രോഹിത് നിങ്ങൾ ആർസിബിയിലേക്കു വരൂ: ഇന്ത്യൻ ക്യാപ്റ്റനെ ക്ഷണിച്ച് ബെംഗളൂരു ആരാധകൻ– വിഡിയോ
Mail This Article
ബെംഗളൂരു∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയെ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിലേക്കു ക്ഷണിച്ച് ആർബിസി ആരാധകൻ. ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിനിടെ രോഹിത് ഡ്രസിങ് റൂമിലേക്കു നടന്നുപോകുമ്പോഴാണ് ഐപിഎല്ലിൽ ഏതു ടീമിൽ കളിക്കുമെന്ന ആരാധകന്റെ ചോദ്യമെത്തിയത്. ഏതു ടീമെന്നു നിങ്ങൾ തന്നെ പറയൂ എന്നായിരുന്നു രോഹിത്തിന്റെ മറുപടി.
തുടർന്ന് ആർസിബിയിലേക്കു വരൂവെന്ന് ആരാധകൻ രോഹിത്തിനെ ക്ഷണിക്കുകയായിരുന്നു. രോഹിത് എന്തോ പറഞ്ഞെങ്കിലും, സമൂഹമാധ്യമങ്ങളിൽ വൈറലായ ദൃശ്യങ്ങളില്‍ ഇതു വ്യക്തമല്ല. രോഹിത് ശർമ മുംബൈ ഇന്ത്യൻസ് വിട്ടേക്കുമെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ 18 കോടി രൂപ നല്‍കി മുംബൈ രോഹിത് ശർമയെ നിലനിർത്തുമെന്നാണു ഇപ്പോൾ പുറത്തുവരുന്ന വിവരം.
രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുമ്ര എന്നീ പ്രധാന താരങ്ങളെ ടീമിനൊപ്പം നിർത്താനാണ് മുംബൈ ഇന്ത്യൻസ് ആലോചിക്കുന്നത്. ഒക്ടോബർ 31 ആണ് നിലനിർത്തുന്ന താരങ്ങളുടെ പട്ടിക സമർപ്പിക്കാനുള്ള അവസാന ദിവസം. രോഹിത് ശർമ ലേലത്തിലെത്തിയാൽ താരത്തിനുവേണ്ടി വന്‍ തുക തന്നെ ടീമുകള്‍ മുടക്കുമെന്ന് ഉറപ്പാണ്.