ADVERTISEMENT

മെൽബൺ∙ ഓസ്ട്രേലിയ എയ്‌ക്കെതിരായ അനൗദ്യോഗിക ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 107 റൺസിന് ഓൾഔട്ടായെങ്കിലും, അതേ നാണയത്തിൽ തിരിച്ചടിച്ച് ഓസീസിനെ 195 റൺസിന് പുറത്താക്കി ഇന്ത്യ എ. നാലു വിക്കറ്റ് നഷ്ടത്തിൽ 99 റൺസമായി രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഓസീസിനെ, 62.4 ഓവറിലാണ് ഇന്ത്യ 195 റൺസിന് പുറത്താക്കിയത്. ഇതോടെ ഓസീസിന് 88 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് ലഭിച്ചു. 18.4 ഓവറിൽ 46 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റ് പിഴുത മുകേഷ് കുമാറാണ് ഓസീസിനെ തളച്ചത്. പ്രസിദ്ധ് കൃഷ്ണ മൂന്നു വിക്കറ്റ് സ്വന്തമാക്കി.

രണ്ടാം ദിനം ആദ്യ സെഷനിൽത്തന്നെ ഓസീസിന്റെ ശേഷിക്കുന്ന ആറു വിക്കറ്റുകളും 96 റൺസിനിടെ വീഴ്ത്തിയാണ് ഇന്ത്യ തിരിച്ചടിച്ചത്. 131 പന്തിൽ നാലു ഫോറുകളോടെ 39 റൺസെടുത്ത ക്യാപ്റ്റൻ നഥാൻ മകസ്വീനിയാണ് ഓസീസിന്റെ ടോപ് സ്കോറർ. ബ്യൂ വെബ്സ്റ്റർ (44 പന്തിൽ 33), കൂപ്പർ കൊണോലി (60 പന്തിൽ 37), ടോഡ് മുർഫി (47 പന്തിൽ 33) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

ഇന്ത്യൻ നിരയിൽ 10 വിക്കറ്റുകളും പേസർമാർ പങ്കിട്ടു. മുകേഷ് കമാർ 18.4 ഓവറിൽ ഏഴു മെയ്ഡൻ ഓവറുകൾ സഹിതമാണ് 46 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയത്. പ്രസിദ്ധ് കൃഷ്ണ 18 ഓവറിൽ 59 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് പിഴുത് മുകേഷ് കുമാറിന് ഉറച്ച പിന്തുണ നൽകി. നിതീഷ് റെഡ്ഡി ഏഴ് ഓവറിൽ 14 റൺസ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി. നവ്ദീപ് സെയ്നി 11 ഓവർ എറിഞ്ഞ് 52 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ എ 47.4 ഓവറിലാണ് 107 റൺസിനു പുറത്തായത്. 77 പന്തിൽ രണ്ടു ഫോറുകൾ സഹിതം 36 റൺസെടുത്ത ദേവ്ദത്ത് പടിക്കലായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ. സായ് സുദർശൻ (35 പന്തിൽ 21), നവ്ദീപ് സെയ്നി (43 പന്തിൽ 23) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചതോടെയാണ് ഇന്ത്യ 100 കടന്നത്. ഓസീസിനായി ബ്രണ്ടൻ ഡോഗട്ട് 11 ഓവറിൽ 15 റൺസ് വഴങ്ങി ആറു വിക്കറ്റ് പിഴുതിരുന്നു.

English Summary:

Australia A vs India A, 1st unofficial Test, Day 2 - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com