ADVERTISEMENT

ബെംഗളൂരു∙ ഇന്ത്യൻ സൂപ്പർതാരം വിരാട് കോലി വീണ്ടും ക്യാപ്റ്റൻ സ്ഥാനത്തേക്ക്. അടുത്ത ഐപിഎൽ സീസണിൽ വിരാട് കോലി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (ആർസിബി) നായകനാകുമെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ സീസണുകളിൽ ടീമിനെ നയിച്ച ഫാഫ് ഡുപ്ലേസിക്ക് 40 വയസ് പിന്നിട്ട സാഹചര്യത്തിലാണ് കോലി നായകസ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. 

എക്കാലവും താരനിബിഡമായ ടീമുമായിട്ടാണ് എത്താറുള്ളതെങ്കിലും, ആർസിബിക്ക് ഇതുവരെ ഐപിഎൽ കിരീടം നേടാനായിട്ടില്ല. ഈ കുറവു നികത്താനുറച്ചാണ് കോലിയെ നായകസ്ഥാനത്ത് വീണ്ടും അവരോധിച്ച് ആർസിബിയുടെ പടപ്പുറപ്പാട്. മെഗാ താരലേലം ഒരു മാസത്തിനുള്ളിൽ നടക്കാനിരിക്കെയാണ് കോലിയെ ആർസിബി നായകസ്ഥാനത്ത് തിരിച്ചെത്തിക്കുന്നത്.

2013 മുതൽ 2021 വരെ വിരാട് കോലിയായിരുന്നു ആർസിബിയുടെ നായകൻ. ഇതിൽ നാലു സീസണുകളിൽ ടീമിനെ പ്ലേ ഓഫിലെത്തിക്കാൻ കോലിക്കായി. 2016ൽ കോലിക്കു കീഴിൽ ആർസിബി ഫൈനലിൽ കടന്നെങ്കിലും, കലാശപ്പോരിൽ സൺറൈസേഴ്സ് ഹൈദരാബാദിനോടു തോറ്റു.

കിരീടവരൾച്ച തുടർന്നതോടെ, 2021ൽ കോലി ടീമിന്റെ നായകസ്ഥാനം രാജിവയ്ക്കുകയായിരുന്നു. ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായകസ്ഥാനം രാജിവച്ച് ദിവസങ്ങൾക്കുള്ളിലായിരുന്നു രാജി പ്രഖ്യാപനം. അതേസമയം, എക്കാലവും ആർസിബിക്കായി ഐപിഎലിൽ കളിക്കുമെന്നും കോലി പ്രഖ്യാപിച്ചിരുന്നു.

നായകസ്ഥാനത്തുനിന്ന് മാറിയെങ്കിലും തുടർന്നുള്ള സീസണുകളിലും നായകൻമാർക്കൊപ്പം നേതൃഗ്രൂപ്പിന്റെ ഭാഗമായി കോലിയുണ്ടായിരുന്നു. ഫാഫ് ഡുപ്ലേസി ടീമിനെ നയിച്ച സമയത്തും അഭിപ്രായങ്ങൾ തുറന്നുപറഞ്ഞും തീരുമാനങ്ങളെടുക്കാൻ അദ്ദേഹത്തെ സഹായിച്ചും കോലി ഒപ്പം നിന്നു.

ഈ സീസണിൽ പുതിയ ആർസിബി പുതിയ നായകനെ തേടുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ശുഭ്മൻ ഗിൽ ഉൾപ്പെടെയുള്ളവരുമായി ടീം ചർച്ച നടത്തുകയും ചെയ്തു. ഡൽഹി ക്യാപിറ്റൽസ് വിടാൻ സാധ്യതയുള്ള ഋഷഭ് പന്ത്, ലക്നൗ സൂപ്പർ ജയന്റ്സ് വിട്ട കെ.എൽ. രാഹുൽ തുടങ്ങിയവർക്കായി ആർസിബി ശ്രമം നടത്തുമെന്നും സൂചനയുണ്ടായിരുന്നു. ഇതിനിടെയാണ് കോലിയെത്തന്നെ ക്യാപ്റ്റനായി അവരോധിക്കാനുള്ള തീരുമാനം.

English Summary:

Virat Kohli Set to Return as RCB Captain For IPL 2025: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com