ഒന്നു ബാറ്റ് ചെയ്തോട്ടെ? സർഫറാസ് ‘ശല്യക്കാരനെന്ന്’ മിച്ചൽ, അംപയറുടെ താക്കീത്; ഇടപെട്ട് രോഹിത്
Mail This Article
മുംബൈ∙ മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിടെ ഇന്ത്യൻ ഫീൽഡർ സർഫറാസ് ഖാനെതിരെ പരാതി പറഞ്ഞ് ന്യൂസീലൻഡ് ബാറ്റര്‍ ഡാരില്‍ മിച്ചൽ. സില്ലി പോയിന്റിൽ ഫീൽഡറായ സർഫറാസ് ശ്രദ്ധയോടെ ബാറ്റു ചെയ്യാൻ അനുവദിക്കുന്നില്ലെന്നായിരുന്നു ഡാരിൽ മിച്ചലിന്റെ പരാതി. ബാറ്റിങ്ങിനിടെ മിച്ചൽ ഇക്കാര്യം അംപയർമാരെ അറിയിക്കുകയും ചെയ്തു. സര്‍ഫറാസ് തൊട്ടടുത്തുനിന്ന് നിരന്തരം സംസാരിക്കുന്നതു ബാറ്റിങ്ങിന് ശല്യമാകുന്നെന്നായിരുന്നു മിച്ചലിന്റെ പരാതി.
തുടർന്ന് അംപയർ സർഫറാസ് ഖാനെ താക്കീത് ചെയ്തു. ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശർമ ഇടപെട്ടാണു പ്രശ്നം പരിഹരിച്ചത്. ആദ്യ ഇന്നിങ്സിൽ 129 പന്തുകൾ നേരിട്ട ഡാരിൽ മിച്ചൽ 82 റൺസെടുത്തു പുറത്തായി. വാഷിങ്ടന്‍ സുന്ദര്‍ എറിഞ്ഞ 66–ാം ഓവറിൽ ക്യാപ്റ്റൻ രോഹിത് ശർമ ക്യാച്ചെടുത്താണ് ഡാരിൽ മിച്ചലിനെ പുറത്താക്കിയത്.
ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ന്യൂസീലൻഡ് 235 റൺസിനു പുറത്തായിരുന്നു. സ്പിന്നർമാരായ രവീന്ദ്ര ജഡേജയും വാഷിങ്ടൻ സുന്ദറും തകർത്തെറിഞ്ഞപ്പോൾ 65.4 ഓവറിൽ കിവീസ് ഓൾഔട്ടായി. രവീന്ദ്ര ജഡേജ ആദ്യ ഇന്നിങ്സിൽ അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. വാഷിങ്ടന്‍ സുന്ദർ നാലു വിക്കറ്റുകളും സ്വന്തമാക്കി.
129 പന്തിൽ 82 റൺസെടുത്ത ഡാരിൽ മിച്ചലാണ് കിവീസിന്റെ ടോപ് സ്കോറർ. വിൽ യങ്ങും (138 പന്തിൽ 71) അർധ സെഞ്ചറി തികച്ചു. ഡെവോൺ കോൺവെ (11 പന്തിൽ നാല്), ടോം ലാഥം (44 പന്തിൽ 28), രചിൻ രവീന്ദ്ര (12 പന്തിൽ അഞ്ച്), ടോം ബ്ലണ്ടൽ (പൂജ്യം), ഗ്ലെൻ ഫിലിപ്സ് (28 പന്തിൽ 17), ഇഷ് സോധി (19 പന്തിൽ ഏഴ്), മാറ്റ് ഹെന്‍റി (പൂജ്യം), അജാസ് പട്ടേൽ (16 പന്തിൽ ഏഴ്) എന്നിങ്ങനെയാണ് മറ്റ് ന്യൂസീലൻഡ് താരങ്ങളുടെ സ്കോറുകൾ.