‘ആർസിബി പ്ലീസ് വെയ്റ്റ്..’: 68 പന്തിൽ സെഞ്ചറി, 102 പന്തിൽ 159, രഞ്ജിയിൽ കണ്ണഞ്ചിപ്പിക്കും പ്രകടനവുമായി രജത് പാട്ടിദാർ!
Mail This Article
ഇൻഡോർ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 2025 സീസണിനു മുന്നോടിയായി ആരെയൊക്കെ നിലനിർത്തണമെന്നും താരലേലത്തിൽ ആരെയൊക്കെ ടീമിലെത്തിക്കണമെന്നും ടീമുകൾ തലപുകയ്ക്കുന്നതിനിടെ, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിനു മുന്നിൽ തകർപ്പൻ െസഞ്ചറി പ്രകടനവുമായി യുവതാരം രജത് പാട്ടിദാർ. രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിന്റെ താരമായ പാട്ടിദാർ, ഹരിയാനയ്ക്കെതിരെ ഇൻഡോറിലെ ഹോൽക്കർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 68 പന്തിൽ സെഞ്ചറി അടിച്ചാണ് കരുത്തുകാട്ടിയത്. ഇന്നിങ്സിലാകെ 102 പന്തിൽ 13 ഫോറും ഏഴു സിക്സറും സഹിതം 159 റൺസും പാട്ടിദാർ നേടി.
ഐപിഎലിലെ മിന്നും താരങ്ങളായ യുസ്‌വേന്ദ്ര ചെഹൽ, ഹർഷൽ പട്ടേൽ തുടങ്ങിയവർ ഉൾപ്പെടുന്ന ബോളിങ് നിരയ്‌ക്കെതിരെയാണ് രജത് പാട്ടിദാറിന്റെ ബാറ്റിങ് വിസ്ഫോടനം. മത്സരം സമനിലയിൽ അവസാനിച്ചെങ്കിലും, ഒന്നാം ഇന്നിങ്സ് ലീഡിന്റെ ബലത്തിൽ മത്സരത്തിൽ ഹരിയാനയ്ക്ക് മൂന്നു പോയിന്റ് ലഭിച്ചു.
ഒന്നാം ഇന്നിങ്സിൽ 308 റൺസിന് ഓൾഔട്ടായ മധ്യപ്രദേശിനെതിരെ ഹരിയാന 440 റൺസ് നേടി ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയിരുന്നു. മത്സരത്തിന്റെ അവസാന ദിനം രണ്ടു സെഷനുകൾ മാത്രം ബാക്കിനിൽക്കെ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മധ്യപ്രദേശ്, രജത് പാട്ടിദാറിന്റെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ തകർത്തടിച്ച് 48.4 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 308 റൺസ് നേടി ഹരിയാനയ്ക്കു മുന്നിൽ 171 റൺസ് വിജയലക്ഷ്യം ഉയർത്തി. മറുപടി ബാറ്റിങ്ങിൽ ഹരിയാന 38 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 115 റൺസ് എടുത്തു നിൽക്കെ മത്സരം സമനിലയിൽ അവസാനിച്ചു.
ഒന്നാം ഇന്നിങ്സിൽ ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയെങ്കിലും, രണ്ടാം ഇന്നിങ്സിലാണ് ഹരിയാന ബോളർമാരെ ഹതാശരാക്കി രജത് പാട്ടിദാറിന്റെ ഐതിഹാസിക പ്രകടനം പിറന്നത്. മൂന്നാം വിക്കറ്റിൽ ഹർപ്രീത് സിങ് ഭാട്യയ്‌ക്കൊപ്പവും (100 പന്തിൽ 108), നാലാം വിക്കറ്റിൽ ശുഭം ശർമയ്‌ക്കൊപ്പവും (108 പന്തിൽ 126) സെഞ്ചറി കൂട്ടുകെട്ട് തീർത്താണ് രജത് ടീമിനെ രക്ഷപ്പെടുത്തിയത്.
രഞ്ജി ട്രോഫിയിൽ പിറക്കുന്ന വേഗമേറിയ അഞ്ചാമത്തെ സെഞ്ചറിയും, മധ്യപ്രദേശ് താരത്തിന്റെ വേഗമേറിയ സെഞ്ചറിയുമാണ് ഹോൽക്കർ സ്റ്റേഡിയത്തിൽ പാട്ടിദാർ കുറിച്ചത്. നമാൻ ഓജ 2015ൽ കർണാടയ്‌ക്കെതിരെ 69 പന്തിൽ മധ്യപ്രദേശിനായി നേടിയ സെഞ്ചറിയുടെ റെക്കോർഡാണ് പാട്ടിദാർ പുതുക്കിയത്.
രഞ്ജി ട്രോഫിയിലെ വേഗമേറിയ സെഞ്ചറിയുടെ റെക്കോർഡ് ഇന്നും ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പർ ബാറ്ററായ ഋഷഭ് പന്തിന്റെ പേരിലാണ്. ജാർഖണ്ഡിനെതിരെ ഡൽഹിക്കായി 2016ൽ 48 പന്തിലാണ് ഋഷഭ് പന്ത് സെഞ്ചറി നേടിയത്. 1990ൽ ശക്തി സിങ് ഹരിയാനയ്‌ക്കെതിരെ 45 പന്തിൽ സെഞ്ചറി നേടിയിട്ടുണ്ടെങ്കിലും അത് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടില്ല.