‘103 റൺസ് ലീഡ് വഴങ്ങിയാൽ അവരെ 120നെങ്കിലും പുറത്താക്കാൻ നോക്കേണ്ടേ? ഇത് എന്തൊരു ക്യാപ്റ്റൻസിയാണ്’: രോഹിത്തിനെതിരെ ശാസ്ത്രിയും
Mail This Article
പുണെ∙ ന്യൂസീലൻഡിനെതിരായ പരമ്പരയിൽ ഇന്ത്യൻ നായകൻ രോഹിത് ശർമയ്‌ക്കു സംഭവിക്കുന്ന പിഴവുകളുടെ എണ്ണം ഏറിയതോടെ, രൂക്ഷ വിമർശനവുമായി മുൻ താരങ്ങൾ ഉൾപ്പെടെ രംഗത്ത്. ബെംഗളൂരുവിൽ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തത് മണ്ടത്തരമായിപ്പോയെന്ന് തുറന്നുസമ്മതിച്ച രോഹിത്തിന്, പുണെയിലെ രണ്ടാം ടെസ്റ്റിലും തൊട്ടതെല്ലാം പിഴയ്ക്കുന്ന കാഴ്ചയാണ്. രോഹിത് ശർമയുടെ നെഗറ്റീവ് ക്യാപ്റ്റൻസിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ താരങ്ങളായ സുനിൽ ഗാവസ്കർ, രവി ശാസ്ത്രി, മുൻ താരം സൈമൺ ദൂൽ തുടങ്ങിയവർ രംഗത്തെത്തി.
ഒന്നാം ഇന്നിങ്സിൽ 103 റൺസിന്റെ സാമാന്യം വലിയ ലീഡ് വഴങ്ങിയ ഇന്ത്യ, രണ്ടാം ഇന്നിങ്സിൽ ന്യൂസീലൻഡിനെ 120 റൺസിനുള്ളിൽ പുറത്താക്കാനായിരുന്നു നോക്കേണ്ടതെന്ന് രവി ശാസ്ത്രി അഭിപ്രായപ്പെട്ടു. എന്നാൽ, രോഹിത് ശർമയുടെ ഫീൽഡിങ് ക്രമീകരണങ്ങളിലൊന്നും അത്തരം ശ്രമങ്ങളുടെ ലാഞ്ചന പോലും ഉണ്ടായിരുന്നില്ലെന്ന് രവി ശാസ്ത്രി കുറ്റപ്പെടുത്തി. വെറും നെഗറ്റീവ് രീതിയിലുള്ള ക്യാപ്റ്റൻസിയാണ് രോഹിത് രണ്ടാം ദിനവും കാഴ്ചവച്ചതെന്നും രവി ശാസ്ത്രി വിലയിരുത്തി.
‘‘നിങ്ങൾ എങ്ങനെയാണ് ചിന്തിക്കുന്നത് എന്നതുകൂടി ഇതിലൂടെ വെളിവാകുന്നുണ്ട് എന്നതാണ് വാസ്തവം. രണ്ടാം ഇന്നിങ്സിൽ ന്യൂസീലൻഡിനെ എങ്ങനെയാണ് 120 റൺസിനുള്ളിൽ പുറത്താക്കുക എന്നായിരിക്കണം ഇന്ത്യ ചിന്തിക്കേണ്ടിയിരുന്നത്. അതിന് വിക്കറ്റ് ലക്ഷ്യം വയ്ക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. ഫീൽഡർമാരെ ആക്രമണോത്സുകതയോടെ വിന്യസിക്കുകയും ചെയ്യണമായിരുന്നു. എതിർ ടീം വിക്കറ്റ് നഷ്ടം കൂടാതെ 60 റൺസൊക്കെ എടുത്താൽ നമുക്ക് ശൈലിയിൽ മാറ്റം വരുത്താവുന്നതേയുള്ളൂ. ക്യാപ്റ്റന് വിക്കറ്റാണ് വേണ്ടതെന്ന ചിന്താഗതി ബോളർമാരിലും ഉണ്ടാകും’ – രവി ശാസ്ത്രി ചൂണ്ടിക്കാട്ടി.
മത്സരത്തിന്റെ രണ്ടാം ദിനം കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുത്ത ന്യൂസീലൻഡ്, ആകെ 301 റൺസ് ലീഡുമായി ഡ്രൈവിങ് സീറ്റിലാണ്. അഞ്ച് വിക്കറ്റ് കയ്യിലിരിക്കെ ലീഡ് 400 കടത്തി ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനാകും അവരുടെ ശ്രമം. നാലാം ഇന്നിങ്സിൽ ബാറ്റിങ് ദുഷ്കരമാകുമെന്ന് ഉറപ്പായിരിക്കെ, മത്സരം കൈവിട്ടുകളയാതിരിക്കാൻ ഇന്ത്യ കഠിനാധ്വാനം ചെയ്യേണ്ടി വരും.