സഞ്ജുവിനെ ‘ചേട്ടാ’ എന്നു വിളിച്ച് സൂര്യയുടെ സ്നേഹം; സെഞ്ചറിയടിച്ചപ്പോൾ ഒപ്പമുണ്ടായിരുന്നതിൽ സന്തോഷമെന്ന് സഞ്ജു– വിഡിയോ
Mail This Article
ഹൈദരാബാദ്∙ ട്വന്റി20യിൽ ആക്രമണോത്സുകതയോടെ കളിക്കുകയും സ്കോർ ചെയ്യാനുള്ള ചെറിയ അവസരം പോലും മുതലെടുക്കുകയും ചെയ്യുന്നതാണ് പ്രധാനമെന്ന് സഞ്ജു സാംസൺ. രാജ്യാന്തര ട്വന്റി20യിലെ കന്നി സെഞ്ചറി കുറിച്ച പ്രകടനത്തിനു ശേഷം സംസാരിക്കുമ്പോഴാണ് സഞ്ജു നിലപാട് വ്യക്തമാക്കിയത്. ക്രിക്കറ്റിൽ വിജയിച്ചാലും പരാജയപ്പെട്ടാലും അത് തന്റേതായി ശൈലിയിലാകുന്നതാണ് ഇഷ്ടമെന്ന് സഞ്ജു വ്യക്തമാക്കി. ഹൈദരാബാദ് ട്വന്റി20യിൽ സെഞ്ചറിയുടെ വക്കിൽനിൽക്കെ അടിക്കുന്ന കാര്യം പറഞ്ഞപ്പോൾ, ഈസിയായി കളിക്കാനായിരുന്നു സൂര്യയുടെ ഉപദേശമെന്നും സഞ്ജു വെളിപ്പെടുത്തി.
മത്സരശേഷം ബിസിസിഐ പങ്കുവച്ച വിഡിയോയിലാണ് സഞ്ജു ഇക്കാര്യം പറഞ്ഞത്. സെഞ്ചറി നേടുമ്പോൾ നോൺ സ്ട്രൈക്കേഴ്സ് എൻഡിലുണ്ടായിരുന്ന ക്യാപ്റ്റൻ സൂര്യകുമാർ യാദവുമായി സംസാരിക്കുന്ന വിഡിയോയാണ് ബിസിസിഐ പങ്കുവച്ചത്.
‘‘വളരെ സന്തോഷം. ഇപ്പോഴത്തെ വികാരം പറഞ്ഞറിയിക്കാൻ വാക്കുകൾ കിട്ടുന്നില്ല. വൈകാരിക നിമിഷമാണ് ഇത്. ഒടുവിൽ ഈ സെഞ്ചറി സംഭവിച്ചതിൽ ദൈവത്തിനു നന്ദി. ഓരോരുത്തർക്കും അവരുടേതായ സമയമുണ്ട്. ഇക്കാലമത്രയും ഫലം നോക്കാതെ ഞാൻ എന്റേതായ രീതിയിൽ കഠിനാധ്വാനം ചെയ്യുകയായിരുന്നു. ഒരു ഘട്ടത്തിലും ആത്മവിശ്വാസം കൈവിട്ടിരുന്നില്ല. ഈ സെഞ്ചറി നേടുന്ന സമയത്ത് എനിക്കൊപ്പം ആഘോഷിക്കാൻ അങ്ങേയറ്റത്ത് താങ്കളും ഉണ്ടായിരുന്നതിൽ സന്തോഷം.’ – സഞ്ജു പറഞ്ഞു.
നോൺ സ്ട്രൈക്കേഴ്സ് എൻഡിൽനിന്ന് താനും സഞ്ജുവിന്റെ ബാറ്റിങ് ആസ്വദിക്കുകയായിരുന്നുവെന്ന് സൂര്യകുമാർ പ്രതികരിച്ചു. ‘‘എന്റെ കരിയറിൽ കണ്ടിട്ടുള്ള സെഞ്ചറികളിൽ ഏറ്റവും മികച്ചവയുടെ കൂട്ടത്തിലുള്ള സെഞ്ചറിയാണിത്. വ്യക്തിഗത സ്കോർ 96ൽ എത്തിയപ്പോൾ ബൗണ്ടറിയിലൂടെയാണ് സെഞ്ചറി തികച്ചത്. ആ സമയത്ത് എന്തൊക്കെയാണ് മനസ്സിലൂടെ പോയത്?’ – സൂര്യകുമാർ ആരാഞ്ഞു.
‘‘അടുത്ത കാലത്തായി ഡ്രസിങ് റൂമിൽ നമ്മൾ രൂപപ്പെടുത്തിയെടുത്തിട്ടുള്ള ഒരു രീതിയുണ്ട്. ആക്രമിച്ചു കളിക്കുക, അതേസമയം തന്നെ അടിസ്ഥാനം മറക്കാതിരിക്കുക എന്നതു തന്നെയാണ് അവിടെനിന്നുള്ള വ്യക്തമായ സന്ദേശം. ക്യാപ്റ്റനും കോച്ചും എപ്പോഴും ആവർത്തിക്കുന്നതും ഈ രണ്ടു വാക്കുകളാണ്. എന്റെ ശൈലിക്കു ചേരുന്ന രണ്ടു വാക്കുകളാണ് ഇതെന്നു കരുതുന്നു. അതുകൊണ്ട് അതനുസരിച്ച് മുന്നോട്ടു പോകാൻ എനിക്കു ബുദ്ധിമുട്ടു തോന്നുന്നില്ല.
‘‘എന്റെ സ്കോർ 96ൽ എത്തിയപ്പോഴും ഞാൻ അടിക്കാൻ പോവുകയാണെന്ന് സൂര്യയോടു പറഞ്ഞതാണ്. പക്ഷേ, അനായാസം കളിക്കാനായിരുന്നു സൂര്യയുടെ ഉപദേശം. കാത്തിരുന്ന നിമിഷമാണ് ഇതെന്നും ഓർമിപ്പിച്ചു. എന്തായാലും ക്യാപ്റ്റനെന്ന നിലയിൽ സൂര്യകുമാർ യാദവ്, പരിശീലകനെന്ന നിലയിൽ ഗൗതം ഗംഭീർ എന്നിവരിൽനിന്ന് ലഭിച്ച വ്യക്തവും സ്പഷ്ടവുമായ സന്ദേശം സഹായകമായി. ആക്രമണോത്സുകത കാട്ടുക, ഒപ്പം അടിസ്ഥാനം മറക്കാതിരിക്കുക എന്ന അവരുടെ നിർദ്ദേശം എനിക്കു വളരെയധികം ചേരുന്നതാണ്’– സഞ്ജു പറഞ്ഞു.
ആക്രമണോത്സുകത നിലനിർത്തുക എന്നതാണ് പ്രധാനമെന്ന് മറ്റൊരു അഭിമുഖത്തിൽ സഞ്ജു പറഞ്ഞു. ‘‘റണ്ണെടുക്കാൻ സാധ്യതയുള്ള ഏറ്റവും ചെറിയ അവസരം പോലും ഉപയോഗപ്പെടുത്തണം. അങ്ങനെ വരുമ്പോൾ റിസ്ക് കൂടുതലാണ്. ഐപിഎലിലും രാജ്യാന്തര ക്രിക്കറ്റിലും ഇതുവരെയുള്ള പരിചയസമ്പത്തു വച്ച്, ഇത്തരം സമ്മർദ്ദങ്ങളെ കൈകാര്യം ചെയ്യാൻ ഞാൻ പഠിച്ചുകഴിഞ്ഞു.
‘‘വിജയിച്ചാലും പരാജയപ്പെട്ടാലും അത് എന്റേതായ ശൈലിയിൽ വേണമെന്നാണ് ആഗ്രഹം. എന്റെ സ്വതസിദ്ധമായ ശൈലിയിൽ തുടരാനാണ് ഇഷ്ടം. ക്രിക്കറ്റ് കളിക്കാൻ ആരംഭിച്ച കാലം മുതൽ ഇതു തന്നെയാണ് രീതി. നമ്മോടു തന്നെ നീതി പുലർത്തുന്നതിന്റെ ഭാഗമാണത്.’ – സഞ്ജു പറഞ്ഞു.