ADVERTISEMENT

മുംബൈ∙ ക്രിക്കറ്റ് ലോകം ഒന്നടങ്കം ബഹുമാനിച്ചിരുന്ന സച്ചിൻ തെൻഡുൽക്കറിന് 40–ാം വയസ്സിൽ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാമെങ്കിൽ, ഇന്ത്യൻ ടീമിലെ സൂപ്പർ താരങ്ങളായ വിരാട് കോലിക്കും രോഹിത് ശർമയ്ക്കും എന്തുകൊണ്ട് പറ്റില്ല എന്ന ചോദ്യവുമായി ഒരു വിഭാഗം ആരാധകർ രംഗത്ത്. ദീർഘകാലമായി ഇരുവർക്കും ടെസ്റ്റ് ക്രിക്കറ്റിൽ ഫോം കണ്ടെത്താനാകാതെ പോവുകയും, ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പര തോറ്റതിൽ ഇവരുടെ മോശം പ്രകടനം നിർണായകമാകുകയും ചെയ്ത സാഹചര്യത്തിലാണ് ഇരുവരും ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങണമെന്ന ആവശ്യം ഉയരുന്നത്.

സച്ചിൻ തെൻഡുൽക്കർ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ച 2013ൽപ്പോലും രഞ്ജി ട്രോഫി കളിച്ചിരുന്നു. അതായത് 40–ാം വയസ്സിലും ഇന്ത്യയ്ക്കായി കളിക്കുന്നതിനൊപ്പം തന്നെ ആഭ്യന്തര ക്രിക്കറ്റിലും സാന്നിധ്യമറിയിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നുവെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. വിരാട് കോലിയാകട്ടെ, ഏറ്റവും ഒടുവിൽ രഞ്ജി ട്രോഫിയിൽ കളിച്ചത് 2012ലാണ്. ഒരു പതിറ്റാണ്ടിലധികം മുൻപ് വിരമിച്ച സച്ചിൻ‌ തെൻഡുൽക്കറിനേക്കാൾ മുൻപ്!

ഇന്ത്യൻ ടീം നായകൻ കൂടിയായ രോഹിത് ശർമ ഏറ്റവും ഒടുവിൽ രഞ്ജി ട്രോഫിയിൽ കളിച്ചത് 2015–16 സീസണിലാണ്. സ്പിന്നിനെതിരെ കളിക്കാൻ ഇരുവരും ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ, ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങാനും മികവു വീണ്ടെടുക്കാനും ശ്രമമുണ്ടാകണമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ജോഷിയും ആവശ്യപ്പെട്ടു. 

‘‘സ്പിന്നിനെതിരെ എപ്രകാരം കളിക്കണമെന്ന കാര്യം നാം മറന്നുപോയിരിക്കുന്നു. സ്പിന്നർമാർ നമ്മുടെ നാട്ടിൽ വിജയങ്ങൾ വെട്ടിപ്പിടിക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്നുണ്ടെങ്കിൽ, അവരെ എപ്രകാരം നേരിടണമെന്ന കാര്യത്തിൽ ബാറ്റർമാർക്കും കൃത്യമായ ധാരണ വേണം. നമ്മുടെ ടോപ് ഓർഡർ ബാറ്റർമാർ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാനായി തിരിച്ചെത്തുന്നത് നമുക്ക് എന്നാണ് കാണാനാകുക?’ – സുനിൽ ജോഷി ചോദിച്ചു.

‘‘നിങ്ങൾ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങുന്നില്ലെങ്കിൽ, സ്പിന്നർമാരെ നേരിടുന്നതിനുള്ള ബുദ്ധിമുട്ട് അതേപടി തുടരാനാണ് സാധ്യത. മുൻപൊക്കെ എത്ര വലിയ താരമാണെങ്കിലും ഫോം നഷ്ടമായാൽ ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചുപോകുന്ന പതിവുണ്ടായിരുന്നു. അവിടെ കളിച്ചു തെളിഞ്ഞ ശേഷമാകും അവർ ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുക. നമ്മുടെ ടോപ് ഓർഡർ ബാറ്റർമാർക്കും എന്തുകൊണ്ട് അതു തന്നെ ചെയ്തുകൂടാ? ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്നത് ഒട്ടും എളുപ്പമല്ല എന്നതാണ് വാസ്തവം. അത് കനത്ത വെല്ലുവിളി തന്നെയാണ്’ – സുനിൽ ജോഷി ചൂണ്ടിക്കാട്ടി.

English Summary:

If Sachin Tendulkar can play domestic cricket at 40, why can't Virat Kohli and Rohit Sharma? Ask Fans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT