ADVERTISEMENT

മുംബൈ∙ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്കെതിരെ ആത്മവിശ്വാസത്തോടെ ബാറ്റു ചെയ്യാനിറങ്ങിയ ന്യൂസീലൻഡിനു തിരിച്ചടി. രണ്ടാം ഇന്നിങ്സിൽ 171 റൺസെടുക്കുന്നതിനിടെ ന്യൂസീലൻഡിന്റെ ഒൻപതു വിക്കറ്റുകൾ വീണു. ഏഴു റൺസെടുത്ത അജാസ് പട്ടേലും വില്യം ഒറുക്കുമാണ് കിവീസ് നിരയിൽ പുറത്താകാതെ നിൽക്കുന്നത്. വിൽ യങ് അർധ സെഞ്ചറി നേടി. 100 പന്തുകൾ നേരിട്ട താരം 51 റണ്‍സെടുത്തു പുറത്തായി.

ഗ്ലെൻ ഫിലിപ്സ് (14 പന്തിൽ 26), ഡെവോൺ കോൺവെ (47 പന്തിൽ 22), ഡാരിൽ മിച്ചൽ (44 പന്തിൽ 21), മാറ്റ് ഹെൻറി (16 പന്തിൽ 10), ഇഷ് സോഥി (എട്ട്), രചിൻ രവീന്ദ്ര (നാല്), ടോം ബ്ലണ്ടൽ (നാല്), ക്യാപ്റ്റൻ ടോം ലാഥം (ഒന്ന്) എന്നിവരാണ് രണ്ടാം ഇന്നിങ്സിൽ പുറത്തായ ന്യൂസീലൻഡ് ബാറ്റർമാർ. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ നാലും അശ്വിൻ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. ആകാശ്ദീപും വാഷിങ്ടൻ സുന്ദറും ഓരോ വിക്കറ്റും നേടി. രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ന്യൂസീലൻഡിന് 143 റൺസിന്റെ ലീ‍ഡുണ്ട്.

ഗില്ലിനും പന്തിനും അർധ സെഞ്ചറി, ആദ്യ ഇന്നിങ്സിൽ ഇന്ത്യ 263 ന് പുറത്ത്

ആദ്യ ഇന്നിങ്സിൽ ഇന്ത്യ 263 റൺസെടുത്തു പുറത്തായിരുന്നു. ഇന്ത്യയ്ക്ക് 28 റണ്‍സിന്റെ ലീ‍ഡാണുള്ളത്. ശുഭ്മൻ ഗില്ലും (106 പന്തിൽ 70) ഋഷഭ് പന്തും (59 പന്തിൽ 60) ഇന്ത്യയ്ക്കായി അർധ സെഞ്ചറി നേടി. വാലറ്റത്ത് പൊരുതിന്ന വാഷിങ്ടൻ സുന്ദർ 36 പന്തിൽ 38 റൺസെടുത്തു. ആദ്യ ദിനം കളി നിർത്തുമ്പോൾ 19  ഓവറിൽ നാലിന് 86 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. വിക്കറ്റുപോകാതെ പിടിച്ചുനിൽക്കാൻ നേരത്തേയിറക്കിയ മുഹമ്മദ് സിറാജ് ആദ്യ പന്തിൽ പുറത്തായതും, വിരാട് കോലി നാലു റൺസ് മാത്രമെടുത്തു മടങ്ങിയതും ആദ്യ ദിനത്തിലെ അവസാന സെഷനിൽ ഇന്ത്യയെ ഞെട്ടിച്ചു. യശസ്വി ജയ്സ്വാൾ (52 പന്തിൽ 30), രോഹിത് ശർമ (18 പന്തിൽ 18), രവീന്ദ്ര ജഡേജ (25 പന്തിൽ 14), സർഫറാസ് ഖാൻ (പൂജ്യം), അശ്വിന്‍ (13 പന്തിൽ ആറ്), ആകാശ്ദീപ് (പൂജ്യം) എന്നിവരാണു പുറത്തായ മറ്റ് ഇന്ത്യൻ ബാറ്റർമാർ.

gill
ആദ്യ ഇന്നിങ്സിൽ ശുഭ്മൻ ഗില്ലിന്റെ ബാറ്റിങ്. Photo: X@BCCI

സ്കോർ 25ൽ നിൽക്കെയാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. ക്യാപ്റ്റൻ രോഹിത് ശർമയെ മാറ്റ് ഹെൻറി ടോം ലാഥമിന്റെ കൈകളിലെത്തിച്ചു. യശസ്വി ജയ്സ്വാളിന്റെ വിക്കറ്റ് സ്പിന്നർ അജാസ് പട്ടേലിനാണ്. അവസാന ഓവറുകളിൽ കളിക്കാനായി ഇറങ്ങിയ സിറാജ് ആദ്യ പന്തിൽ തന്നെ എൽബിഡബ്ല്യു ആകുകയായിരുന്നു. കോലി റൺഔട്ടായി. ശനിയാഴ്ച അർധ സെഞ്ചറി നേടി കുതിച്ച ഋഷഭ് പന്തിനെ ഇഷ് സോധി വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു. മധ്യനിരയിൽ രവീന്ദ്ര ജഡേജയും സർഫറാസ് ഖാനും പൊരുതാതെ കീഴടങ്ങി. വാഷിങ്ടൻ സുന്ദറിന്റെ ചെറുത്തുനിൽപ്പാണ് ഇന്ത്യയെ ലീഡിൽ എത്തിച്ചത്.

കിവീസിനായി സ്പിന്നര്‍ അജാസ് പട്ടേൽ അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. ആദ്യ ഇന്നിങ്സിൽ ന്യൂസീലൻഡ് 235 റൺസെടുത്തു പുറത്തായി. സ്പിന്നർമാരായ രവീന്ദ്ര ജഡേജയും വാഷിങ്ടൻ സുന്ദറും തകർത്തെറിഞ്ഞപ്പോൾ 65.4 ഓവറിൽ കിവീസ് ഓൾഔട്ടായി. രവീന്ദ്ര ജഡേജ ആദ്യ ഇന്നിങ്സിൽ അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. വാഷിങ്ടന്‍ സുന്ദർ നാലു വിക്കറ്റുകളും സ്വന്തമാക്കി.

English Summary:

India vs New Zealand Third Test, Day 2 Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com