ടീം ഉടമയുമായി ചർച്ച, പിന്നാലെ ലേലത്തിൽ എത്ര കിട്ടുമെന്ന് പന്തിന്റെ ചോദ്യം; ‘കൺഫ്യൂഷനിലായി’ ഡൽഹി
Mail This Article
ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിൽ ഋഷഭ് പന്ത് ഡൽഹി ക്യാപ്റ്റൽസിൽ കളിക്കുമോയെന്ന കാര്യത്തിൽ ‘സസ്പെൻസ്’ തുടരുന്നു. ഋഷഭ് പന്തിനെ നിലനിർത്താൻ തയാറാണെന്നു ടീം ഉടമ പാർഥ് ജിൻഡാൽ നേരത്തേ പ്രതികരിച്ചിരുന്നു. എന്നാൽ ഐപിഎല്‍ ലേലത്തിന്റെ കാര്യത്തിൽ പന്ത് അടുത്തിടെ നടത്തിയ ഒരു പ്രതികരണമാണ് ആരാധകരെയും ഡല്‍ഹി ക്യാപിറ്റൽസ് മാനേജ്മെന്റിനെയും ഒരുപോലെ ആശയക്കുഴപ്പത്തിലാക്കിയത്. ലേലത്തിൽ പോയാൽ എത്ര രൂപ തനിക്കു കിട്ടുമെന്നായിരുന്നു ഋഷഭ് പന്ത് എക്സ് പ്ലാറ്റ്ഫോമിൽ സംശയം ചോദിച്ചത്.
‘‘ലേലത്തിൽ പോകുകയാണെങ്കിൽ, എന്നെ ആരെങ്കിലും വാങ്ങുമോ ഇല്ലയോ? എനിക്ക് എത്ര കിട്ടും?’’– എന്നായിരുന്നു പന്തിന്റെ സംശയം. പന്ത് ഡൽഹി വിടാൻ താൽപര്യപ്പെടുന്നു എന്നതിന്റെ സൂചനയാണ് ഇതെന്നാണ് ആരാധകരിൽ ചിലര്‍ പ്രതികരിച്ചത്. പന്ത് ഇങ്ങനെയൊരു പ്രതികരണം നടത്തിയത് അനാവശ്യമായിരുന്നെന്നാണ് ടീം മാനേജ്മെന്റിന്റെയും നിലപാട്. ഡല്‍ഹിയുടെ സഹ ഉടമയായ കിരൺ കുമാർ ഗ്രാന്ധിയുമായി ദുബായിൽവച്ചു കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയായിരുന്നു പന്തിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.
ടീമിൽ തുടരുന്ന കാര്യത്തില്‍ പന്തും ഡൽഹി മാനേജ്മെന്റും തമ്മിൽ ധാരണയായിരുന്നതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. എന്നിട്ടും ഇന്ത്യൻ ക്രിക്കറ്റ് താരം ഇങ്ങനെ പ്രതികരിച്ചതിൽ മാനേജ്മെന്റിന് അതൃപ്തിയുണ്ട്. ഒക്ടോബർ 31 ന് മുൻപ് നിലനിർത്താനുള്ള താരങ്ങളുടെ വിവരങ്ങൾ നൽകണമെന്നാണ് ടീമുകളോടു ബിസിസിഐ നിര്‍ദേശിച്ചിരിക്കുന്നത്. ഡൽഹിയുടെ പരിശീലകനായിരുന്ന റിക്കി പോണ്ടിങ് ടീം വിട്ട് പഞ്ചാബ് കിങ്സിൽ ചേർന്നിരുന്നു. പോണ്ടിങ്ങുമായി അടുത്ത ബന്ധമുള്ള പന്തും ഡൽഹി വിട്ടേക്കുമെന്നു നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു.