിശീലന ക്യാംപിൽ ബാറ്റിനും പന്തിനുമൊപ്പം ഒരു കാൽക്കുലേറ്റർ കൂടിയുണ്ടായേക്കും ! സെമിഫൈനലിലേക്കു മുന്നേറാൻ വിജയത്തിന്റെ മാർജിൻ കൂടി കണക്കുകൂട്ടേണ്ട അവസ്ഥയിലാണ് ടീമിപ്പോൾ. ബുധനാഴ്ച ശ്രീലങ്കയ്ക്കെതിരെ 82 റൺസ് വിജയത്തോടെ നെറ്റ് റൺറേറ്റിൽ കുതിപ്പ് കാട്ടിയ ഇന്ത്യ (+0.576) നിലവിൽ പോയിന്റ് പട്ടികയിൽ ഓസ്ട്രേലിയയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്താണ്.
ഒരു ഗ്രൂപ്പിൽനിന്ന് 2 ടീമുകളാണ് സെമിയിലെത്തുക. ഓസ്ട്രേലിയയ്ക്കെതിരായ വിജയം, മറ്റു ടീമുകളുടെ പ്രകടനം, നെറ്റ് റൺറേറ്റിലെ കുതിപ്പ് എന്നിങ്ങനെ 3 ഘടകങ്ങളും അനുകൂലമായാൽ മാത്രമേ വനിതാ ടീമിന്റെ സെമിഫൈനൽ മോഹങ്ങൾ സഫലമാകൂ. ഷാർജയിൽ നാളെ രാത്രി 7.30നാണ് ഇന്ത്യ– ഓസ്ട്രേലിയ മത്സരം. ഗ്രൂപ്പിലെ ആദ്യ 3 മത്സരങ്ങളും ദുബായിൽ കളിച്ച ഇന്ത്യൻ വനിതകളുടെ ഷാർജയിലെ ആദ്യ മത്സരമാണിത്.
മരണക്കളി
5 ടീമുകളുള്ള എ ഗ്രൂപ്പിൽ ആദ്യ 3 മത്സരങ്ങൾ തോറ്റ ശ്രീലങ്ക മാത്രമാണ് നിലവിൽ പുറത്തായത്. 3 മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി ഓസ്ട്രേലിയ സെമി ഏറക്കുറെ ഉറപ്പിച്ചു. ഗ്രൂപ്പിലെ രണ്ടാം സെമിഫൈനലിസ്റ്റാകാൻ ഇന്ത്യയും ന്യൂസീലൻഡും തമ്മിലാണ് പ്രധാന മത്സരം. 2 മത്സരം തോറ്റെങ്കിലും പാക്കിസ്ഥാനും നേരിയ സെമിസാധ്യത ബാക്കിയുണ്ട്. 4 പോയിന്റുള്ള ഇന്ത്യ അവസാന മത്സരം കളിക്കുമ്പോൾ 2 പോയിന്റുള്ള ന്യൂസീലൻഡിന് പാക്കിസ്ഥാൻ, ശ്രീലങ്ക ടീമുകൾക്ക് എതിരെ ഓരോ മത്സരം വീതം ബാക്കിയാണ്.
ഇന്ത്യ ഓസ്ട്രേലിയയെ തോൽപിച്ചാൽ ?
അവസാന മത്സരത്തിൽ ഓസീസിനെ തോൽപിക്കുകയും ന്യൂസീലൻഡ് അവശേഷിക്കുന്ന 2 മത്സരങ്ങളിൽ ഒന്നു തോൽക്കുകയും ചെയ്താൽ നെറ്റ്‍ റൺറേറ്റ് ആശങ്കകളില്ലാതെ തന്നെ ഇന്ത്യ സെമിയിലെത്തും. എന്നാൽ അവസാന 2 മത്സരങ്ങളും ന്യൂസീലൻഡ് വിജയിച്ചാൽ 6 പോയിന്റുമായി ഇന്ത്യയും ന്യൂസീലൻഡും ഒപ്പത്തിനൊപ്പം. നിലവിൽ കിവീസിന്റെ (–0.555) റൺറേറ്റ് മോശമാണ്. ഇന്ത്യ ഓസ്ട്രേലിയയെ ഒരു റണ്ണിന് തോൽപിച്ചാൽ അവശേഷിക്കുന്ന 2 മത്സരങ്ങളിലായി ഏകദേശം 38 റൺസ് മാർജിനിലെ വിജയം ന്യൂസീലൻഡിനു വേണ്ടിവരും. ഇന്ത്യ ഓസീസിനെതിരെ 10 റൺസിനു വിജയിച്ചാൽ ആ മാർജിൻ 48 ആയി ഉയരും.
ഓസ്ട്രേലിയയോട് പരാജയപ്പെട്ടാൽ ?
ഇന്ത്യ പരാജയപ്പെടുകയും ന്യൂസീലൻഡ് അടുത്ത 2 മത്സരങ്ങൾ വിജയിക്കുകയും ചെയ്താൽ 6 പോയിന്റുമായി ന്യൂസീലൻഡ് സെമിയിലെത്തും. പാക്കിസ്ഥാനെതിരായ മത്സരമടക്കം അവസാന 2 മത്സരങ്ങളിലും ന്യൂസീലൻഡ് പരാജയപ്പെട്ടാൽ നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ, പാക്കിസ്ഥാൻ ടീമുകളിലൊരാൾ സെമിയിലെത്തും. ന്യൂസീലൻഡ് ശ്രീലങ്കയെ തോൽപിക്കുകയും പാക്കിസ്ഥാനോട് പരാജയപ്പെടുകയും ചെയ്താൽ 3 ടീമുകൾക്കും 4 പോയിന്റ് വീതം. മികച്ച നെറ്റ് റൺറേറ്റുള്ള ടീം സെമിയിലേക്ക്.
വമ്പൻ ജയം; ഓസ്ട്രേലിയ സെമിക്ക് അരികെ
ദുബായ് ∙ പാക്കിസ്ഥാനെതിരെ 9 വിക്കറ്റ് വിജയത്തോടെ വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്ട്രേലിയ സെമിഫൈനലിന് തൊട്ടരികെ. ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാനെ 82 റൺസിൽ ഓൾഔട്ടാക്കിയ ഓസ്ട്രേലിയ 54 പന്തുകൾ ബാക്കിനിൽക്കെ ജയമുറപ്പിച്ചു. മൂന്നാം ജയത്തോടെ 6 പോയിന്റുമായി ഓസ്ട്രേലിയഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.