സ്പിന്നിനെതിരെ നന്നായി കളിക്കുന്ന സർഫറാസ് എട്ടാമനോ? രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം
Mail This Article
മുംബൈ∙ ന്യൂസീലൻഡിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ താരം സർഫറാസ് ഖാനെ എട്ടാം നമ്പരിൽ ബാറ്റു ചെയ്യാൻ ഇറക്കിയതിൽ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ഫോമിലുള്ള ഒരു താരത്തെയാണ് ഇന്ത്യൻ ടീം ബാറ്റിങ് ക്രമത്തിൽ താഴേക്ക് ഇറക്കിയതെന്ന് സഞ്ജയ് മഞ്ജരേക്കർ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. മുംബൈ ടെസ്റ്റിൽ നാലു പന്തുകൾ നേരിട്ട സർഫറാസ് റണ്ണൊന്നുമെടുക്കാതെ പുറത്തായിരുന്നു.
‘‘ആദ്യ മൂന്നു ടെസ്റ്റുകളിൽ മൂന്ന് അർധ സെഞ്ചറികളുള്ള, ബെംഗളൂരു ടെസ്റ്റിൽ 150 അടിച്ച, സ്പിന്നിനെതിരെ നന്നായി കളിക്കുന്ന ഒരു താരത്തേയാണോ നിങ്ങൾ ലെഫ്റ്റ്–റൈറ്റ് കോംമ്പിനേഷന്‍ ഉറപ്പാക്കാൻ പിന്തള്ളിയത്? ഇത് അസംബന്ധമാണ്. സർഫറാസ് എട്ടാം നമ്പരിൽ ബാറ്റു ചെയ്യാൻ ഇറങ്ങുന്നു! ഇത് ഇന്ത്യയുടെ മോശം തീരുമാനമായിപ്പോയി.’’– സഞ്ജയ് മഞ്ജരേക്കർ വ്യക്തമാക്കി.
സാധാരണയായി നാലാം നമ്പരിലാണ് സർഫറാസ് ഖാൻ ബാറ്റു ചെയ്യാൻ ഇറങ്ങാറുള്ളത്. മുംബൈയിൽ വൈകി ഇറങ്ങിയ സർഫറാസ് നാലു പന്തുകൾ നേരിട്ട ശേഷം റണ്ണൊന്നുമെടുക്കാതെ മടങ്ങുകയും ചെയ്തു. കിവീസ് സ്പിന്നർ അജാസ് പട്ടേലിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ടോം ബ്ലണ്ടൽ ക്യാച്ചെടുത്താണ് സര്‍ഫറാസ് ഖാനെ പുറത്താക്കിയത്.
മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 263 റൺസെടുത്താണു പുറത്തായത്. ശുഭ്മൻ ഗില്ലും (106 പന്തിൽ 70) ഋഷഭ് പന്തും (59 പന്തിൽ 60) ഇന്ത്യയ്ക്കായി അർധ സെഞ്ചറി നേടി. വാലറ്റത്ത് പൊരുതിന്ന വാഷിങ്ടൻ സുന്ദർ 36 പന്തിൽ 38 റൺസെടുത്തു.