ADVERTISEMENT

പനജി∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) താരലേലം നവംബറിൽ നടക്കാനിരിക്കെ, രഞ്ജി ട്രോഫിയിൽ തകർപ്പൻ ഓൾറൗണ്ട് പ്രകടനവുമായി സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറിന്റെ മകൻ അർജുൻ തെൻഡുൽക്കർ. ആഭ്യന്തര ക്രിക്കറ്റിൽ ഗോവയ്ക്കായി കളിക്കുന്ന അർജുൻ, നാഗാലാൻഡിനെതിരായ രഞ്ജി മത്സരത്തിൽ തകർത്തടിച്ച് 42 റൺസും മൂന്നു വിക്കറ്റും സ്വന്തമാക്കി. പനജി ജിംഖാന ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ നാഗാലൻഡിനെതിരെ വിജയത്തിന്റെ വക്കിലാണ് ഗോവ.

സിക്കിമിനെതിരായ ആദ്യ മത്സരത്തിലും അർജുൻ രണ്ട് ഇന്നിങ്സിലുമായി ആറു വിക്കറ്റെടുത്ത് തിളങ്ങിയിരുന്നു. മത്സരം ഗോവ ജയിക്കുകയും ചെയ്തു.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗോവ ഒന്നാം ഇന്നിങ്സിൽ 58.1 ഓവറിൽ 179 റൺസിന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നാഗാലൻഡ് 55 ഓവറിൽ 147 റൺസിന് എല്ലാവരും പുറത്തായി. 15 ഓവറിൽ 27 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത അർജുൻ തെൻഡുൽക്കറിന്റെ നേതൃത്വത്തിലാണ് ഗോവ നാഗാലാൻഡിനെ താരതമ്യേന ചെറിയ സ്കോറിൽ ഒതുക്കിയത്.

32 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി വീണ്ടും ബാറ്റിങ്ങിന് ഇറങ്ങിയ ഗോവ, രണ്ടാം ഇന്നിങ്സിൽ 92.1 ഓവറിൽ നേടിയത് 306 റൺസ്. ഓപ്പണർ രോഹൻ കദം (152 പന്തിൽ 59), സ്നേഹൽ കൗതങ്കർ (152 പന്തിൽ 75) എന്നിവരുടെ അർധസെഞ്ചറികൾക്കൊപ്പം, ഒൻപതാമനായി ഇറങ്ങി 39 പന്തിൽ 42 റൺസെടുത്ത അർജുന്റെ പ്രകടനവും ഗോവയ്ക്ക് മികച്ച ലീഡ് സമ്മാനിക്കുന്നതിൽ നിർണായകമായി. 39 പന്തിൽ രണ്ടു ഫോറും മൂന്നു സിക്സും സഹിതമാണ് അർജുൻ 42 റൺസെടുത്തത്.

339 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച നാഗാലാൻഡ്, 81 ഓവർ പൂർത്തിയാകുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് എന്ന നിലയിലാണ്. നാലു വിക്കറ്റ് മാത്രം കയ്യിലിരിക്കെ നാഗാലാൻഡിന് വിജയത്തിലേക്ക് 137 റൺസ് കൂടി വേണം. രണ്ടാം ഇന്നിങ്സിൽ 15 ഓവർ ബോൾ ചെയ്തെങ്കിലും അർജുൻ തെൻഡുൽക്കറിന് ഇതുവരെ വിക്കറ്റ് നേടാനായിട്ടില്ല.

English Summary:

Arjun Tendulkar Shines For Goa As He Scores Quick 42 And Scalps 3 Wickets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com