കോലിക്കും പുരാനും മുകളിൽ ഹെൻ‘റിച്’ ക്ലാസൻ, ഹൈദരാബാദ് 23 കോടി നൽകും; പഞ്ചാബിന് രണ്ടു പേര് മാത്രം മതി!
Mail This Article
മുംബൈ∙ ഐപിഎൽ താരലേലത്തിനു മുൻപ് നിലനിർത്തിയവരിൽ വിലയേറിയ താരമായി സൺറൈസേഴ്സ് ഹൈദരാബാദിന്റെ വിക്കറ്റ് കീപ്പർ ബാറ്റർ ഹെൻറിച് ക്ലാസൻ. 23 കോടി രൂപയാണ് ദക്ഷിണാഫ്രിക്കൻ താരത്തെ നിലനിർത്താൻ ഹൈദരാബാദ് മുടക്കിയ തുക. അടുത്ത സീസണിലേക്ക് അഞ്ചു താരങ്ങളെ നിലനിർത്തിയ ഹൈദരാബാദ്, ക്യാപ്റ്റൻ പാറ്റ്‍ കമിൻസിന് 18 കോടി രൂപയാണു നൽകുക.
ക്ലാസനെ നിലനിർത്തി ടീം ശക്തിപ്പെടുത്താനായി കമിൻസ് സ്വന്തം പ്രതിഫലം വെട്ടിക്കുറച്ചതായി നേരത്തേ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. അതു ശരി വയ്ക്കുന്നതാണ് ഹൈദരാബാദിന്റെ റിട്ടൻഷൻ ലിസ്റ്റ്. ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡിന് 14 കോടി രൂപ ലഭിക്കും. ഇന്ത്യയുടെ യുവ ബാറ്റർ അഭിഷേക് ശര്‍മയെ 14 കോടിക്ക് സൺറൈസേഴ്സ് നിലനിർത്തി. ഇന്ത്യൻ താരം നിതീഷ് റെഡ്ഡിക്ക് ആറു കോടിയും ലഭിക്കും.
അതേസമയം പഞ്ചാബ് കിങ്സ് രണ്ടു താരങ്ങളെ മാത്രമാണു ടീമിൽ നിലനിർത്തി ഞെട്ടിച്ചു. കഴിഞ്ഞ ലേലത്തിൽ അപ്രതീക്ഷിതമായി ടീമിലെത്തിയ ശശാങ്ക് സിങ് 5.50 കോടിക്ക് പഞ്ചാബിൽ കളിക്കും. നാലു കോടി നൽകി പ്രബ്സിമ്രൻ സിങ്ങിനെയും ടീം നിലനിർത്തി. ഇതോടെ പഞ്ചാബിന് പഴ്സിൽ 110.5 കോടി രൂപ ബാക്കിയാണ്. കുറവു തുകയുള്ള ടീം രാജസ്ഥാൻ റോയൽസാണ്. ആറു താരങ്ങളെ നിലനിർത്തിയ രാജസ്ഥാന് 41 കോടി രൂപ മാത്രമാണു ബാക്കിയുള്ളത്.