കുടുംബത്തെ കാണാൻ കോലി, രോഹിത് മുംബൈയിലേക്ക്; ആനുകൂല്യങ്ങൾ ‘വെട്ടിച്ചുരുക്കി’ ഗംഭീർ, 30നും 31നും പരിശീലത്തിന് എത്തണം!
Mail This Article
മുംബൈ∙ 12 വർഷത്തിനു ശേഷം സ്വന്തം നാട്ടിൽ െടസ്റ്റ് പരമ്പര തോറ്റ് നാണംകെട്ടതിനു പിന്നാലെ, ന്യൂസീലൻഡിനെതിരായ മൂന്നാം ടെസ്റ്റിനു മുന്നോടിയായി പരിശീലനത്തിന്റെ കാര്യത്തിൽ കർശന നിലപാടുമായി മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും ടീം മാനേജ്മെന്റും. ഇനിമുതൽ ആർക്കും പരിശീലനം ഒഴിവാക്കാനാകില്ലെന്നും പരിശീലന സെഷനുകളിൽ ടീമിലുള്ള എല്ലാ അംഗങ്ങളും നിർബന്ധമായും പങ്കെടുക്കണമെന്നും ഗംഭീർ നിഷ്കർഷിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുണെ ടെസ്റ്റിനു പിന്നാലെ രണ്ടു ദിവസം ടീമംഗങ്ങൾക്ക് ഒഴിവു നൽകിയ ഗംഭീർ, ഒക്ടോബർ 30, 31 ദിവസങ്ങളിലായി നടക്കുന്ന പരിശീലനത്തിന് എല്ലാ അംഗങ്ങളും എത്തണമെന്ന് കർശന നിർദ്ദേശം നൽകി.
മൂന്നാം ദിനം തന്നെ പുണെയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ തോൽവി വഴങ്ങിയ ഇന്ത്യൻ ടീമിന്റെ നായകൻ രോഹിത് ശർമ, മുൻ ക്യാപ്റ്റൻ വിരാട് കോലി എന്നിവർ ഉൾപ്പെടെ കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവഴിക്കാനായി മുംബൈയിലേക്ക് മടങ്ങിയതായാണ് വിവരം. ഇന്ത്യൻ തോൽവിക്കു തൊട്ടുപിന്നാലെ രോഹിത്തും കോലിയും കെ.എൽ. രാഹുലുമാണ് കുടുംബാംഗങ്ങളെ കാണാനായി മുംബൈയിലേക്ക് തിരിച്ചത്.
നവംബർ ഒന്നിന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിനു മുന്നോടിയായി, എല്ലാ താരങ്ങളും രണ്ടു ദിവസത്തെ പരിശീലനത്തിനായി എത്തുമെന്നാണ് വിവരം. പരിശീലനം ‘ഓപ്ഷണൽ’ ആക്കുന്ന രീതി തൽക്കാലമില്ലെന്നാണ് ഗംഭീറും പരിശീലക സംഘവും താരങ്ങൾക്കു നൽകിയിരിക്കുന്ന നിർദ്ദേശം.
‘‘ഒക്ടോബർ 30, 31 തീയതികളിലായി നടക്കുന്ന രണ്ടു ദിവസത്തെ പരിശീലന സെഷനുകളിൽ എല്ലാ താരങ്ങളും നിർബന്ധമായും പങ്കെടുക്കണമെന്ന് ഗംഭീറും സംഘവും കർശന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ഈ പരിശീലന സെഷനുകളിലെ പങ്കാളിത്തം നിർബന്ധമാണെന്നും ആരും ഒഴിവാകരുതെന്നുമാണ് നൽകിയിട്ടുള്ള നിർദ്ദേശം’ – ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
പൊതുവെ ഒരു പരമ്പരയിൽ തുടർച്ചയായി മത്സരങ്ങളുള്ള സാഹചര്യങ്ങളിൽ മുതിർന്ന താരങ്ങളും പേസ് ബോളർമാരും പരിശീലന സെഷനുകൾ ഒഴിവാക്കാറുണ്ട്. പരുക്കിനുള്ള സാധ്യത ഒഴിവാക്കുന്നതിനാണ് ഇത്തരമൊരു രീതി അവലംബിക്കുന്നത്. ആ ശൈലി ഇത്തവണ വേണ്ടെന്നും മുതിർന്ന താരങ്ങൾ ഉൾപ്പെടെയുള്ളവർ കൃത്യമായി പരിശീലന സെഷനുകളിൽ പങ്കെടുത്തിരിക്കണമെന്നുമാണ് ഗംഭീർ നൽകിയിരിക്കുന്ന സന്ദേശം. ന്യൂസീലൻഡിനെതിരെ തുടർച്ചയായി രണ്ടു ടെസ്റ്റുകൾ തോൽക്കുകയും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ സാധ്യതയെപ്പോലും ഈ തോൽവികൾ ബാധിക്കുകയും ചെയ്തതോടെയാണ് ടീം മാനേജ്മെന്റ് കർശന നിലപാടിലേക്ക് മാറിയത്.
ന്യൂസീലൻഡിനെതിരായ പരമ്പരയ്ക്കു തൊട്ടുപിന്നാലെ ഇന്ത്യൻ ടീമംഗങ്ങൾ ബോർഡർ – ഗാവസ്കർ ട്രോഫിക്കായി ഓസ്ട്രേലിയയിലേക്കു പോകും. രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ടീം നവംബർ 10നാണ് ഓസ്ട്രേലിയയിലേക്ക് പോകുന്നത്.