പാക്കിസ്ഥാനിൽനിന്ന് വെറുതെ സമയം കളയരുത് ഗാരി, ഇന്ത്യയെ പരിശീലിപ്പിക്കാൻ തിരിച്ചുവരൂ: വൈറലായി ഹർഭജന്റെ പഴയ കുറിപ്പ്!
Mail This Article
മുംബൈ∙ ദക്ഷിണാഫ്രിക്കയുടെ മുൻ താരം കൂടിയായ ഗാരി കിർസ്റ്റൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ആറു മാസം തികയും മുൻപു രാജിവച്ചതിനു പിന്നാലെ, സമൂഹമാധ്യമങ്ങളിൽ വൈറലായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ് പോസ്റ്റ് ചെയ്ത പഴയ കുറിപ്പ്. ഗാരി കിർസ്റ്റന് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമുമായി ബന്ധപ്പെട്ട് ഗാരി കിർസ്റ്റൻ നടത്തിയതായി പറയുന്ന വിമർശനാത്മകമായ പ്രസ്താവനയുടെ പശ്ചാത്തലത്തിലായിരുന്നു ഇക്കഴിഞ്ഞ ജൂണിൽ ഹർഭജന്റെ കുറിപ്പ്.
ഒരു പാക്കിസ്ഥാൻ മാധ്യമപ്രവർത്തകന്റെ പോസ്റ്റ് പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘പാക്കിസ്ഥാനിൽനിന്ന് വെറുതെ സമയം പാഴാക്കരുത്’ എന്നു തുടങ്ങുന്ന കുറിപ്പാണ് വൈറലായത്.
‘‘അവിടെ (പാക്കിസ്ഥാനിൽ) താങ്കളുടെ സമയം പാഴാക്കരുത് ഗാരി. ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാനായി തിരിച്ചുവരൂ. അത്യപൂർവമായ വജ്രമാണ് ഗാരി കിർസ്റ്റൻ. നല്ലൊരു പരിശീലകൻ, മെന്റർ, സത്യസന്ധൻ, 2011 ലോകകപ്പ് ഇന്ത്യൻ ടീമിലെ ഓരോരുത്തർക്കും പ്രിയപ്പെട്ടവൻ... 2011ൽ ഇന്ത്യയ്ക്ക് ലോകകപ്പ് സമ്മാനിച്ചയാൾ. സ്പെഷൽ മനുഷ്യനാണ് ഗാരി...’ – ഹർഭജൻ കുറിച്ചു.
പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായുള്ള (പിസിബി) അഭിപ്രായഭിന്നതകളെ തുടർന്ന് ഗാരി കിർസ്റ്റൻ പരിശീലക സ്ഥാനം രാജിവച്ചതിനു പിന്നാലെയാണ് ഹർഭജന്റെ കുറിപ്പ് വൈറലാകുന്നത്. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ഓസ്ട്രേലിയൻ പര്യടനത്തിനായി പുറപ്പെടാനിരിക്കെയായിരുന്നു കിർസ്റ്റന്റെ അപ്രതീക്ഷിത രാജി. രണ്ടു വർഷത്തെ കരാറിൽ പാക്കിസ്ഥാന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെയാണ് കിർസ്റ്റൻ ആറു മാസം പോലും തികയ്ക്കും മുൻപേ രാജിവച്ചത്.