അമിതവണ്ണം, പരിശീലനം ഒഴിവാക്കിയും ഉഴപ്പിയും അച്ചടക്കലംഘനം: പൃഥ്വി ഷായെ രഞ്ജി ടീമിൽനിന്ന് ഒഴിവാക്കി മുംബൈ
Mail This Article
മുംബൈ∙ യുവ ഓപ്പണർ പൃഥ്വി ഷായെ രഞ്ജി ട്രോഫി ടീമിൽനിന്ന് പുറത്താക്കി മുംബൈ. ത്രിപുരയ്‌ക്കെതിരായ മത്സരത്തിൽനിന്നാണ് പൃഥ്വി ഷായെ ഒഴിവാക്കിയത്. അമിതവണ്ണം ഉൾപ്പെടെയുള്ള ഫിറ്റ്നസ് പ്രശ്നങ്ങളും, നെറ്റ്സിൽ തുടർച്ചയായി വൈകിയെത്തുന്നത് ഉൾപ്പെടെയുള്ള അച്ചടക്ക വിഷയങ്ങളുമാണ് താരത്തെ തഴയാൻ കാരണമെന്നാണ് സൂചന. അതേസമയം, ടീമിൽനിന്ന് പുറത്താക്കിയതിനു പിന്നാലെ ‘ഒരു ഇടവേള ആവശ്യമായിരുന്നു’ എന്ന് വ്യക്തമാക്കി പൃഥ്വി ഷാ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയും പോസ്റ്റ് ചെയ്തു.
ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിവാഗ്ദാനമെന്ന വിശേഷണത്തോടെ ദേശീയ ശ്രദ്ധയിലെത്തിയ പൃഥ്വി ഷാ, ദേശീയ ടീമിലെത്തിയതു മുതൽ വിവാദങ്ങളുടെ ഉറ്റ തോഴനാണ്. തുടർച്ചയായി അച്ചടക്കമില്ലാത്ത പ്രവൃത്തികളുടെ പേരിൽ വിവാദങ്ങളിൽ ചാടിയ താരം, പിന്നീട് അമിത വണ്ണം ഉൾപ്പെടെയുള്ള ഫിറ്റ്നസ് പ്രശ്നങ്ങളിലൂടെയും വാർത്തകളിൽ ഇടംപിടിച്ചു.
ഇത്തവണ രഞ്ജി ട്രോഫിയിൽ ആദ്യ രണ്ടു മത്സരങ്ങളിലും ഇരുപത്തിനാലുകാരനായ പൃഥ്വി ഷായെ ഉൾപ്പെടുത്തിയിരുന്നെങ്കിലും, കാര്യമായി തിളങ്ങാനായില്ല. ബറോഡയ്‌ക്കെതിരായ മത്സരത്തിൽ 7, 12 എന്നിങ്ങനെയായിരുന്നു രണ്ട് ഇന്നിങ്സിലും ഷായുടെ സമ്പാദ്യം. മഹാരാഷ്ട്രയ്‌ക്കെതിരായ മത്സരത്തിൽ ഒന്നാം ഇന്നിങ്സിൽ ഒരു റണ്ണെടുത്ത് പുറത്തായി. രണ്ടാം ഇന്നിങ്സിൽ പുറത്താകാതെ 39 റൺസെടുത്തു.
പരിശീലനത്തിന് സ്ഥിരമായി വൈകി എത്തുകയും അതിന് യാതൊരു പ്രാധാന്യവും കൽപ്പിക്കുകയും ചെയ്യാത്ത പൃഥ്വി ഷായുടെ ശൈലിയോട് ടീം മാനേജ്മെന്റിനും ക്യാപ്റ്റൻ അജിൻക്യ രഹാനെ ഉൾപ്പെടെയുള്ളവർക്കും കടുത്ത എതിർപ്പുണ്ട്. ഇന്ത്യൻ ടീം താരങ്ങളായ രഹാനെ, ശ്രേയസ് അയ്യർ, ഷാർദുൽ ഠാക്കൂർ തുടങ്ങിയവർ സ്ഥിരമായി മടികൂടാതെ പരിശീലനത്തിന് എത്തുമ്പോഴാണ്, പൃഥ്വി ഷായുടെ ഉഴപ്പ്. പരിശീലന സെഷനുകൾ ആരെയും അറിയിക്കാതെ മുടക്കുന്ന ഷാ, നെറ്റ്സിൽ എത്തിയാലും യാതൊരു ഗൗരവവും പരിശീലനത്തിനു നൽകുന്നില്ലെന്നാണ് ആക്ഷേപം.
സച്ചിൻ തെൻഡുൽക്കറിനു ശേഷം രഞ്ജി ട്രോഫിയിലും ദുലീപ് ട്രോഫിയിലും അരങ്ങേറ്റത്തിൽ സെഞ്ചറി നേടുന്ന ഏക താരമെന്ന റെക്കോർഡുമായാണ് പൃഥ്വി ഷാ വരവറിയിച്ചതെങ്കിലും താരത്തിന്റെ കരിയർ ഗ്രാഫ് എക്കാലവും താഴോട്ടായിരുന്നു. ടെസ്റ്റിൽ സച്ചിനു ശേഷം അരങ്ങേറ്റത്തിൽ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡുമായാണ് രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള വരവ്. പിന്നീട് അടിക്കടി താഴേക്കു പതിച്ച താരം, 2018 ഒക്ടോബറിനു ശേഷം ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല.