ഗംഭീർ ദക്ഷിണാഫ്രിക്കയിലേക്കില്ല; സഞ്ജുവിനെയും സംഘത്തെയും ‘കളി പഠിപ്പിക്കാൻ’ പകരം ലക്ഷ്മൺ എത്തും!
Mail This Article
മുംബൈ∙ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ട്വന്റി20 പരമ്പരയ്ക്കായി പോകുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ ഉണ്ടാകില്ല. പകരം, മുൻ ഇന്ത്യൻ താരം കൂടിയായ വി.വി.എസ്. ലക്ഷ്മണാകും താൽക്കാലിക പരിശീലകനായി ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലെത്തുക. സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ ടീമിൽ, മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെയുള്ളവർ അംഗങ്ങളാണ്. നാലു മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പര നവംബർ എട്ടിനാണ് ആരംഭിക്കുക.
ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറാണെങ്കിലും, ബോർഡർ – ഗാവസ്കർ ട്രോഫിക്കായി ഏതാണ്ട് ഇതേ സമയത്ത് ഇന്ത്യയുടെ ടെസ്റ്റ് ടീം ഓസ്ട്രേലിയയിലേക്കു പോകുന്ന സാഹചര്യത്തിലാണ് പകരം ലക്ഷ്മണിനെ ദക്ഷിണാഫ്രിക്കയിലേക്കു നിയോഗിക്കുന്നത്. ഓസ്ട്രേലിയൻ പര്യടനത്തിനായി ഇന്ത്യൻ ടെസ്റ്റ് ടീം നവംബർ 10നാണ് പുറപ്പെടുന്നത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ മത്സരം നവംബർ എട്ടിനും ശേഷിക്കുന്ന മത്സരങ്ങൾ നവംബർ 10, 13, 15 തീയതികളിലുമാണ്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) നിന്നുള്ള പരിശീലകരും ലക്ഷ്മണിനൊപ്പം ദക്ഷിണാഫ്രിക്കയിലേക്കു പോകും. സായ്‌രാജ് ബഹുതുലെ, ഋഷികേഷ് കനിക്തർ, സുഭാദീപ് ഘോഷ് തുടങ്ങിയവരാണ് പരിശീലക സംഘത്തിലുണ്ടാകുക. ഒമാനിൽ കഴിഞ്ഞ ദിവസം അവസാനിച്ച എമർജിങ് ടീംസ് ഏഷ്യാ കപ്പിൽ ഇവരും പരിശീലക സംഘത്തിൽ അംഗങ്ങളായിരുന്നു.
ഈ ഘട്ടത്തിൽ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം അനാവശ്യമാണെന്നു ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ ഗാവസ്കർ രംഗത്തെത്തിയിരുന്നു. ദക്ഷിണാഫ്രിക്കൻ പര്യടനം ഇന്ത്യയുടെ ടൂർ കലണ്ടറിൽ ആദ്യം ഉൾപ്പെട്ടിരുന്നില്ലെങ്കിലും, പിന്നീട് ബിസിസിഐയും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡും നടത്തിയ ചർച്ചയെ തുടർന്നാണ് നാലു മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പര നടത്താൻ തീരുമാനിച്ചത്. അതേസമയം, ആഭ്യന്തര സീസണിലെ തിരക്കിനിടെ ഇത്തരമൊരു പരമ്പര അനാവശ്യമാണെന്നാണ് ഗാവസ്കറിന്റെ വാദം.
‘‘ഓസ്ട്രേലിയൻ പര്യടനത്തിനു മുന്നോടിയായി അടുത്ത മാസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ യാതൊരു ആവശ്യവുമില്ലാതെ നാലു മത്സരങ്ങൾ ഉൾപ്പെടുന്ന ഒരു പരമ്പര ഇന്ത്യ കളിക്കുന്നുണ്ട്. അടുത്ത മാസം തന്നെ ഇന്ത്യ എ ടീമും ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്നുണ്ട്. അതായത്, രഞ്ജി ട്രോഫി നടക്കുന്ന സമയത്ത് ഏതാണ്ട് 50–60 താരങ്ങൾ വിവിധ ടീമുകൾക്കായി കളിക്കാൻ ഉണ്ടാകില്ല’ – ഗാവസ്കർ കുറിച്ചു.