ജോസ് ബട്‍ലറെ ഒഴിവാക്കാൻ രാജസ്ഥാന് കാരണമുണ്ട്! യശസ്വിക്കൊപ്പം സഞ്ജു ഓപ്പണറാകുമോ?
Mail This Article
മുംബൈ∙ ഓപ്പണിങ് ബാറ്റർ ജോസ് ബട്‍ലറെ നിലനിര്‍ത്താതെ ഒഴിവാക്കി രാജസ്ഥാൻ റോയൽസ്. ക്യാപ്റ്റൻ സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ എന്നിവർക്കൊപ്പം രാജസ്ഥാന്റെ ഏറ്റവും വിശ്വസ്തനായ ബാറ്ററായിരുന്നു ബട്‍ലർ. സഞ്ജുവിനും ജയ്സ്വാളിനും 18 കോടി വീതം നൽകി ടീമിനൊപ്പം നിർത്തിയപ്പോൾ ജോസ് ബട്‍ലറെ ലേലത്തിൽ വിടാനാണു ടീം തീരുമാനിച്ചത്. ആറു താരങ്ങളെ നിലനിർത്തിയതിനാൽ ലേലത്തിൽ ബട്‌ലര്‍ക്കു വേണ്ടി ആർടിഎം ഉപയോഗിക്കാനും രാജസ്ഥാനു സാധിക്കില്ല.
സഞ്ജു സാംസൺ (18 കോടി), യശസ്വി ജയ്സ്വാൾ (18 കോടി),റിയാൻ പരാഗ് (14 കോടി),ധ്രുവ് ജുറെൽ (14 കോടി),ഷിമ്രോൺ ഹെറ്റ്മിയർ (11 കോടി),സന്ദീപ് ശർമ (4 കോടി) എന്നിവരെയാണ് അടുത്ത സീസണിലേക്കു രാജസ്ഥാൻ റോയൽസ് നിലനിർത്തിയിട്ടുള്ളത്. പരുക്കിന്റെ പിടിയിലായ ജോസ് ബട്‍ലറെ നിലനിർത്തിയാലും കളിപ്പിക്കാൻ സാധിക്കുമോയെന്ന് റോയൽസ് ക്യാംപിൽ ആശങ്കകളുണ്ടായിരുന്നു. കഴിഞ്ഞ ട്വന്റി20 ലോകകപ്പിലാണ് ബട്‍ലർ ഇംഗ്ലണ്ടിനായി ഒടുവിൽ കളിച്ചത്.
ഇംഗ്ലണ്ടിലെ ‘ഹണ്ട്രഡ്’ ടൂർണമെന്റും ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയും ബട്‍ലർക്കു നഷ്ടമായിരുന്നു. കാലിനു പരുക്കേറ്റ താരം വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ കളിച്ച് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. വിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ബട്‍ലർ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഒഴിവാക്കിയിരുന്നു. മെഗാലേലത്തിൽ ബട്‍ലർക്കു പകരം മികച്ചൊരു ഓപ്പണിങ് ബാറ്ററെ കണ്ടെത്തുകയെന്നതാകും രാജസ്ഥാനു മുന്നിലുള്ള പ്രധാന വെല്ലുവിളി. അല്ലെങ്കിൽ യശസ്വി ജയ്സ്വാളിനൊപ്പം ക്യാപ്റ്റൻ സഞ്ജു സാംസൺ തന്നെ ഓപ്പണറായി ഇറങ്ങേണ്ടിവരും.
രാജസ്ഥാനു വേണ്ടി ഓപ്പണറുടെ റോളിൽ മുൻപ് തിളങ്ങിയിട്ടുള്ള താരമാണ് സഞ്ജു. ചെഹല്‍, ആർ. അശ്വിൻ എന്നിവരെ ലേലത്തിൽ വാങ്ങാൻ സാധിച്ചില്ലെങ്കിൽ പുതിയ സ്പിന്നർമാരെയും രാജസ്ഥാനു വാങ്ങേണ്ടിവരും. ട്രെന്റ് ബോൾട്ട്, ആവേശ് ഖാൻ എന്നീ പേസർമാരെയും രാജസ്ഥാൻ ടീമിൽനിന്ന് ‘റിലീസ്’ ചെയ്തിട്ടുണ്ട്.