ADVERTISEMENT

മക്കെയ്∙ ഓസ്ട്രേലിയ എയ്‌ക്കെതിരായ അനൗദ്യോഗിക ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ എയ്ക്ക് കൂട്ടത്തകർച്ച. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ എ 47.4 ഓവറിൽ 107 റൺസിന് എല്ലാവരും പുറത്തായി. 11 ഓവറിൽ 15 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ ബ്രണ്ടൻ ഡോഗട്ടാണ് ഇന്ത്യയെ തകർത്തത്. മറുപടി ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയ എ ഒന്നാം ദിനം കളി നിർത്തുമ്പോൾ 39 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 99 റൺസ് എന്ന നിലയിലാണ്. ക്യാപ്റ്റൻ നഥാൻ മക്‌സ്വീനി (29), കൂപ്പർ കൊണോലി (14) എന്നിവർ ക്രീസിൽ. ആറു വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 8 റൺസ് മാത്രം പിന്നിലാണ് ഓസ്ട്രേലിയ.

77 പന്തിൽ രണ്ടു ഫോറുകൾ സഹിതം 36 റൺസെടുത്ത ദേവ്ദത്ത് പടിക്കലാണ് ഇന്ത്യയുടെ ടോപ് സ്കോറർ. പടിക്കലിനു പുറമേ ഇന്ത്യൻ നിരയിൽ രണ്ടക്കം കണ്ടത് രണ്ടു പേർ മാത്രം. 35 പന്തിൽ ഒരേയൊരു ഫോര‍് സഹിതം 21 റൺസെടുത്ത സായ് സുദർശൻ, 43 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 23 റൺസെടുത്ത നവ്ദീപ് സെയ്നി എന്നിവർ.

ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഇടം ലഭിച്ച അഭിമന്യൂ ഈശ്വരൻ ഓപ്പണറായി എത്തിയെങ്കിലും 30 പന്തിൽ ഏഴു റൺസുമായി നിരാശപ്പെടുത്തി. ഓസീസ് പര്യടനത്തിനുള്ള സീനിയർ ടീമിൽനിന്ന് സിലക്ടർമാർ തഴഞ്ഞ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‍ക്‌വാദ് ഗോൾഡൻ ഡക്കായി.

ബാബ ഇന്ദ്രജിത്ത് (46 പന്തിൽ ഒൻപത്), ഇഷാൻ കിഷൻ (11 പന്തിൽ നാല്), ഓസീസ് പര്യടനത്തിനുള്ള ടീമിൽ ഇടംപിടിച്ച നിതീഷ് റെഡ്ഡി (ആറു പന്തിൽ 0), മാനവ് സുതർ (22 പന്തിൽ ഒന്ന്), പ്രസിദ്ധ് കൃഷ്ണ (0) എന്നിവരും പൂർണമായും നിരാശപ്പെടുത്തി. മുകേഷ് കുമാർ 10 പന്തിൽ ഒരു ഫോർ സഹിതം നാലു റൺസുമായി പുറത്താകാതെ നിന്നു.

86 റൺസ് എടുക്കുമ്പോഴേയ്ക്കും ഒൻപതു വിക്കറ്റ് നഷ്ടമാക്കിയ ഇന്ത്യയെ, അവസാന വിക്കറ്റിൽ മുകേഷ് കുമാറിനൊപ്പം 21 റൺസ് കൂട്ടിച്ചേർത്ത നവ്ദീപ് സെയ്നിയാണ് 100 കടത്തിയത്. ഓസീസിനായി ഡോഗട്ട് 11 ഓവറിൽ ആറ് മെയ്ഡൻ ഓവറുകൾ സഹിതമാണ് 15 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയത്. ജോർദാൻ ബുക്കിങ്ങം രണ്ടും ഫെർഗൂസ് ഒ നീൽ, ടോം മുർഫി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയ എയുടെയും തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർ ബോർഡിൽ ഒൻപത് റൺസ് എത്തുമ്പോഴേയ്ക്കും ഓപ്പണർ സാം കോൻസ്റ്റാസ് (0), കാമറോൺ ബാൻക്രോഫ്റ്റ് (0) എന്നിവർ പവലിയനിൽ മടങ്ങിയെത്തി. മാർക്കസ് ഹാരിസ് (29 പന്തിൽ 17), ബ്യൂ വെബ്സ്റ്റർ (44 പന്തിൽ 33) എന്നിവരാണ് പുറത്തായ മറ്റുള്ളവർ. ഇന്ത്യയ്ക്കായി മുകേഷ് കുമാർ, പ്രസിദ്ധ് കൃഷ്ണ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

English Summary:

Australia A vs India A, 1st unofficial Test, Day 1 - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com