ഡൽഹിക്കു താൽപര്യമുണ്ടായിരുന്നു, എന്നിട്ടും ടീം വിട്ടു; ഋഷഭ് പന്ത് പോയത് പണം മോഹിച്ചല്ല!
Mail This Article
ന്യൂഡൽഹി∙ ഋഷഭ് പന്ത് ഡൽഹി ക്യാപിറ്റൽസ് ടീം വിട്ടത് കൂടുതൽ പ്രതിഫലം ലഭിക്കാത്തതുകൊണ്ടല്ലെന്നു വിവരം. വരുന്ന സീസണിൽ ഡൽഹി ക്യാപിറ്റല്‍സിലുള്ള സ്വാധീനം തനിക്കു നഷ്ടമാകുമോയെന്ന ആശങ്കയെ തുടർന്നാണ് പന്ത് ക്ലബ്ബ് വിട്ടതെന്നു ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. റിക്കി പോണ്ടിങ് പരിശീലക സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ പന്തിനെ മാറ്റി അക്ഷർ പട്ടേലിനെ ക്യാപ്റ്റനാക്കാൻ ഡൽഹി ക്യാപിറ്റൽസ് ആലോചിച്ചിരുന്നു. എന്നാൽ ജിഎംആർ ഗ്രൂപ്പ് ക്ലബ്ബിന്റെ നടത്തിപ്പു ചുമതല ഏറ്റെടുത്തതോടെയാണു താരം ക്ലബ്ബ് വിടാൻ തീരുമാനിച്ചത്.
ജിഎംആറും ജെഎസ്ഡബ്ല്യുവുമാണ് ഡൽഹി ക്യാപിറ്റൽസിന്റെ ഉടമകൾ. നേരത്തേയുണ്ടാക്കിയ ധാരണ പ്രകാരം ജിഎംആർ ഗ്രൂപ്പാണ് അടുത്ത രണ്ടു വർഷത്തേക്ക് ക്ലബ്ബിന്റെ കാര്യങ്ങൾ നോക്കി നടത്തേണ്ടത്. ഹെമാങ് ബദോനിയാണു പുതിയ സീസണിൽ ഡൽഹിയെ പരിശീലിപ്പിക്കുന്നത്. ടീം ഡയറക്ടറായി വൈ. വേണുഗോപാൽ റാവുവും എത്തി. ഈ രണ്ടു നിയമനങ്ങളിലും പന്തിന് അതൃപ്തിയുണ്ടായിരുന്നു.
തുടർന്നാണ് ഋഷഭ് പന്ത് ക്ലബ്ബ് വിടാമെന്ന തീരുമാനത്തിലെത്തിയത്. ലേലത്തിൽ പോയാൽ ഇന്ത്യൻ വിക്കറ്റ് കീപ്പർക്ക് വൻ തുക തന്നെ ലഭിക്കുമെന്ന് ഉറപ്പാണ്. പഞ്ചാബ് കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിങ്സ് ടീമുകൾക്ക് ഋഷഭ് പന്തിനെ സ്വന്തമാക്കാൻ താൽപര്യമുണ്ട്. 2021 ന് ശേഷം ഐപിഎൽ പ്ലേ ഓഫ് കളിക്കാൻ ഡൽഹി ക്യാപിറ്റൽസിനു സാധിച്ചിട്ടില്ല.
അക്ഷര്‍ പട്ടേൽ, കുൽദീപ് യാദവ്, ട്രിസ്റ്റൻ സ്റ്റബ്സ്, അഭിഷേക് പൊറേൽ എന്നീ താരങ്ങളെയാണ് ഡൽഹി ക്യാപിറ്റൽസ് നിലനിർത്തിയത്. 73 കോടി രൂപ പഴ്സിൽ ബാക്കിയുള്ള ഡല്‍ഹിക്ക് പ്രധാനപ്പെട്ട വിദേശ താരങ്ങളെയടക്കം ലേലത്തിൽനിന്നു കണ്ടെത്തേണ്ടിവരും. അക്ഷറിനെ ക്യാപ്റ്റനാക്കിയില്ലെങ്കിൽ, ലേലത്തിൽ പുതിയ ക്യാപ്റ്റനെയും ഡൽഹിക്കു വാങ്ങേണ്ടിവരും.