മഴ മാറിയപ്പോൾ സാൾട്ട്ലേക്കിൽ ‘വിക്കറ്റ് മഴ’; ബംഗാളിനെതിരെ കേരളത്തിന് 38 റൺസിനിടെ 4 വിക്കറ്റ് നഷ്ടം
Mail This Article
കൊൽക്കത്ത∙ ആദ്യം മത്സരം ഒന്നര ദിവസത്തിലധികം വൈകിച്ച് മഴയും പ്രതികൂല കാലാവസ്ഥയും. ഏറെ വൈകി മത്സരം ആരംഭിച്ചപ്പോൾ കേരളത്തെ എറിഞ്ഞിട്ട് ബംഗാൾ പേസ് ബോളർ ഇഷാൻ പോറൽ! ഫലം, കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ബംഗാളിനെതിരെ കേരളത്തിന് തകർച്ചയോടെ തുടക്കം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് 38 റൺസ് എടുക്കുമ്പോഴേയ്ക്കും നാലു വിക്കറ്റ് നഷ്ടമായി. ഇതിൽ മൂന്നു വിക്കറ്റും സ്വന്തമാക്കിയ ഇഷാൻ പോറലാണ് കേരളത്തെ തകർത്തത്.
രണ്ടാം ദിനം കളി നിർത്തുമ്പോൾ 15.1 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് എന്ന നിലയിലാണ് കേരളം. ക്യാപ്റ്റൻ സച്ചിൻ ബേബി (15 പന്തിൽ നാല്), അക്ഷയ് ചന്ദ്രൻ (15 പന്തിൽ ഒൻപത്) എന്നിവർ ക്രീസിൽ. ഇതുവരെ ഏഴ് ഓവർ ബോൾ ചെയ്ത ഇഷാൻ പോറൽ, 18 റൺസ് മാത്രം വഴങ്ങിയാണ് മൂന്നു വിക്കറ്റ് വീഴ്ത്തിയത്. ഒരു വിക്കറ്റ് പ്രദീപ്ത പ്രമാണിക്ക് സ്വന്തമാക്കി.
ഓപ്പണർമാരായ രോഹൻ എസ് കുന്നുമ്മൽ (22 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 23), വത്സൽ ഗോവിന്ദ് (30 പന്തിൽ ഒരു ഫോർ സഹിതം അഞ്ച്), ബാബ അപരാജിത് (0), ആദിത്യ സർവാതെ (എട്ടു പന്തിൽ ഒരു ഫോർ സഹിതം അഞ്ച്) എന്നിവരാണ് കേരള നിരയിൽ പുറത്തായത്.
∙ സഞ്ജു കളിക്കുന്നില്ല
ബംഗാളിനെതിരായ മത്സരത്തിൽ കേരളത്തിനായി സഞ്ജു സാംസൺ കളിക്കുന്നില്ല. ചുണ്ടിൽ നീർവീക്കം ഉണ്ടായതിനെ തുടർന്ന് അടിയന്തര ചികിത്സ വേണ്ടതിനാൽ കളിക്കാനാകില്ലെന്നാണു കേരള ക്രിക്കറ്റ് അസോസിയേഷനെ (കെസിഎ) സഞ്ജു രേഖാമൂലം അറിയിച്ചിരിക്കുന്നത്. കർണാടകക്കെതിരെ ബെംഗളൂരുവിൽ നടന്ന കഴിഞ്ഞ മത്സരത്തിന്റെ അവസാന ദിനമായ 21നു തന്നെ സഞ്ജു ടീം ക്യാംപ് വിട്ടിരുന്നു. 2 കളികളിൽ ഒരു ജയവും ഒരു സമനിലയുമായി ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനത്താണ് കേരളം.