ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ഇതുവരെ എറിഞ്ഞത് വെറും 73 പന്തുകൾ. ഒറ്റ സീസണിൽ ലക്ഷാധിപതിയിൽനിന്ന് കോടിപതിയായി മാറിയിരിക്കുകയാണ് ലക്നൗ സൂപ്പർ ജയന്റ്സിന്റെ പേസർ മായങ്ക് യാദവ്. വെറും 20 ലക്ഷത്തിനാണ് മായങ്ക് ലക്നൗ ‍ടീമിലെത്തുന്നത്. അടുത്ത സീസണിലേക്കായി ലക്നൗ താരത്തെ നിലനിര്‍ത്തിയത് 11 കോടി രൂപയ്ക്ക്. കഴിഞ്ഞ സീസണില്‍ ലക്നൗവിനായി തിളങ്ങിയ മായങ്ക് ഇന്ത്യൻ ട്വന്റി20 ടീമിലും അരങ്ങേറ്റ മത്സരം കളിച്ചിരുന്നു.

അതിനു പിന്നാലെയാണു താരത്തിന്റെ വില കുതിച്ചുയർന്നത്. ലക്നൗ സൂപ്പർ ജയന്റ്സിന്റെ കണ്ടെത്തലാണ് മായങ്ക് യാദവ്. തുടർച്ചയായി 150 കിലോമീറ്റർ വേഗതയിൽ പന്തെറിയുന്ന മായങ്ക് ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിക്കു വേണ്ടിയാണു കളിക്കുന്നത്. ഇന്ത്യയ്ക്കായി മൂന്നു മത്സരങ്ങൾ കളിച്ച താരം നാലു വിക്കറ്റുകൾ വീഴ്ത്തി. കഴിഞ്ഞ സീസണിൽ ലക്നൗവിനായി നാലു മത്സരങ്ങൾ മാത്രമാണു മായങ്ക് കളിച്ചത്. ഏഴു വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും പരുക്കു കാരണം താരത്തിനു സീസൺ നഷ്ടമായി.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലും മായങ്ക് യാദവ് ഇടം നേടിയെങ്കിലും കളിക്കുന്ന കാര്യം സംശയമാണ്. നടുവിന് വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് താരം ബെംഗളൂരുവിൽ ചികിത്സയിലാണ്. മായങ്ക് യാദവിനു കുറച്ചു മാസങ്ങൾ പുറത്തിരിക്കേണ്ടിവരുമെന്നാണു വിവരം. 2023 ഐപിഎല്ലിനുള്ള തയാറെടുപ്പുകൾക്കിടെ പരുക്കേറ്റ താരത്തിന് സീസണ്‍ പൂർണമായും നഷ്ടമായിരുന്നു.

2023–24 രഞ്ജി സീസണും താരത്തിനു പരുക്കു കാരണം കളിക്കാൻ സാധിച്ചിരുന്നില്ല. വിജയ് ഹസാരെ ട്രോഫിയിൽ ഡൽഹിക്കു വേണ്ടി കളിക്കുന്നതിനിടെ ലക്നൗവിന്റെ അസിസ്റ്റന്റ് കോച്ചായിരുന്ന വിജയ് ദഹിയയാണ് മായങ്കിനെ കണ്ടെത്തി, ഐപിഎല്ലിൽ എത്തിച്ചത്.

ഈ സീസണിൽ ക്യാപ്റ്റൻ കെ.എൽ. രാഹുലിനെ ടീമിൽ നിലനിർത്തേണ്ടതില്ലെന്ന് തീരുമാനിച്ച ലക്നൗ സൂപ്പർ ജയന്റ്സ് മാനേജ്മെന്റ്, പകരം വെസ്റ്റിൻഡീസ് താരം നിക്കോളാസ് പുരാൻ, ഇന്ത്യൻ താരങ്ങളായ മായങ്ക് യാദവ്, രവി ബിഷ്ണോയ്, ആയുഷ് ബദോനി, മൊഹ്സിൻ ഖാൻ എന്നിവരെയാണ് നിലനിർത്തിയത്. ഇതിൽത്തന്നെ പുരാനെ 21 കോടി രൂപ നൽകിയാണ് അവർ നിലനിർത്തിയത്. മായങ്ക് യാദവ്, രവി ബിഷ്ണോയ് എന്നിവർക്ക് 11 കോടി വീതം, മൊഹ്സിൻ ഖാൻ, ആയുഷ് ബദോനി എന്നിവർക്ക് 4 കോടി വീതം എന്നിങ്ങനെയാണ് ലക്നൗ നൽകിയത്.

English Summary:

Mayank Yadav to receive massive salary hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com